അന്നപൂരണി സിനിമ വിവാദത്തിൽ മാപ്പ് പറഞ്ഞ് തെന്നിന്ത്യൻ നായിക നയൻതാര. ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലൂടെയാണ് മാപ്പപേക്ഷയുമായി നയൻതാര രംഗത്തെത്തിയത്. ജയ് ശ്രീറാം എന്ന തലക്കെട്ടിൽ നൽകിയ കത്ത് പോസ്റ്റ് ചെയ്താണ് നയൻതാര വിവാദത്തിൽ ക്ഷമ ചോദിച്ചിരിക്കുന്നത്.
സിനിമയിലൂടെ ആരുടേയും വികാരങ്ങൾ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നയൻതാര പറഞ്ഞു. അന്നപൂരണിയിലൂടെ ഒരു നല്ല സന്ദേശം നൽകാനാണ് താൻ ശ്രമിച്ചത്. സെൻസർ ചെയ്യപ്പെട്ട് മുമ്പ് തിയറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമ ഒ.ടി.ടിയിൽ നിന്നും ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചില്ല. ആരുടേയും വികാരങ്ങൾ വ്രണപ്പെടുത്താൻ താനോ തന്റെ ടീമോ ശ്രമിച്ചിട്ടില്ലെന്നും നയൻതാര പറഞ്ഞു.
പ്രശ്നത്തിന്റെ വ്യാപ്തി എനിക്കറിയാം. ദൈവത്തിൽ വിശ്വസിക്കുന്നയാളും നിരന്തരമായി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന വ്യക്തിയുമാണ് താൻ. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും നയൻതാര പറഞ്ഞു. അന്നപൂരണി സിനിമയിലൂടെ ആളുകളെ പ്രചോദിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. തന്റെ ഇതുവരെയുള്ള സിനിമ ജീവിതത്തിന്റെ ലക്ഷ്യം ആളുകളിൽ പോസിറ്റീവ് ചിന്തയുണ്ടാക്കുകയെന്നതാണെന്നും നയൻതാര കൂട്ടിച്ചേർത്തു.
ഒരു യാഥാസ്ഥിതിക ബ്രാഹ്മൺ കുടുംബത്തിൽ ജനിച്ചു വളർന്ന അന്നപൂർണി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച ഷെഫ് ആകണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതിനായി സഹപാഠിയായ ഫർഹാൻ (ജയ്) മാംസം പാചകം ചെയ്യുന്നതിനും കഴിക്കുന്നതും ഉൾപ്പെടെയുള്ള വെല്ലുവിളികളെ മറികടക്കാൻ അന്നപൂർണിയെ സഹായിക്കുന്നു. നയൻതാരയുടെ കഥാപാത്രം മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടൊരു രംഗവും ചിത്രത്തിലുണ്ട്. ഇതാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. തുടർന്ന് ചിത്രത്തിന്റെ സഹനിർമാതാക്കളായ സീ സ്റ്റുഡിയോ ക്ഷമാപണം നടത്തുകയും നെറ്റ്ഫ്ലിക്സ് അവരുടെ പ്ലാറ്റ്ഫോമിൽ നിന്നും സിനിമ പിൻവലിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.