അപ്പുവിനെ അറിയാമോ നിങ്ങൾക്ക്...? അറിയാൻ വഴിയില്ല; അതൊരു ഓമനപ്പേരാണ്...ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പിനെയെങ്കിലും അറിയാമോ? ചിലർക്കെങ്കിലും മനസ്സിലായെങ്കിലും ഈ പേരധികം നാം കേട്ടിട്ടില്ലല്ലോ... എന്നാൽ, ഒ.എൻ.വി എന്ന മൂന്നക്ഷരം കേട്ടാൽ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. മലയാളത്തിന്റെ പ്രിയപ്പെട്ട കവി. നമ്മുടെയെല്ലാം ഒ.എൻ.വി. കുറുപ്പ്. അദ്ദേഹത്തെ വീട്ടിൽ വിളിച്ചിരുന്നത് അപ്പു എന്നാണ്. അപ്പുവിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1931ലാണ് ഒ.എൻ.വിയുടെ ജനനം. മാതാപിതാക്കളുടെ മൂന്നു മക്കളിൽ ഇളയവനായിരുന്നു. കൊല്ലം ജില്ലയിലെ ചവറയാണ് അദ്ദേഹത്തിന്റെ സ്വദേശം. ആദ്യം പേര് ചൊല്ലി വിളിച്ചത് പരമേശ്വരൻ എന്നായിരുന്നെങ്കിലും സ്കൂളിൽ ചേർത്തപ്പോളത് ഒ.എൻ. വേലുക്കുറുപ്പെന്നായി. അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരായിരുന്നു അത്.
പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ഹൈസ്കൂൾ പഠനം ശങ്കരമംഗലത്തും. കൊല്ലം എസ്.എൻ കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും. പഠനകാലത്ത് എ.ഐ.എസ്.എഫിന്റെ നേതാവായിരുന്നു. 1989ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ, ഇടതുസ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒ.എൻ.വിയുടെ വരികൾ നമ്മുടെ ചുറ്റുപാടുകളെ എത്രമേൽ സ്വാധീനിച്ചു എന്ന് മനസ്സിലാകാൻ ആ വരികളൊന്നു മൂളിയാൽ മതി. കവിതയെഴുത്തിന്റെ തിരശ്ശീലയിൽ മതിമറന്നെഴുതിയ മലയാളത്തിന്റെ കവിയാണ് ഒ.എൻ.വി. ആരെയും ഭാവഗായകനാക്കുന്ന വരികളാണ് നമുക്കദ്ദേഹം സമ്മാനിച്ചത്.
‘‘ആരെയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ...’’ കവി അങ്ങനെയാണ്. ഓരോ വരിയിലും മനസ്സിനെ പിടിച്ചുനിർത്തും. ആ വരികൾ നമ്മെ ഒരു ഗായകനാക്കും. ചില പാട്ടുകൾ കേട്ടാൽ നമ്മളതിൽ ലയിച്ചുപോവാറില്ലേ. അതുപോലെ അഭൗമ സൗന്ദര്യംകൊണ്ട് മതിമറക്കുന്നതാണ് ഒ.എൻ.വി എഴുതിയ ഗാനങ്ങൾ.
‘‘മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി
മഞ്ഞക്കുറിമുണ്ടു ചുറ്റി...
ഇന്നെന്റെ മുറ്റത്തു പൊന്നോണപ്പൂവേ നീ
വന്നൂ ചിരിതൂകിനിന്നൂ... വന്നൂ ചിരിതൂകി നിന്നു
ഓ... ഓ... വന്നു ചിരിതൂകി നിന്നു...’’ മലയാളത്തിന്റെ പെൺകൊടിയെ ഇത്ര മനോഹരമായി ആവിഷ്‍കരിച്ച വരികൾ ഒ.എൻ.വിക്കല്ലാതെ മറ്റാർക്കാണ് എഴുതാൻ സാധിക്കുക. ഇതുപോലെ ജീവിതഗന്ധിയായ ഒട്ടേറെ പാട്ടുകൾ നമുക്ക് വരദാനമായിത്തന്ന കവിക്കേകാം സ്നേഹാദരം...
‘‘ശരദിന്ദു മലർദീപ നാളം നീട്ടി
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി’’...
കാലാതീതമായി സഞ്ചരിക്കുന്നവയാണ് മിക്ക ഗാനങ്ങളും. അതിൽ സാമൂഹിക ചുറ്റുപാടുകളുടെ പ്രതിബിംബം കാണാം. മലയാളത്തെ വാനോളമുയർത്തിയ കവി ജ്ഞാനപീഠ അവാർഡടക്കം നിരവധി ദേശീയ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. സാമൂഹികമായ മാലിന്യത്തെക്കുറിച്ച് വ്യഥയോടെ നോക്കിക്കണ്ട കവി, അതപ്പാടെ വരികളാക്കി നമ്മെ ഉപദേശിക്കാനും മടിച്ചില്ല. കാൽപനികതയിൽ സ്വന്തമായ ശൈലിയിൽ പാട്ടെഴുതിയ മഹാത്മാവാണ് ഒ.എൻ.വിയെന്ന് നിസ്സംശയം പറയാം.
‘‘ഒരുവട്ടം കൂടിയെന്നോർമകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാൻ മോഹം’’...ഈ വരികളത്രയും ഓരോ മനുഷ്യന്റെയും ജീവിതയാത്രയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. മനുഷ്യന്റെ മോഹങ്ങൾ ഓരോന്നും പറഞ്ഞ വരികൾ മലയാളിക്ക് മറക്കാനാകുമോ...
‘‘പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ’’...
സ്ത്രീസൗന്ദര്യം ഇത്രയേറെ മനോഹരമായെഴുതി അവതരിപ്പിച്ച ഒ.എൻ.വിപ്പാട്ടുകൾ നമ്മുടെ കാവ്യവസന്തത്തിൽ ഒരു നീർമാതളം പൂത്തപോലെ മനസ്സിൽ സൗരഭ്യം പകർത്തും. ‘നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന ചിത്രത്തിനുവേണ്ടി ഒ.എൻ.വി എഴുതിയ വരികളാണിത്. ജീവസ്സുറ്റ വരികളും പ്രകൃതിയോടിണങ്ങുന്ന മനോഹാരിതയും കവിയുടെ വരികൾക്ക് ഉത്തേജനം നൽകുന്നുണ്ട്.
ഒ.എൻ.വി ഗാനരചന ആരംഭിച്ചത് ബാലമുരളി എന്നപേരിലായിരുന്നു. ‘ഗുരുവായൂരപ്പന്‍’ എന്ന സിനിമ മുതലാണ് ഒ.എൻ.വി എന്ന പേരിൽ എഴുതിത്തുടങ്ങിയത്. 230ലധികം സിനിമകളിലായി 930ലധികം ഗാനങ്ങളെഴുതി. ഗാനരചനക്കുള്ള സംസ്ഥാന അവാർഡ് 13 തവണ നേടിയിട്ടുണ്ട്. ജ്ഞാനപീഠവും പത്മശ്രീയും പത്മവിഭൂഷണും ഓടക്കുഴൽ അവാർഡും എഴുത്തച്ഛൻ പുരസ്കാരവും കേരള-കേന്ദ്രസാഹിത്യ അക്കാദമി അവാർഡും തുടങ്ങി ധാരാളം അവാർഡുകൾ നമ്മുടെ പ്രിയ കവി നേടിയിട്ടുണ്ട്. അതിലൊക്കെ വലുതാണല്ലോ മലയാളി ഉള്ളിടത്തോളം ഒരു കവി ഓർമിക്കപ്പെടുക എന്നുള്ളത്.
‘‘ആത്മാവിൽ മുട്ടിവിളിച്ചതുപോലെ’’ എന്നു തുടങ്ങുന്ന ഒ.എൻ.വി വരി നമ്മുടെ മനസ്സിന്റെ ആത്മാവിനെയാണ് തൊട്ടുണർത്തുന്നത്. മലയാൺമയുടെ മാധുര്യം കിനിഞ്ഞിറങ്ങുന്ന ഇതുപോലുള്ള വരികൾ നമുക്ക് അനുഭവവേദ്യമാക്കിയ കവിക്ക് നൽകാം ആദരാഞ്ജലികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.