ഓസ്കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ വിൽ സ്മിത്ത്. ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെ പരിഹസിച്ചുകൊണ്ടുള്ള പരാമർശത്തിന്റെ പേരിലായിരുന്നു വിൽ സ്മിത്ത് ക്രിസ് റോക്കിനെ സ്റ്റേജിലേക്ക് കയറി തല്ലിയത്. പിന്നാലെ ഓസ്കർ സ്വീകരിക്കാൻ പോയ താരം, പുരസ്കാരം വാങ്ങിയതിന് ശേഷമുള്ള പ്രഭാഷണത്തിലാണ് തന്റെ പ്രവൃത്തിയിൽ മാപ്പ് പറഞ്ഞത്.
പൊട്ടിക്കരഞ്ഞ വിൽ സ്മിത്ത് അക്കാദമിയോടും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തന്റെ സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിച്ചു. ''ഈ ബിസിനസിൽ ആളുകൾ നിങ്ങളോട് അനാദരവ് കാണിക്കുകയും നിങ്ങൾ അത് ശരിയാണെന്ന് നടിക്കുകയും വേണം, ഞാൻ അക്കാദമിയോടും നോമിനികളോടും മാപ്പ് ചോദിക്കുന്നു'' -അദ്ദേഹം പറഞ്ഞു.
തനിക്ക് ഓസ്കർ നേടിത്തന്ന റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയും അദ്ദേഹം പ്രഭാഷണത്തിൽ പരാമർച്ചു. 'റിച്ചാര്‍ഡ് വില്ല്യംസ് ഏത് സാഹചര്യത്തിലും തന്റെ കുടുംബത്തെ സംരക്ഷിക്കുന്ന വ്യക്തിയായിരുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഞാന്‍ കരയുന്നത് പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം കൊണ്ടല്ല. കല ജീവിതത്തെ അനുകരിക്കുന്നു. ഞാനൊരു ഭ്രാന്തനായ പിതാവിനെപ്പോലെയായിരിക്കുന്നു, റിച്ചാര്‍ഡ് വില്ല്യംസിനെപ്പോലെ. ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടടപ്പെടുന്ന ഒരാളാണ് ഞാന്‍. അക്കാദമി എന്നെ ഇനിയും ഓസ്‌കറിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- വില്യം സ്മിത്ത് കൂട്ടിച്ചേർത്തു.
മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനായിരുന്നു കൊമേഡിയനും നടനുമായ ക്രിസ് റോക്ക് വേദിയിലെത്തിയത്. വേദിയില്‍ വെച്ച് ക്രിസ് റോക്ക് ജാഡ പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ച് പരിഹാസ രീതിയിലുള്ള പരാമര്‍ശം നടത്തുകയായിരുന്നു. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാഡയെത്തിയത്. അതിനെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്‍റെ പരാമര്‍ശം. ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്‍റെ രൂപവുമായി ജാഡയുടെ രൂപത്തെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. അതോടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്‍റെ മുഖത്തടിക്കുകയായിരുന്നു.
തുടർന്ന് സഹപ്രവർത്തകരിൽ ചിലർ അദ്ദേഹത്തെ സമാധാനിപ്പിക്കാനുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.