ഗാനമെഴുതിയയാൾ ഒരിടത്ത്, ഈണമിട്ടയാൾ മറ്റൊരിടത്ത്, ആശയം പകർന്നുകൊടുത്തയാൾ വേറൊരിടത്ത്. കോവിഡിനെ ചെറുക്കാൻ ശരീരം കൊണ്ട് അകന്നിരിക്കുന്നവർ മനസ്സ് കൊണ്ടടുത്ത് ലോകം മുഴുവൻ സുഖം പ്രാപിക്കാനുള്ള പ്രാർഥനാഗീതമൊരുക്കിയ കഥയാണ് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ഈണം പകർന്ന 'അവനി വാഴ്വ് കിനാവ്' എന്ന സംഗീത വീഡിയോ പറയുന്നത്. 'ആനന്ദമേ, ഈ ലോകമേ, വായ്മൂടി നീയും മൗനം...' എന്നുതുടങ്ങുന്ന ഗാനം ജീവിതത്തിലെ ഏത് കഠിനമായ പ്രശ്നത്തിനും പരിഹാരമുണ്ടെന്ന സന്ദേശമാണ് നൽകുന്നത്.
സിനിമ നിർമ്മാതാവും വ്യവസായിയുമായ ജോളി ജോസഫിന്‍റെ മനസ്സലുദിച്ച ആശയമാണ് ഇപ്പോൾ വളരെ പോസിറ്റീവ് എനർജി നൽകുന്ന, നന്മയുടെ സംഗീതമായി പുറത്തെത്തിയിരിക്കുന്നത്. ഈ ആശയത്തിന് ചുവടുപിടിച്ച് അജീഷ് ദാസൻ വരികളെഴുതി. അതിന് സ്റ്റീഫൻ ദേവസ്സി ഒരുക്കിയ അഞ്ചാറ് കോമ്പോസിഷൻസിൽ ഒരെണ്ണം തെരഞ്ഞെടുക്കുകയായിരുന്നു. ഹരിചരൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്റ്റീഫന്‍ ദേവസ്സിയും നടൻ കൈലാഷും സംഗീത സംവിധായകൻ ബിജിബാലും ആണ് ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
'ഏകദേശം ഒന്നര വർഷമായി കോവിഡ് ക്വാറന്‍റീൻ രംഗത്ത് പ്രവർത്തിക്കുന്ന ഞാൻ ഒരുപാട് നഷ്ടപ്പെട്ട ജീവിതങ്ങൾ കണ്ടു. നാളെ നന്നാവും എന്ന ശുഭ പ്രതീക്ഷയോടെ ജീവിക്കുന്ന ഒരുപാട് ആളുകളെ കണ്ടു. ഭയമില്ലാതെ, ഒന്നും നേടാനില്ലാതെ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് നല്ല ജന്മങ്ങളെയും കണ്ടു. അങ്ങിനെയാണ് നാടിന്‍റെ അവസ്ഥ മനസ്സിലാക്കി നാളത്തെ പൊൻപുലരിയെ പ്രതീക്ഷിക്കുന്ന ഒരു പാട്ട് എന്ന ആശയം മനസ്സിലുയർന്നത്' -പാട്ട് ഒരുങ്ങിയതിന്‍റെ വഴികളെ കുറിച്ച് ജോളി ജോസഫ് പറയുന്നു.
അജീഷ് ദാസന്‍റെ വരികൾക്ക് സ്റ്റീഫൻ ഈണം പകർന്നതോടെ നടൻ കൈലാഷും എം.ജി. സർവകലാശാലയിൽ അധ്യാപകനായ അജു കെ. നാരായണനും പാട്ട് യാഥാർഥ്യമാക്കാൻ ജോളിക്കൊപ്പം ചേരുകയായിരുന്നു. ആര് പാടും എന്നതായി പിന്നെ ചിന്ത. അവസാനം മലയാളത്തിലെ ഒരു വലിയ പാട്ടുകാരനിൽ ഉറപ്പിച്ചു. ഇന്ത്യയിലെ പല ഭാഗത്തുള്ള അണിയറപ്രവർത്തകർക്ക് കോവിഡ് മൂലം റെക്കോർഡിങ് നടത്തിയെടുക്കാൻ ബുദ്ധിമുട്ടായി. ഒരു പ്രത്യേക സാഹചര്യത്തിൽ ആ ഗായകനെ ഒഴിവാക്കേണ്ടിയും വന്നു. അതിനിടയിൽ എല്ലാവരും പല ദിക്കിലായി. ലോക്ഡൗൺ മൂലം എല്ലാം പിന്നെയും വൈകി.
അങ്ങിനെയിരിക്കെ ഒരു ദിവസം സ്റ്റീഫൻ ഹരിചരണിനെയും വീണയുടെ ഉസ്താദ് രാജേഷ് വൈദ്യയും ഒരുമിപ്പിച്ച് ചെന്നൈയിൽ വെച്ച് പാട്ട് റെക്കോർഡ് ചെയ്തു. ചിത്രീകരണം പക്ഷേ, പിന്നെയും വൈകി. നാലഞ്ച് തിരക്കഥകൾ മാറ്റി എഴുതിയപ്പോഴാണ് സുധി അന്നയും ആഷിക് അബുവിന്‍റെ 'നാരദന്‍റെ' ക്യാമറാമാൻ സുശാന്ത് ശ്രീനിയും രംഗത്തേക്കു വന്നത്. സുശാന്ത് വഴി എഡിറ്റർ അരുൺ രവിയും എത്തി. ആഗ്രഹിച്ച ലൊക്കേഷനുകളിൽ പോകാൻ സാധിക്കാതെ ഇൻഡോർ ഷൂട്ടിങ് പ്ലാൻ ചെയ്തു. മുംബൈയിൽ നിന്ന് സ്റ്റീഫൻ വന്ന ദിവസം ലൊക്കേഷൻ ഏരിയ കണ്ടയ്ൻമെന്റ് സോണായി. അടുത്ത ലൊക്കേഷൻ നടൻ ജൈസ് ജോസ് വഴി ശരിയാക്കിയെങ്കിലും ഷൂട്ടിങ്ങിന്‍റെ ദിവസം വരാമെന്നേറ്റ ഒരു വലിയ നടൻ വന്നില്ല. അതിനിടയിൽ ബിജിബാൽ വന്നതോടെ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു.
സ്റ്റീഫന്‍റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത് 'അവനി വാഴ്വ് കിനാവ്' ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ കേൾവിയിൽ തന്നെ പാട്ട് മനസ്സിൽ പതിയുന്നു എന്നാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. പാട്ടിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിന്‍റെയും നിരവധി പ്രമുഖർ പങ്കുവെക്കുന്നതിന്‍റെയും സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. 'ജീവിതം ഒരു റുബിക്സ് ക്യൂബ് പോലെയാണെന്നാണ് ഈ പാട്ട് പറയുന്നത്. എങ്ങിനെയൊക്കെ ക്രമം തെറ്റിയാലും അത് ശരിയായ പാതയിൽ എത്തിച്ചേരും. എല്ലാം അതിേന്റതായ ഇടം കണ്ടെത്തും. ആ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ച്, നമ്മൾ ക്ഷമയോടെ കാത്തിരിക്കുകയാണ്വേണ്ടത്' -ജോളി ജോസഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.