16 വർഷങ്ങൾക്ക്​ ശേഷം അന്യന്​ ബോളിവുഡ്​ റീമേക്ക്​; നായകനായി എത്തുന്നത്​ ഈ യുവ താരം

തമിഴ്​ നടൻ വിക്രം അഭിനയിച്ച്​ ബോക്​സ്​ ഓഫീസിൽ വമ്പൻ ഹിറ്റായിരുന്ന ചിത്രമാണ്​ 'അന്യൻ'. 16 വർഷങ്ങൾക്കിപ്പുറവും സൈക്കളോജിക്കൽ ത്രില്ലർ ചിത്രത്തിന്​ സ്വന്തമായൊരു ഫാൻബേസുണ്ട്​. എന്നാൽ ഇപ്പോൾ സിനിമ സ്​നേഹികൾക്ക്​ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്​ ചിത്രത്തിന്‍റെ സംവിധായകനായ ശങ്കർ.

അന്യനിൽ നിന്ന്​ പ്രചോദനം ഉൾകൊണ്ട്​ ചിത്രം വർത്തമാനകാലത്തേക്ക്​ പുനരാവിഷ്​കരിക്കാൻ ഒരുങ്ങുകയാണ്​ ശങ്കർ. ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിൽ രൺവീർ സിങ്ങാണ്​ നായകനായി എത്തുന്നത്​. റീമേക്ക് എന്നതിനു പകരം 'ഒഫിഷ്യല്‍ അഡാപ്റ്റേഷന്‍' എന്നാണ് പ്രോജക്റ്റ് പ്രഖ്യാപന വേളയിൽ​ സാമൂഹിക മാധ്യമങ്ങളിൽ ശങ്കർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്​.

പെൻ മൂവീസിന്‍റെ ബാനറിൽ ജയന്തിലാൽ ഗാഡയാണ്​ ഇനിയും പേരിട്ടിട്ടില്ലാത്ത പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്​. 2022 മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും.

'പാൻ-ഇന്ത്യൻ പ്രേക്ഷകർക്കായി ഈ ചിത്രം ഒരുക്കുന്ന ത്രില്ലിലാണ്​ ഞാൻ. മാത്രമല്ല ശക്തമായ കഥ എല്ലാവരുടെയും ഹൃദയത്തിൽ ഇടം പിടിക്കുമെന്ന് ഉറപ്പുണ്ട്. രാജ്യമെമ്പാടുമുള്ള പ്രേക്ഷകർക്കായി ഉള്ളടക്കത്തിൽ മാറ്റം ആഗ്രഹിക്കുന്ന ഒരു നിർമാതാവിനെ ജയന്തിലാൽ ഗഡയിൽ രൺ‌വീറും ഞാനും കണ്ടെത്തി' -ശങ്കർ പറഞ്ഞു.

2005ൽ പുറത്തിറങ്ങിയ അന്യനിൽ 'മൾടിപ്​ൾ പേഴ്​സനാലിറ്റി ഡിസോഡർ' ബാധിച്ച വ്യക്തിയുടെ വേഷമായിരുന്നു വിക്രം കൈകാര്യം ചെയ്​തിരുന്നത്​​. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകർച്ച കൊണ്ട് വിക്രം ഏവരെയും ഞെട്ടിച്ചു. താരത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്​ അന്യൻ. ഹിന്ദിയിൽ 'അപരിചിത്' തെലുഗുവിൽ 'അപരിചിതുടു' എന്നീ പേരിലും മൊഴിമാറ്റിയിരുന്നു. ചിത്രത്തിന് ​മികച്ച സ്​പെഷ്യൽ എഫക്​ടിനുള്ള ആ വർഷത്തെ ദേശീയ പുരസ്​കാരം ലഭിച്ചിരുന്നു.

സദ, നെടുമുടി വേണു, പ്രകാശ്​ രാജ്​, വിവേക്​, നാസർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ അന്യൻ 53ാമത്​ ഫിലിം ഫെയർ അവാർഡിൽ​​ (സൗത്ത്​) മികച്ച സിനിമ, മികച്ച നടൻ, മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി പുരസ്​കാരങ്ങൾ വാരിക്കൂട്ടി.

റിലീസ്​ സമയത്ത്​ ചിത്രത്തിന്​ കേരളത്തിലും വൻ വരവേൽപായിരുന്നു ലഭിച്ചിരുന്നത്​. ശങ്കറിന്‍റെ കഥക്ക്​ സുജാതയാണ്​ സംഭാഷണങ്ങൾ ഒരുക്കിയത്​. ആസ്‍കാര്‍ ഫിലിംസിന്‍റെ ബാനറില്‍ വി. രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിനായി ഹാരിസ്​ ജയരാജ്​ ഈണമിട്ട ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി.

Tags:    
News Summary - Vikram's Tamil Hit Anniyan's hindi remaking by Shankar Ranveer Singh in lead role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.