അമ്മയിൽ നിന്ന് രാജിവെച്ചവർ സംഘടനക്ക് മരിച്ചു പോയവരോ?; ഇടവേള ബാബുവിനോട് വിധു വിൻസെന്‍റ്

കോഴിക്കോട് നടി ഭാവനയെ കുറിച്ച് ചലച്ചിത്ര താരസംഘടന അമ്മയുടെ ഭാരവാഹി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായിക വിധു വിന്‍സെന്‍റ്. അമ്മയിൽ നിന്ന് രാജിവെച്ചവരൊക്കെ ഈ സംഘടനക്ക് മരിച്ചു പോയവരെ പോലെയാണോയെന്ന് വിധു വിന്‍സെന്‍റ് ചോദിക്കുന്നു. ഭാവനയോടും പൊതുസമൂഹത്തോടും ഇടവേള ബാബു മാപ്പ് പറയണമെന്നും വിധു ആവശ്യപ്പെട്ടു.

ചാരത്തിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിലേക്കും തൊഴിലിലേക്കും പതിന്മടങ്ങ് ഊർജത്തോടെ തിരിച്ചു വന്ന ഒരു പെൺകുട്ടി നമുക്കിടയിലുണ്ട്. നിശ്ശബ്ദയാകാൻ വിസമ്മതിച്ചു കൊണ്ട് ഭൂമി മലയാളത്തിലെ എല്ലാ പെൺകുട്ടികൾക്കുമായി എഴുന്നേറ്റ് നിൽകാൻ ധൈര്യപ്പെട്ട ആ പെൺകുട്ടിയോട് നമ്മളെല്ലാം കടപ്പെട്ടിരിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിധു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പുറപ്പെട്ടു പോകുന്ന വാക്ക് പുറത്തേക്ക് പോയത് തന്നെയാണ്. അതിനി എത്ര ശ്രമിച്ചാലും തിരിച്ചെടുക്കാനാവില്ല. അതിനാൽ തന്നെ ശ്രീ. ഇടവേള ബാബുവിനെ പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആൾ നടത്തിയ 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ' എന്ന പ്രയോഗം എന്തുകൊണ്ടും അസ്ഥാനത്തും അനവസരത്തിലുള്ളതും ആയി പോയി. ശ്രീ. നികേഷ് കുമാറിന്‍റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം നടത്തിയ ഈ പ്രതികരണത്തിന്‍റെ ആഘാതം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും അതിലെ അംഗങ്ങളെയും എത്രത്തോളം ബാധിക്കുമെന്നത് അദ്ദേഹത്തിന് എത്രത്തോളം ബോധ്യമായിട്ടുണ്ടെന്നത് സംശയമാണ്.

AMMAയിൽ നിന്ന് രാജിവെച്ചവരൊക്കെ ഈ സംഘടനക്ക് മരിച്ചു പോയവരെ പോലെയാണോ? ചില നീതി നിഷേധങ്ങളെ കുറിച്ച് ഉറക്കെ പറഞ്ഞാണ് ചിലർ സംഘടന വിട്ടത്. സംഘടനക്കകത്ത് നിന്ന് തന്നെ അതിന് പരിഹാരത്തിന് ശ്രമിക്കണമെന്ന ഉത്തമ ബോധ്യത്തിന്‍റെ പുറത്താണ് ചിലർ അവിടെ തുടർന്നതും. രാജിവച്ച് പുറത്ത് പോയവരെയും രാജി വയ്ക്കാതെ അകത്ത് നിന്നു കൊണ്ട് വിമർശനങ്ങളുന്നയിക്കുന്നവരെയും ചേർത്തു പിടിക്കാനും, കഴിയുമെങ്കിൽ അവർ പുറത്തു നിൽകുമ്പോൾ തന്നെ അവരുമായി ഊർജസ്വലമായ സംവാദങ്ങൾ നടത്താനും കെല്പുണ്ടാവണം ശ്രീ. ബാബു പ്രതിനിധാനം ചെയ്യുന്ന സംഘടനക്ക് എന്നാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത്. സിനിമ എന്ന തൊഴിലിന്‍റെ, സിനിമ എന്ന ഇൻഡസ്ട്രിയുടെ ഭാഗമാണ് അവരെല്ലാവരും. അതു കൊണ്ട് തന്നെ ഇത്തരത്തിലൊരു താരതമ്യ പ്രസ്താവന നടത്തിയതുകൊണ്ട് ഇല്ലാതായി പോകുന്ന സാന്നിധ്യങ്ങളല്ല അവിടെ നിന്ന് രാജിവച്ചവരാരും.

മറ്റൊന്ന് ,രാജിവച്ചവർ ഈ സിനിമയുടെ ഭാഗമാവില്ല എന്നദ്ദേഹം പരസ്യമായി പറയുന്നു. എന്താണ് അതിന്‍റെ അർഥം? രാജിവച്ചവർക്ക്, തങ്ങളുടെ സിനിമയിൽ വിലക്കുണ്ടെന്ന കാര്യം അദ്ദേഹം പരസ്യമായി തന്നെ സമ്മതിക്കുകയല്ലേ ചെയ്യുന്നത്? താരങ്ങളുടെ സംഘടന നിർമ്മിക്കുന്ന സിനിമയിലൂടെ ധനസമാഹരണം നടത്തി കോവിഡ് കാലത്ത് തൊഴിലില്ലാതായി പോയ ആർട്ടിസ്റ്റുകളെ സഹായിക്കുക എന്ന വലിയൊരു ലക്ഷ്യത്തിന്‍റെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട് ഈ താരതമ്യവും മാറ്റി നിർത്തലുമൊക്കെ..

സിനിമ എന്ന കലാരൂപത്തെ കുറിച്ച്, സിനിമ എന്ന തൊഴിലിനെ കുറിച്ച്, സിനിമ എന്ന സാംസ്കാരിക മേഖലയെ കുറിച്ച്, സിനിമക്കകത്തുള്ള ചെറുതും വലുതുമായ പ്രസ്ഥാനങ്ങളെ കുറിച്ച് ഇതിന്‍റെ ഭാഗമായി നില്ക്കുന്നവർ എന്താണ് കരുതിയിരിക്കുന്നത് എന്നൊരു ആത്മവിമർശനം ഇപ്പോഴെങ്കിലും നടത്തുന്നത് നന്നായിരിക്കും. കച്ചവട സിനിമയായാലും ആർട്ട് സിനിമയായാലും സിനിമ ഒരു കലാരൂപമാണ്, അതിനാൽ തന്നെ ഒരു പ്രത്യയശാസ്ത്ര ഉപകരണവുമാണ്.

സാംസ്കാരിക പ്രവർത്തനങ്ങളുടെ തുടർച്ചയോ അനുബന്ധമോ ഒക്കെയാണ് സിനിമ. അതിനാൽ തന്നെ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നവർ, സിനിമാസംഘടനകളുടെ തലപ്പത്തിരിക്കുന്നവർ ഒക്കെ ചില പ്രത്യേക അധികാര നിലകളുള്ളവരാണ്. ആ അധികാരം തന്നെ അവരുടെ വാക്കിനെയും പ്രവൃത്തിയെയും സാമൂഹ്യ ഒാഡിറ്റിങ്ങിന് വിധേയമാക്കുന്നുമുണ്ട്. അതു കൊണ്ട് തന്നെ 'ഓർക്കാതെ' പറഞ്ഞു പോകുന്ന ഓരോ വാക്കിനും നോക്കിനും നമ്മൾ വലിയ വില കൊടുക്കേണ്ടി വരും.

ലോകം മുഴുവനും അതിസങ്കീർണ്ണമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോവുന്ന ഒരു സമയത്ത് 'ഞാനും എന്‍റെ വീട്ടുകാരും മാത്രം' എന്ന മട്ടിലുള്ള മൗഢ്യം കലർന്ന ചിന്തകൾ ഉണ്ടാക്കുന്ന അപകടത്തിന്‍റെ ആഴം ഈ 'ചങ്ങാതികളെ 'ആര് ബോധ്യപ്പെടുത്തും? എല്ലാത്തരം വിയോജിപ്പുകൾക്കിടയിലും അതിനെയൊക്കെ അതിജീവിക്കുന്ന മനുഷ്യത്വം പ്രകടിപ്പിക്കേണ്ട കാലമല്ലേ ഇത്?

ചാരത്തിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിലേക്കും തൊഴിലിലേക്കും പതിന്മടങ്ങ് ഊർജത്തോടെ തിരിച്ചു വന്ന ഒരു പെൺകുട്ടി നമുക്കിടയിലുണ്ട്. നിശ്ശബ്ദയാകാൻ വിസമ്മതിച്ചു കൊണ്ട് ഭൂമി മലയാളത്തിലെ എല്ലാ പെൺകുട്ടികൾക്കുമായി എഴുന്നേറ്റ് നിൽകാൻ ധൈര്യപ്പെട്ട ആ പെൺകുട്ടിയോട് നമ്മളെല്ലാം കടപ്പെട്ടിരിക്കുന്നു. അതിനാൽ പുറപ്പെട്ടു പോയ ഈ വാക്കിന്‍റെ പേരിൽ നിങ്ങൾ അവളോട് മാപ്പ് പറയേണ്ടതുണ്ട്. ഒപ്പം പൊതു സമൂഹത്തോടും.

Tags:    
News Summary - Vidhu Vincent React to Edavela Babu comments against Bhavana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.