അച്ഛൻ ക്രിസ്ത്യൻ, അമ്മ സിഖ്, സഹോദരൻ മാതാപിതാക്കളുടെ അനുവാദത്തോടെ 17ാം വയസിൽ ഇസ്‌ലാം മതം സ്വീകരിച്ചു; വിക്രാന്ത് മാസി

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രത്തിലൂടെ നടൻ വിക്രാന്ത് മാസിയുടെ ജനപ്രീതി വർധിച്ചിട്ടുണ്ട്. 2023 ഒക്ടോബർ 27 ന് റിലീസ് ചെയ്ത ചിത്രം ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും വലിയ ചർച്ചയായിരുന്നു. ഒ.ടി.ടിയിലും മികച്ച കാഴ്ചക്കാരെ ചിത്രം നേടിയിരുന്നു.

ഇപ്പോഴിതാ തന്റെ കുടുംബത്തിലുള്ളവരുടെ മതവിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. അച്ഛൻ ക്രൈസ്തവ വിശ്വാസിയാണെന്നും അമ്മ സിഖുകാരിയാണെന്നും സഹോദരൻ വീട്ടുകാരുടെ സമ്മതത്തോടെ ഇസ്‌ലാം മതം സ്വീകരിച്ചെന്നും നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ സഹോദരൻ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരിൽ ബന്ധുക്കൾ പിതാവിനെ വിമർശിച്ചെന്നും എന്നാൽ  സഹോദരന് പിന്തുണയുമായി അദ്ദേഹം കൂടെ നിന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. കൂടാതെ തന്റെ കുഞ്ഞിനെ യുക്തിവാദം പഠിപ്പിക്കാനാണ് താനും ഭാര്യയും ഉദ്ദേശിക്കുന്നതെന്നും വിക്രാന്ത് വ്യക്തമാക്കി.

'എന്റെ സഹോദരന്റെ പേര് മൊയീൻ, എന്നെ വിക്രാന്ത് എന്നാണ് വിളിക്കുന്നത്. മൊയീൻ എന്ന പേര് നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ ഇസ്‌ലാം മതം സ്വീകരിച്ചു. കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണയായിരുന്നു.‘മകനേ, നിനക്കവിടെ സംതൃപ്തി ലഭിക്കുമെങ്കിൽ നീ മുന്നോട്ട് പോകൂ' എന്നാണ് അന്ന് മാതാപിതാക്കൾ പറഞ്ഞത്. 17ാം വയസിൽ അദ്ദേഹം മതം മാറി. അതൊരു വലിയ ചുവടുവെപ്പായിരുന്നു. തുടർന്നു.

എന്റെ അമ്മ സിഖുകാരിയാണ്. അച്ഛൻ ക്രിസ്ത്യാനിയാണ്. ആഴ്ചയിൽ രണ്ട് പ്രാവശ്യം പള്ളിയിൽ പോകും. കുട്ടിക്കാലം മുതലെ മതവുമായും ആത്മീയതയുമായും ബന്ധപ്പെട്ട ധാരാളം വാദപ്രതിവാദങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. സഹോദരൻ മതം മാറിയതിൽ അച്ഛനെ ബന്ധുക്കൾ ചോദ്യം ചെയ്തിരുന്നു. 'ഇതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല. അവൻ എന്റെ മകനാണ്, അവൻ എന്റെ ചോദ്യങ്ങൾക്കു മാത്രം മറുപടി നൽകിയാൽ മതി, അവന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്'- എന്നാണ് പിതാവ് പറഞ്ഞത്. ഇതെല്ലാം കണ്ടിട്ട്, എന്താണ് മതമെന്ന് എന്റെതായ രീതിയിൽ ഉത്തരത്തിലെത്തി. മതം അത് മനുഷ്യ നിർമിതമാണ്'- വിക്രാന്ത് പറഞ്ഞു.

അടുത്തിടക്കാണ് വിക്രാന്തിനും ഭാര്യ ശീതൾ താക്കൂറിനും പെൺകുഞ്ഞ് ജനിച്ചത്. ദമ്പതികൾ എന്ന നിലയിൽ തങ്ങൾ കുഞ്ഞിനെ യുക്തിവാദം പഠിപ്പിക്കാനും ഉദ്ദേശിക്കുന്നതെന്നും നടൻ അഭിമുഖത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Vikrant Massey’s brother converted to Islam at age of 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.