തെലുങ്ക് സിനിമകളിലെ അശ്ലീല നൃത്തചുവടുകള്‍ക്കെതിരെ വനിത കമീഷന്‍; ഇനിയും തുടര്‍ന്നാല്‍ നടപടി

തെലുങ്ക് സിനിമകളിലെ അശ്ലീല നൃത്തചുവടുകള്‍ക്കെതിരെ വനിത കമീഷന്‍; ഇനിയും തുടര്‍ന്നാല്‍ നടപടി

തെലുങ്ക് സിനിമകളിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകൾക്കെതിരെ രൂക്ഷമായ വിമർശനം ഉയര്‍ന്ന സാഹചര്യത്തിൽ വിഷയത്തില്‍ ഇടപെട്ട് തെലങ്കാന വനിത കമീഷൻ. അശ്ലീല ഗാനങ്ങളും രംഗങ്ങളും തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന സംസ്ഥാന വനിത കമീഷൻ മുന്നറിയിപ്പ് നൽകി.

തെലങ്കാന സംസ്ഥാന വനിത കമീഷൻ അധ്യക്ഷ ശാരദ നെരെല്ല അടുത്തിടെയാണ് പാട്ടുകളെക്കുറിച്ച് ആശങ്ക ഉന്നയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ചില ഗാനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകൾ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന നിരവധി പരാതികൾ ലഭിച്ചതായി അവർ പ്രസ്താവനയിൽ അറിയിച്ചു. പരാതികൾ ആശങ്ക ഉയർത്തുന്നുണ്ടെന്നും കമീഷന്‍ വ്യക്തമാക്കി.

'ഈ സാഹചര്യത്തിൽ, ചലച്ചിത്ര സംവിധായകർ, നിർമാതാക്കൾ, നൃത്ത സംവിധായകർ, അനുബന്ധ ഗ്രൂപ്പുകൾ എന്നിവർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. സ്ത്രീകളെ ഇകഴ്ത്തി കാണിക്കുന്ന അശ്ലീല നൃത്തചുവടുകൾ ഉടനടി നിർത്തണം. മുന്നറിയിപ്പ് അനുസരിച്ചില്ലെങ്കില്‍ കർശന നടപടികള്‍ക്ക് വിധേയമാകേണ്ടി വരും. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകാനും സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാനും സിനിമ മേഖലക്ക് ധാർമിക ഉത്തരവാദിത്തമുണ്ട്- ശാരദ നെരെല്ല പറഞ്ഞു.

സിനിമകൾ യുവാക്കളിലും കുട്ടികളിലും ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്ത് സിനിമ വ്യവസായം സ്വയം നിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു. നേരത്തെ ഡാകു മഹാരാജ് എന്ന ചിത്രത്തിലെ ഉര്‍വശി റുട്ടേലയുടെ ഗാന രംഗവും, റോബിന്‍ ഹുഡ് എന്ന ചിത്രത്തിലെ ഗാനവും ഇത്തരത്തില്‍ അശ്ലീല ചുവടുകള്‍ കാരണം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വനിത കമീഷന്‍ ഇടപെടല്‍. 

Tags:    
News Summary - Women's Commission against 'obscene dance moves' in Telugu films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.