ഒരു ഫാൻ ബോയ്ക്ക് ഇതിൽപ്പരം എന്തുവേണം? ചെറുപ്പം മുതൽ ആരാധിക്കുന്ന സംഗീതജ്ഞനിൽനിന്നുള്ള നല്ല വാക്കുകൾ. അതും സാക്ഷാൽ എ.ആർ. റഹ്മാനിൽ നിന്ന്. സംഗീതസംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ ഹൃദയം നിറയെ ഇപ്പോൾ റഹ്മാന്റെ വാക്കുകളാണ്. 'ഇന്ത്യയിൽ എല്ലാവരും ഇപ്പോൾ സംസാരിക്കുന്നത് 'ഹൃദയ'ത്തിലെ പാട്ടുകളെ കുറിച്ചാണ്. നീ വിസ്മയമാണ് തീർത്തിരിക്കുന്നത്'. ദുബൈയിൽ വെച്ച് കണ്ടപ്പോൾ ഹിഷാമിന്റെ കരം കവർന്ന് റഹ്മാൻ പറഞ്ഞ വാക്കുകളാണിത്.
റഹ്മാനിൽ നിന്ന് അഭിനന്ദനമേറ്റുവാങ്ങിയ മുഹൂർത്തത്തെ കുറിച്ച് ഹിഷാം തന്നെയാണ് ഫേസ്ബുക്കിൽ കുറിച്ചത്. ഹിഷാമിന്റെ മറ്റൊരു സ്വപ്നം കൂടി സഫലമായ സന്ദർഭമായിരുന്നു അത്. റഹ്മാനൊപ്പം ഒരു ഫോട്ടോ. ഇതിന് മുമ്പ് റഹ്മാനെ കണ്ടപ്പോഴൊന്നും ഒരു ഫോട്ടോയെടുക്കാനുള്ള ധൈര്യം ഇല്ലായിരുന്നു എന്നും ഹിഷാം പറയുന്നു.
'2008ൽ ഒരു വോയ്സ് ടെസ്റ്റിനായി ചെന്നൈയിൽ പോയപ്പോഴാണ് ഞാൻ റഹ്മാൻ സാറിനെ ആദ്യമായി കാണുന്നത്. അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞാൻ വിറക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനുള്ള ധൈര്യവും എനിക്കുണ്ടായില്ല. അതിലുപരിയായി അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ മറ്റെല്ലാം മറന്നു എന്ന് പറയുന്നതാകും ശരി. വർഷങ്ങൾക്കുശേഷം 2014ൽ അദ്ദേഹത്തെ വീണ്ടും കണ്ടെങ്കിലും അന്നും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള ധൈര്യം ഉണ്ടായില്ല. ഇപ്പോൾ വീണ്ടും അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ സ്റ്റേജിൽ കയറി 'ദിൽസേ' എന്ന പാട്ടുപാടുന്ന ആ പഴയ മൂന്നാം ക്ലാസുകാരനായി. അദ്ദേഹത്തിന്റെ എല്ലാ മാസ്മരിക ഗാനങ്ങളും കേട്ട് വളർന്നതും എന്നിലെ സംഗീത സംവിധായകനെ അവ പ്രചോദിപ്പിച്ചതുമെല്ലാം ആ നിമിഷം ഞാനോർത്തു. എന്നെ പ്രചോദിപ്പിച്ചതിന് നന്ദി റഹ്മാൻ സാർ, എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയതിന് നന്ദി.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ' -ഹിഷാം പറയുന്നു. ഈ ജീവിതസ്വപ്നം യാഥാർഥ്യമാക്കിയതിന് ഗായകൻ ശ്രീനിവാസ്, അബ്ദുൽ ഹയ്യൂം എന്നിവരോടുള്ള കടപ്പാടും ഹിഷാം പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.