ബ്ലെസി- പൃഥിരാജ് ചിത്രം ആടുജീവിതത്തിന്റെ ഭാഗമായി പുറത്തിറക്കിയ വിർച്ച്വൽ റിയാലിറ്റി അനുഭവം പകർന്നു നൽകുന്ന ഹോപ്പ് എന്ന മ്യൂസിക്കൽ ആൽബത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഓസ്കാർ ജേതാവ് എ.ആർ റഹ്മാനാണ് ആൽബത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലെസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിട്ടത്.
ആഗോള പ്രേക്ഷകർക്ക് വേറിട്ടൊരനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിന്റെ ഭാഗമായി ഇത്തരം ഒരു നവ്യാനുഭവം ഒരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സുഭാഷ് മാനുവൽ പറഞ്ഞു.
കലാമൂല്യവും സാങ്കേതിക തികവും ചേർന്ന ഒരു മനോഹരമായ കലാസൃഷ്‌ടിയാണ് ഈ ഹോപ്പ് സോങ്ങ്. സംഗീത അനുഭവത്തേക്കാളുപരി പേര് സൂചിപ്പിക്കും പോലെ പ്രതീക്ഷയുടെയും ലോകസമാധാനത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ് ഈ ആൽബം. അഞ്ച് ഭാഷകളുടെ സമ്മിശ്രം കൂടിയാണ് ഈ മനോഹരമായ ഗാനം. വിനോദവും കലാമൂല്യവും സാങ്കേതികതികവും വൈകാരികവുമായ ഒരു തലമാണ് ഇന്ത്യൻ ആസ്വാദകർ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിർച്വൽ റിയാലിറ്റി ആൽബത്തിലൂടെ ഒരുക്കുന്നത്. സാംസ്കാരിക വൈവിധ്യവും ജീവിത യാഥാർത്ഥ്യങ്ങളും സിനിമയുടെ പ്രതീതി നിലനിർത്തി ആഗോള പ്രേക്ഷകരിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. പ്രതീക്ഷയുടെയും ഒത്തൊരുമയുടെയും സന്ദേശമാണ് ആൽബം നൽകുന്നത്. കഥ പറച്ചിലിലെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ ആൽബത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മാർച്ച് 28-ന് പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളിലെത്തും. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.