'ജയകൃഷ്ണനും രാധയും ഒന്നുചേരുമ്പോൾ ഈ പാട്ടായിരുന്നു വേണ്ടത്'; തൂവാനത്തുമ്പികളിൽ പിറക്കാതെപോയ പാട്ടിനെ കുറിച്ച് പത്മരാജന്‍റെ മകൻ അനന്തപത്മനാഭൻ

തൂവാനത്തുമ്പികൾ എന്ന പത്മരാജന്‍റെ ഹിറ്റ് ചിത്രത്തിൽ മനോഹരമായ നിരവധി ഗാനങ്ങളുണ്ട്. ശ്രീകുമാരൻ തമ്പി രചിച്ച് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതം പകർന്ന ഗാനങ്ങൾ. 'ഒന്നാം രാഗം പാടി'യും 'മേഘം പൂത്തുതുടങ്ങി'യുമൊക്കെ മലയാളികൾ എക്കാലവും നെഞ്ചേറ്റുന്ന പാട്ടുകളായി മാറി. എന്നാൽ, ഗസലുപോൽ അതിമനോഹരമായ മറ്റൊരു പാട്ട് തൂവാനത്തുമ്പികൾക്ക് വേണ്ടി ഒരുക്കിയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് പത്മരാജന്‍റെ മകൻ അനന്തപത്മനാഭൻ.

ഒ.എൻ.വി. കുറുപ്പായിരുന്നു സിനിമക്ക് വേണ്ടി ആദ്യം പാട്ടെഴുതിയത്. സിനിമയുടെ ക്ലൈമാക്സിൽ ജയകൃഷ്ണനു രാധയും ഒന്നുചേരുമ്പോൾ വരുന്ന ഒരു മനോഹരമായ ഗാനം ഒരുക്കിയിരുന്നു. എന്നാൽ, നിർമാതാക്കൾ ഉൾപ്പെടെ പലരും സ്ലോ പാട്ടാണെന്ന് പറഞ്ഞതോടെ പാട്ട് മാറ്റി ചെയ്യണമെന്ന് പത്മരാജൻ ഒ.എൻ.വിയോട് പറയുന്നു. അത്രയും നല്ല പാട്ട് മാറ്റിയെഴുതാൻ ഒ.എൻ.വി തയാറായില്ല. അതോടെ ആ പാട്ട് ചിത്രത്തിൽ നിന്ന് ഒഴിവാക്കേണ്ടിവന്നു. പിന്നീടാണ് ശ്രീകുമാരൻ തമ്പി രചിച്ച് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതം പകർന്ന ഗാനങ്ങൾ തൂവാനത്തുമ്പികൾക്ക് വേണ്ടി പിറന്നത്.

അന്ന് ഉപേക്ഷിച്ച ആ പാട്ട് വർഷങ്ങൾക്ക് ശേഷം ഓർമയിൽ നിന്ന് വരികളെടുത്ത് ഗായകൻ ജി. വേണുഗോപാലിനെ കൊണ്ട് പാടിക്കുകയാണ് അനന്തപത്മനാഭൻ. "ഇനി നിൻ മനസ്സിന്‍റെ കൂടുതുറന്നതിൽ ഒരു മിന്നാമിന്നിയെ കൊണ്ടുവെയ്ക്കാം..." എന്ന് തുടങ്ങുന്നതാണ് പാട്ട്. വേണുഗോപാൽ പാടിയത് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ഒരു പാട്ട് കൂടിയുണ്ടെന്നും, അതുകൂടി കണ്ടെടുക്കണമെന്നും പറഞ്ഞുകൊണ്ടാണ് അനന്തപത്മനാഭൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അനന്തപത്മനാഭൻ എഴുതിയത് വായിക്കാം...

ഇതായിരുന്നു ആ പാട്ട് !

"തൂവാനത്തുമ്പികൾ " തിരക്കഥ എഴുതി കഴിഞ്ഞ് ആദ്യം അച്ഛൻ വായിച്ചു കേൾപ്പിക്കുന്നത് കുറുപ്പ് സാറിനെ ആയിരുന്നു. (ഒ.എൻ. വി.) "സാറ് ഭയങ്കര ചിരി ആയിരുന്നു. വളരെ രസകരമായിരിക്കുന്നു എന്ന് പറഞ്ഞു ", അച്ഛൻ വീട്ടിൽ പറഞ്ഞു.

കുറുപ്പ് സാറിന് പാട്ടുകൾ ബോംബെ രവിയെ കൊണ്ട് ചെയ്യിക്കണംന്നായിരുന്നു. പക്ഷേ അന്ന് കാലത്ത് രവിജി. വാങ്ങിയിരുന്നത് ഒരു പാട്ടിന് ഒരു ലക്ഷം രൂപ ! ( മൊത്തം സിനിമയുടെ ബഡ്ജറ്റ് 15-18 ലക്ഷം രൂപ)

അച്ഛന് ആകാശവാണിയിലെ സഹപ്രവർത്തകനായ പെരുമ്പാവൂർ രവീന്ദ്രനാഥിനെ കൊണ്ട് സംഗീതം ചെയ്യിക്കണംന്ന്. ("പാവം, സാധുവാ മേനോൻ " )

ഒടുവിൽ കുറുപ്പ് സർ വഴങ്ങുന്നു. പാട്ട് കമ്പോസ് ചെയ്യുന്നത് തിരുവനനന്തപുരം, dpi ജംഗ്ഷനിലെ ഐശ്വര്യ അപാർട്ട്മെന്റ്സിൽ . (അച്ഛന്റെ ഓഫീസ്.ഇന്ന് വാടകക്ക് കൊടുത്തിയിക്കുന്നു).

വേണുച്ചേട്ടൻ ( ജി. വേണു ഗോപാൽ) ട്രാക്ക് പാടുന്നു.. വൈകിട്ട് ഞങ്ങളെ കാസറ്റിലിട്ട് കേൾക്കിപ്പിക്കുന്നു.

"അർഥി "ലെ "തും ഇത് നാ ജോ മുസ് കുരാ രഹേ ജോ" പോലെ ശ്രവ്യ മധുരമായ ഒരു ഗസൽ . അത് കൂടാതെ ചടുലമായ മറ്റൊരു പാട്ടും.

എന്നാൽ പടം തുടങ്ങും മുമ്പ് പൊതുവിൽ ഒരു അഭിപ്രായം വന്നു. " സ്ലോ ആണ്. ലളിതഗാനം പോലിരിക്കുന്നു. " അന്ന് എന്തോ സർക്കാർ ഉദ്യോഗ സംബന്ധിയായ കാര്യത്തിന് വീട്ടിൽ വന്നു നിന്ന വല്യച്ഛൻ ( അച്ഛന്റെ നേരെ മൂത്ത ആൾ) പത്മധരനെ അച്ഛൻ പാട്ട് കേൾപ്പിക്കുന്നു. [മുമ്പ് അച്ഛൻ ആദ്യം കംപോസ് ചെയ്ത പാട്ടുകൾ നല്ല ഗായകനായ വല്യച്ഛനാണ് പാടിയത്. ബന്ധുവായ ശ്രീകുമാരൻ തമ്പി ചിറ്റപ്പൻ എഴുതി അച്ഛൻ സംഗീതം നിർവഹിച്ച അവരുടെ ക്യാമ്പസ്സാനന്തര കാലം. ജോലി കിട്ടുന്നതിന് 4 മാസം മുമ്പ് ]

- മുതുകുളത്തെ ഒരു ആർട്സ് ക്ലബ്ബ് പരിപാടിക്ക് . ഒരു പാട്ട് അറിവിലുണ്ട് "ചെപ്പോ ചെപ്പോ കണ്ണാടി " .

അത് recreate ചെയ്യണമെങ്കിൽ ഒന്നുകിൽ എൺപതാം വയസ്സിൽ വല്യച്ഛനെ കൊണ്ട് പാടിക്കണം. അല്ലെങ്കിൽ തമ്പിച്ചിറ്റപ്പൻ പാടണം. അതും അല്ലെങ്കിൽ അതിന്റെ ഏറ്റവും ശോചനീയ വേർഷൻ ഞാൻ പാടണം! ഒരിക്കൽ മാത്രം ചിറ്റപ്പൻ പാടി കേട്ടിയ ഓർമ്മയിൽ - (എന്തൊരു വിധി, ആ പാട്ടിന്റെ ! ഗതികെട്ടാൽ അതും ചെയ്യും. Posterity should hear somehow) ]

"ഇനി നിൻ മനസ്സിന്റെ " കേട്ട് വല്യച്ഛൻ പറഞ്ഞു, " നല്ല പാട്ടാ, പക്ഷേ ഒരു പോപ്പുലർ നമ്പർ അല്ല. "

ഇതേ അഭിപ്രായം പിന്നീട് നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നും ഉയരുന്നു. പാട്ട് മാറ്റാൻ തീരുമാനം !

കുറുപ്പ് സാറിന്നോട് അച്ഛൻ "ട്യൂൺ ഉദ്ദേശിച്ച പോലെ വരാത്തത് കൊണ്ട് പാട്ട് ഒന്ന് മാറ്റി ചെയ്യണം" ന്ന് പറയുന്നു.

രോഷാകുലനാകുന്ന സർ , "സാധ്യമല്ലാ " എന്ന് അറുത്ത് മുറിച്ച് പറയുന്നു. അച്ഛന് വിഷമമായി.

ഗുരുവാണ്. യൂണിവേഴ്സിറ്റി കോളേജിൽ സെക്കന്റ് ലാംഗ്വേജിൽ - മലയാളത്തിൽ - പഠിപ്പിച്ചിട്ടുണ്ട്. അത് കൂടാതെ, കോളേജ് മാഗസിനിൽ അച്ഛന്റെ ചെറുകഥ കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മാഗസിൻ കമ്മിറ്റിയിൽ നിന്നും രാജി വെച്ചു പോയ അധ്യാപകൻ. (ആ കഥയാണ് പിന്നീട് കൗമുദി യിൽ വന്ന "ലോല " "മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ കഥ " എന്ന് പിൽക്കാലത്ത് കെ.പി. അപ്പൻ സാർ ശ്യംഖലചാർത്തിയ കഥ )

അന്ന് തൊട്ടുള്ള ആദരവാണ് കുറുപ്പ് സർ !

അന്ന് വൈകിട്ട് അച്ഛൻ അസ്വസ്ഥനായി. പിത്യതുല്യനായ ഒരാളെ മടുപ്പിച്ച വിഷമം നൈരാശ്യം, കുറച്ച് ദേഷ്യം (അപ്പുറത്ത് നിർമ്മാതാക്കളുടെ സമ്മർദ്ദം )

ഐശ്വര്യ അപ്പാർട്ട്മെന്റ്സിന്റെ ബാൽക്കണി തുറന്നിട്ട് അച്ഛൻ വിഷമം തീർത്തു . ആദ്യ കവിത, അവസാനത്തെയും , - " അവളുടെ സന്ധ്യാനാമം."

". അകലെയൊരു പുകനാരുയരുന്നതിൻ മുൻപ് മഴ വന്നു തല്ലി നിൻ ജാലകപ്പാളിമേൽ " -:

ഒറ്റ എഴുത്ത്. (എപ്പോഴും അങ്ങനെ - " ഫയൽവാൻ തിരക്കഥ - 4 ദിവസം ,

"ഉദകപ്പോള " . നോവൽ 9 ദിവസം , "പ്രതിമയും രാജ്കുമാരി " യും നോവൽ 15 ദിവസം . എല്ലാം ഒറ്റ വീർപ്പൊഴുക്കുകൾ !),

പാട്ട് മാറ്റുമ്പോൾ പെരുമ്പാവൂർ പകരം കൈതപ്രത്തെ നിർദേശിക്കുമ്പോൾ ,

"പോരാ , കുറുപ്പ് സാറിന് പകരം നിൽക്കാൻ ഒരു അതിശക്തൻ തന്നെ വേണം. ഞാൻ എന്റെ ഒരു ബന്ധുവിനെ വിളിക്കാൻ പോവുന്നു " . എന്ന് അച്ഛൻ.

ശ്രീകുമാരൻ തമ്പിയെ ക്ഷണിക്കുന്നു , Sreekumaran Thampi പാട്ടെഴുതാൻ.

. ( സ്ഥാനം കൊണ്ട് ആളിയൻ, രണ്ടു വഴിക്ക് )

തുടർന്ന് തമ്പിച്ചിറ്റപ്പൻ വരുന്നു.

.

"രാജന് വിഷമമായത് കുറുപ്പ് സർ പറഞ്ഞ ഒരു വാക്കാണ്. രാജൻ അതെന്നോട് പറഞ്ഞപ്പോൾ , എനിക്കും വിഷമം തോന്നി." (അതെന്തായിരുന്നു എന്ന് ചിറ്റപ്പൻ എന്നോട് വെളിപ്പെടുത്തിയിട്ടില്ല. ഈ നിമിഷം വരെ)

അച്ഛൻ അദ്ദേഹത്തോട് പറഞ്ഞുവത്രെ, "ഇത് ഹിറ്റാക്കുന്നത് എന്റെ ഒരു വാശിയാണ് ""

" ഒന്നാം രാഗം പാടി " യുടെ പിറവി.

ഇപ്പോഴും . തലമുറകളിൽ അത് ഹിറ്റായി തുടരുന്നു.

വർഷങ്ങൾക്കിപ്പുറം കുറുപ്പ് സർ ആ വിഷമം എന്നോട് പറഞ്ഞു,, " of all persons, പത്മരാജൻ എന്നോട് അത് പറയുമെന്ന് കരുതിയില്ല. അത്ര പ്രിയപ്പെട്ട ശിഷ്യനാരുന്നു. അയാളുടെ വിഷയം കെമിസ്ട്രി ആയിരുന്നെങ്കിലും എപ്പഴും എന്റെ വീട്ടിൽ വരും. മകൾ മായയെ ഒക്കെ കുഞ്ഞായിരിക്കുമ്പൊ എടുത്ത് നടക്കും. എനിക്ക് ഒരു മകനെ പോലെ . അതാ വിഷമമായത് !"

പക്ഷേ, അന്ന് ഉപേക്ഷിച്ച ആ പാട്ട് ഇടക്കിടെ വന്ന് അലട്ടും. എത്ര നല്ല പാട്ടാരുന്നു ! . . ജയകൃഷ്ണൻ - രാധ ട്രാക്ക് .

ഇന്ന് ചുമ്മാ ഇരുന്ന് ആ വരികൾ മൂളി,

ഹൊ! എന്തൊരു വരികൾ !

"ഒരു നുള്ള് മണിനെല്ലിതാർക്കു വേണ്ടി

കരുതി വെച്ചൂ കാത്തു കരുതി വെച്ചൂ

കൊത്തിക്കുടഞ്ഞിട്ട മാന്തളിർ കൊണ്ടതിൽ

കൊച്ചൊരു തല്പമൊരുക്കി വെച്ചൂ

നീയാർക്കു വേണ്ടിയുറക്കൊഴിച്ചൂ "

ഓർമ്മയിൽ നിന്ന് തപ്പിയപ്പോൾ വരികൾ "മലയാള സംഗീത " ത്തിൽ കിട്ടി. എന്നാൽ പാട്ടില്ല. അപ്പൊ തന്നെ വേണുച്ചേട്ടനെ വിളിച്ച് ആ വരികൾ അയച്ചു കൊടുത്തു.. അദ്ദേഹം സ്നേഹപൂർവം പല്ലവി പാടി അയച്ചു.

ബാക്കി വരികൾ ഓർമ്മയില്ല !

എന്റെ ഓർമ്മയിൽ നിന്നും ഞാൻ പാടിക്കൊടുത്തു.

സന്‌ധ്യ കഴിഞ്ഞപ്പോ വേണുച്ചേട്ടൻ പാടി അയച്ചപ്പോൾ എന്നിൽ ഒരു കാലം ഒഴുകിപ്പരന്നു.

കണ്ണ് നിറഞ്ഞു .

വേണുച്ചേട്ടൻ എഴുതുന്നു , " ചരണം പപ്പൻ പാടിത്തന്നത് കൊണ്ടാണ് ഞാൻ ഓർത്തത്'"

ദൈവമേ ദൈവമേ എന്തൊരു നിയോഗം !

എഴുതുമ്പോൾ അക്ഷരങ്ങൾ കുതിരുന്നു.

ഇനി ആ നഷ്ടപ്പെട്ട പാട്ട് കൂടി കണ്ടെടുക്കണം. ചിലപ്പൊ നാളെ ഒരു സിനിമയിലൂടെ അത് പുനർജന്മം നേടി ചിരഞ്ജീവി ആയാലൊ !

എന്തിനും ഒരു ജാതകമുണ്ട്. പാട്ടിനും ! 


Full View


Tags:    
News Summary - Anantha padmanabhan about thoovanathumbikal deleted song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.