ദോഹ: സംഗീതലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാമി അവാർഡിന്റെ പടിവാതിൽക്കൽ ഖത്തറിൽനിന്നൊരു മലയാളി സംഗീതപ്രതിഭ.
ഖത്തർ റെസിഡന്റും അമേരിക്കയിൽ പഠനം പൂർത്തിയാക്കി യൂനിവേഴ്സൽ മ്യൂസിക് ഗ്രൂപ്പിൽ പാട്ടെഴുത്തുകാരിയുമായി ജോലി ചെയ്യുന്ന തൃശൂർ സ്വദേശിനി ഗായത്രി കരുണാകർ മേനോനാണ് സംഗീതലോകത്തെ ഓസ്കറായ ഗ്രാമി അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ മലയാളി സാന്നിധ്യമായി ഇടം നേടിയത്.
67ാമത് ഗ്രാമി പുരസ്കാരത്തിന്റെ ആൽബം ഓഫ് ദി ഇയർ ബെസ്റ്റ് ഡാൻസ്/ഇലക്ട്രോണിക് വിഭാഗത്തിൽ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ലോകപ്രശസ്ത സംഗീതജ്ഞൻ സെദ്ദിന്റെ (ആൻസ്റ്റൻ സസ്ലാവ്സ്കി) ‘ടെലോസ്’ ആൽബത്തിലൂടെയാണ് ഗായത്രി മേനോനും ഗ്രാമിയുടെ നേട്ടത്തിനരികെ എത്തിയത്.
പത്തോളം ഗാനങ്ങൾ ഉൾക്കൊള്ളുന്ന ടെലോസിലെ ‘ഔട്ട് ഓഫ് ടൈം’ എന്ന ഗാനം ഗായത്രി ഉൾപ്പെടെ അഞ്ചുപേരാണ് എഴുതി ചിട്ടപ്പെടുത്തിയത്. ജർമൻ സംഗീതജ്ഞനായ സെദ്ദിനൊപ്പം, ബിയാട്രിസ് മില്ലർ, അവ ബ്രിഗ്നോൽ, ദക്ഷിണ കൊറിയക്കാരായ ജിയോ, ച്യായുങ് എന്നിവരാണ് ഗായത്രിക്കൊപ്പം വരികളെഴുതി സംഗീതം നൽകിയത്.
ഈ വർഷം ജൂണിൽ പുറത്തിറങ്ങിയ ഗാനം നാലു മാസത്തിനുള്ളിൽ ഗ്ലോബൽ ഹിറ്റായതിനു പിറകെയാണ് ഗ്രാമി അവാർഡ് പട്ടികയിലും ഇടം നേടിയത്. ഖത്തറിൽ പ്രവാസിയായ തൃശൂർ അടിയാട്ടിൽ കരുണാകർ മേനോന്റെയും, സംരംഭക ബിന്ദു കരുണകരന്റെയും മകളായ ഗായത്രി ദോഹയിലെ ബിർല പബ്ലിക് സ്കൂളിൽ പത്താംതരം വരെ പഠനം പൂർത്തിയാക്കിയാണ് സംഗീതവഴിയിലേക്ക് ഉന്നത പഠനത്തിനായി തിരിഞ്ഞത്.
ആന്ധ്രപ്രദേശിലെ പീപാൽ ഗ്രോവ് സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയശേഷം സംഗീത പ്രേമികളുടെ സ്വപ്നമായ അമേരിക്കയിലെ പ്രശസ്തമായ ബെർക്ലി കോളജ് ഓഫ് മ്യൂസിക്കിൽ ബിരുദ പഠനത്തിനായി എത്തി.
ഗ്രാമി, എമ്മി, അക്കാദമി അവാർഡ് ജേതാക്കളായ പ്രതിഭകൾ അധ്യാപകരായെത്തുന്ന ബെർക്ലിയിലെ പഠനം ഗായത്രിയിലെ സംഗീതജ്ഞയെ തേച്ചുമിനുക്കുന്നതായിരുന്നു. അവിടെനിന്നും നേട്ടങ്ങളോരോന്നായി വെട്ടിപ്പിടിച്ചവൾ ചുരുങ്ങിയ കാലത്തിനുള്ളിൽ ഗ്രാമിയിലും കൈയൊപ്പ് ചാർത്തി.
ദോഹയിലെ സംഗീതവേദികളിൽ സജീവ സാന്നിധ്യമായ പിതാവ് കരുണാകര മേനോന്റെയും, പിതൃസഹോദരിയും തെന്നിന്ത്യൻ ചലച്ചിത്ര താരം അപർണ ബാലമുരളിയുടെ അമ്മയുമായ സംഗീതജ്ഞ ശോഭയെയും പിന്തുടർന്നു തന്നെയായിരുന്നു ഗായത്രിയും പാട്ടിന്റെ വഴി തിരഞ്ഞെടുത്തത്.
മനോഹരമായി പാടിയും ഇംഗ്ലീഷിൽ ഗാനങ്ങളെഴുതിയും തുടങ്ങിയ മകളെ അവളുടെ വഴിയിലേക്ക് രക്ഷിതാക്കളും നയിച്ചപ്പോൾ എത്തിപ്പിടിച്ചത് മലയാളികൾക്കും അഭിമാനമായ ഗ്രാമി പുരസ്കാരത്തിന്റെ നെറുകയിലേക്ക്.
നാമനിർദേശ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതിനു പിറകെ ദോഹയിലെ കുടുംബവീട്ടിലും ഉത്സവത്തിന്റെ നാളുകളായി. അമേരിക്കയിൽനിന്നും മകൾ വിളിച്ച് സന്തോഷം പങ്കുവെച്ചതായി പിതാവ് കരുണാകര മേനോൻ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
ഇനി പുരസ്കാര നിർണയത്തിലെ പ്രധാന ഘട്ടമായ ഫൈനൽ റൗണ്ട് വോട്ടെടുപ്പിനായി കാത്തിരിക്കുകയാണ് ഗായത്രിയും സുഹൃത്തുക്കളും. ഡിസംബർ 12ന് ആരംഭിച്ച് ജനുവരി മൂന്നുവരെ നീളുന്ന വോട്ടെടുപ്പിൽ ലോകത്തെ സംഗീതപ്രതിഭകളാണ് വോട്ട് ചെയ്യുക.
അക്കാദമി അംഗങ്ങൾ, സംഗീതജ്ഞർ, പാട്ടെഴുത്തുകർ, നിർമാതാക്കൾ തുടങ്ങി ലോകത്തെ പ്രഗല്ഭരായ കലാകാരന്മാർക്കു മാത്രമാണ് വോട്ടിങ് അവകാശമുള്ളത്. ശേഷം, ഫെബ്രുവരി രണ്ടിന് ലോസ് ആഞ്ജലസിൽ നടക്കുന്ന അവാർഡ് വിതരണചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം നടക്കുന്നത്.
നാമനിർദേശം നേടി ‘ടെലോസിൽ’ ഔട്ട് ഓഫ് ടൈം, ടാഞ്ചെറിൻ റേയ്സ് എന്നീ രണ്ടു ഗാനങ്ങൾക്കാണ് ഗായത്രിയും വരി എഴുതി ചിട്ടപ്പെടുത്തിയത്. പുറത്തിറങ്ങിയതിനു പിറകെ സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ദശലക്ഷങ്ങൾ ഇവരുടെ പാട്ടുകൾ കേട്ടുകഴിഞ്ഞു.
2020ൽ ബെർക്ലി കോളജ് ഓഫ് മ്യൂസിക്കിന്റെ ‘സോങ്സ് ഫോർ സോഷ്യൽ ചേഞ്ച്’ മത്സരത്തിലും ഗായത്രിയുടെ വരികൾ ഒന്നാം സ്ഥാനം നേടിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബെർക്ലി പഠിതാക്കൾ മാറ്റുരക്കുന്ന ശ്രദ്ധേയ മത്സരമാണിത്.
തുടർന്ന്, 2022ൽ ഗ്രാമി ജേതാവായ പാട്ടെഴുത്തുകാരനും സംഗീതജ്ഞനുമായ റോഡ്നി ജെർകിൻസുമായി ഗായത്രി കരാറിലെത്തിയിരുന്നു. അതിനു പിറകെയാണ്, ആറു തവണ ഗ്രാമി നോമിനേറ്റഡ് സംഗീതജ്ഞനായ സെദ്ദിനൊപ്പം പാട്ടെഴുത്തിനും സംവിധാനത്തിനും കൈകോർത്തത്.
കഴിഞ്ഞ വർഷം ദോഹയിലെത്തി മതാപിതാക്കളെ സന്ദർശിച്ചു മടങ്ങിയ ഗായത്രി, അടുത്തമാസം വീണ്ടും വരാനിരിക്കെയാണ് ഗ്രാമിയുടെ നേട്ടം തേടിയെത്തുന്നത്. ആന്ധ്രപ്രദേശിൽ പഠിക്കുന്ന ഗൗരി കരുണാകര മേനോൻ ആണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.