ഹോളിവുഡ് പാർട്ടിക്കിടെ ഉണ്ടായ അനുഭവം വെളിപ്പെടുത്തി സംഗീത സംവിധായകൻ എ. ആർ റഹ്മാൻ . ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹോളിവുഡിൽ നിന്നുള്ള സ്വീകാര്യതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഓസ്കാർ ലഭിച്ചതിന് ശേഷം അവിടെത്തെ പാർട്ടികൾക്ക് ക്ഷണം ലഭിക്കാറുണ്ട്. വാൾട്ട് ഡിസ്നിയുടെ 90-ാം ജന്മദിനാഘോഷത്തിൽ ക്ഷണം ലഭിച്ചിരുന്നു. പാർട്ടിയിൽ അദ്ദേഹത്തിന്റെ പ്രതിമ ഉണ്ടായിരുന്നു. പ്രതിമക്കൊപ്പം ഒരു സെൽഫി എടുത്തു. ശേഷം ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ , അവിടെയുണ്ടായിരുന്ന 100 പേർ എന്നെ നോക്കുന്നുണ്ടായിരുന്നു. കാരണം അവിടെയുണ്ടായിരുന്ന ഒരേയൊരു ബ്രൗൺ വ്യക്തി ഞാൻ മാത്രമായിരുന്നു'- എ. ആർ റഹ്മാൻ പറഞ്ഞു.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത മറക്കുമാ നെഞ്ചം എന്ന ചിത്രത്തിലെ മറക്കുമാ നെഞ്ചം എന്ന ഗാനമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയത്. വിക്രം പ്രധാന വേഷത്തിൽ എത്തുന്ന കോബ്രക്കായി സംഗീതം ഒരുക്കിയതും എ. ആർ റഹ്മാൻ ആണ്. പുറത്ത് ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഫഹദ് ഫാസിൽ ചിത്രമായ മലയൻ കുഞ്ഞിനും സംഗീത സംവിധാനം നിർവഹിച്ചത് എ. ആർ റഹ്മാനാണ്. 'യോദ്ധ'ക്ക് വേണ്ടിയാണ് ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്. പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിനും സംഗീതം ഒരുക്കുന്നത് റഹ്മാൻ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.