വാഷിങ്ടൺ: ഓസ്കര് വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച സംഭവത്തിൽ ഹോളിവുഡ് നടന് വില്‍ സ്മിത്ത് ക്ഷമ പറഞ്ഞു. അവതാരകനും സ്റ്റാൻഡ് അപ് കൊമേഡിയനുമായ ക്രിസ് റോക്കിനോട് പരസ്യമായി മാപ്പു പറയുന്നതായി വില്‍ സ്മിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭാര്യയെ പരിഹസിച്ചപ്പോൾ വൈകാരികമായി പ്രതികരിച്ചതാണ്. തന്റെ പ്രവൃത്തി അംഗീകരിക്കാനാവാത്തതും പൊറുക്കാനാവാത്തതന്നും വില്‍ സ്മിത്ത് വ്യക്തമാക്കി. അക്രമം അതിന്റെ എല്ലാ രൂപത്തിലും വിഷവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രിയിലെ അക്കാദമി അവാർഡിലെ എന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാകാത്തതുമായിരുന്നുവെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി.
തമാശകൾ ജോലിയുടെ ഭാഗമാണ്, പക്ഷെ ജാദയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ വൈകാരികമായി പ്രതികരിച്ചു. ക്രിസ്, നിന്നോട് പരസ്യമായി മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പരിധിക്ക് പുറത്തായിരുന്നു, എനിക്ക് തെറ്റി. ഞാൻ ലജ്ജിക്കുന്നു, എന്റെ പ്രവൃത്തികൾ ഞാനാകാൻ ആഗ്രഹിക്കുന്ന പുരുഷനെ സൂചിപ്പിക്കുന്നില്ല. സ്നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. -വില്‍ സ്മിത്ത് വ്യക്തമാക്കി.
ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ഓസ്കർ പുരസ്കാര ചടങ്ങിനിടെയാണ് മികച്ച നടനുള്ള പുരസ്കാരം നേടിയ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. രോഗിയായ തന്റെ പങ്കാളി ജാദ പിങ്കറ്റ് സ്മിത്തിനെക്കുറിച്ചുള്ള ക്രിസ്സിന്റെ തമാശ അവഹേളനപരമാണെന്ന് പറഞ്ഞാണ് വിൽ സ്മിത്ത് വേദിയിലെത്തി മുഖത്തടിച്ചത്.
ഭാര്യ ജാദ പിങ്കറ്റ് സ്മിത്തിനെ കുറിച്ചുള്ള പരാമര്‍ശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനാണ് ക്രിസ് റോക്ക് വേദിയിലെത്തിയത്. വേദിയില്‍ വെച്ച് ക്രിസ് റോക്ക് ജാദ പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ച് പരാമര്‍ശം നടത്തി. അലോപേഷ്യ രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമര്‍ശം.
ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. ആദ്യം ചിരിച്ചെങ്കിലും ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്റെ മുഖത്തടിച്ചു. തിരിച്ച് ഇരിപ്പിടത്തിലെത്തി ''എന്റെ ഭാര്യയെ കുറിച്ചു നിന്റെ വൃത്തികെട്ട വായ കൊണ്ടൊന്നും പറയരുതെന്ന്'' രണ്ടു തവണ ഉറക്കെപ്പറഞ്ഞു.
ടെലിവിഷൻ തത്സമയ സംപ്രേഷണ ചരിത്രത്തിലെ അമൂല്യമായ നിമിഷമെന്നൊക്കെ പറഞ്ഞ് ക്രിസ് സംഗതി അൽപം ലഘൂകരിച്ചെങ്കിലും ക്ഷുഭിതനായിത്തന്നെ തുടർന്നു വിൽ സ്മിത്ത്. പുരസ്കാരം ഏറ്റുവാങ്ങി വിൽ സ്മിത്ത് ക്ഷമാപണ മട്ടിൽ സംസാരിച്ചെങ്കിലും അവതാരകനായ ക്രിസ് റോക്കിന്റെ പേരെടുത്തു പറഞ്ഞ് മാപ്പു ചോദിച്ചില്ല.
''എനിക്ക് അക്കാദമിയോടും എല്ലാ നോമിനികളോടും മാപ്പു പറയണം. ഇതു സുന്ദരമായ മുഹൂർത്തമാണ്. പുരസ്കാരം ലഭിച്ചതിനല്ല ഞാൻ കരയുന്നത്. കല എന്നത് ജീവിതത്തെ അനുകരിക്കുന്നതാണ്. റിച്ചാർഡ് വില്യംസിനെക്കുറിച്ചു പറയുമ്പോലെ ഞാനും ഒരു ഭ്രാന്തൻ പിതാവിനെപ്പോലെയാണ്. സ്നേഹം നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും...'' കണ്ണീരോടെ വിൽ സ്മിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.