പാട്ടിലൂടെ തമ്മിൽ അടുത്ത 55കാരനും 18കാരിയും വിവാഹിതരായി. പാകിസ്താനിൽ നിന്നാണ് വ്യത്യസ്തമായൊരു പ്രണയകഥ. ഇവരെ അടുപ്പിച്ചതാകട്ടെ, ബോബി ഡിയോളും റാണി മുഖർജിയും അഭിനയിച്ച ബാദൽ എന്ന ചിത്രത്തിലെ 'നാ മിലോ ഹംസേ സ്യാദാ' എന്ന ഗാനവും. പാകിസ്താനിലെ പ്രമുഖ യൂട്യൂബർ സയിദ് ബാസിത് അലി ഇരുവരെയും ഇന്‍റർവ്യൂ ചെയ്തതോടെയാണ് ഇവരുടെ പ്രണയകഥ പുറംലോകമറിഞ്ഞതും വൈറലായതും.
മസ്കാൻ എന്ന 18കാരിയും ഫാറൂഖ് അഹമ്മദ് എന്ന 55കാരനുമാണ് പാട്ടിലൂടെ തമ്മിലടുത്ത് പുതിയ ജീവിതം തുടങ്ങിയത്. ഒരേ തെരുവിലെ താമസക്കാരായിരുന്നു ഇരുവരും.
സംഗീതത്തോട് അതീവ താൽപര്യമുള്ളയാളായിരുന്നു ഫാറൂഖ് മുഹമ്മദ്. മസ്കാൻ നന്നായി പാടുകയും ചെയ്തിരുന്നു. ഫാറൂഖ് ഇടയ്ക്ക് മസ്കാന്‍റെ വീട്ടിലെത്തി അവളുടെ പാട്ടുകൾ കേൾക്കും. ഇതോടെ, മസ്കാന്‍റെ പാട്ടുകളുടെ ആരാധകനായി മാറി ഫാറൂഖ്. ഇയാൾ പതിവായി മസ്കാന്‍റെ വീട്ടിലെത്തി പാട്ടുകേൾക്കുകയും അവൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുമായിരുന്നു.
ഇത് പതിവായതോടെയാണ് ഫാറൂഖിനോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നത് മസ്കാൻ തിരിച്ചറിയുന്നത്. തന്‍റെ പാട്ടുകളിലൂടെ ഇഷ്ടം അറിയിക്കുകയാണ് അവൾ ചെയ്തത്. ബാദൽ സിനിമയിലെ 'നാ മിലോ ഹംസേ സ്യാദാ കഹി പ്യാർ ഹൊ നാ ജായേ' എന്ന പാട്ട് പാടിയാണ് മസ്കാൻ ഫാറൂഖിന് സൂചനകൾ നൽകിയത്. തുടർച്ചയായി ഈ പാട്ട് തന്നെ പാടികേൾപ്പിച്ചതോടെ ഫാറൂഖിനും കാര്യം മനസിലായി.
ആദ്യം അടുപ്പം പ്രകടിപ്പിച്ചത് മസ്കാൻ ആണെന്നും, എന്നാൽ ഇത് തിരിച്ചറിഞ്ഞതിന് പിന്നാലെ താൻ അവളേക്കാളേറെ അടുത്തുപോകുകയായിരുന്നെന്ന് ഫാറൂഖ് പറയുന്നു. മസ്കാൻ തന്നെയാണ് പ്രണയം ആദ്യമായി തുറന്നുപറയുന്നതും.
തങ്ങളുടെ എല്ലാ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയൽക്കാരുമെല്ലാം ഈ ബന്ധത്തെ എതിർത്തതായി ഫാറൂഖ് പറയുന്നു. എന്നാൽ, എല്ലാ എതിർപ്പുകളെയും അതിജീവിച്ച് ഒന്നിക്കാൻ ഇവർക്കായി.
55 വയസായിട്ടും അവിവാഹിതനായി തുടരുകയായിരുന്നു ഫാറൂഖ്. ദൈവാനുഗ്രഹത്താലാണ് തനിക്ക് മസ്കാനെ കണ്ടെത്താനായതെന്ന് ഫാറൂഖ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.