അന്തരിച്ച ഗായകൻ എം.എസ്. നസീമിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. മനസ്സിൽ അസൂയ എന്ന വിഷം തീണ്ടിയിട്ടില്ലാത്ത അപൂർവ്വം സുഹൃത്തുക്കളിലൊരാളായിരുന്നു നസീമെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. എത്രയോ പുതുമുഖങ്ങളെ തനിക്ക് പരിചയപ്പെടുത്തിയ നസീമിനെ ഒരു പാട്ടിൽ പോലും പെടുത്തുവാൻ കഴിയാതെ പോയതിന്‍റെ ദു:ഖവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
എല്ലാം പെട്ടന്നായിരുന്നു.... രണ്ടാഴ്ച മുൻപ് ഞാൻ നസീമുമൊത്തുള്ള ഒരു ഫോട്ടോ ഇഷ്ട്ടന്റെ വാട്ട്സാപ്പിൽ അയച്ചിട്ട് ഒരു അടിക്കുറിപ്പെഴുതി ....
."എങ്ങനുണ്ട് നസീമേ ?" എന്ന് .
അതിനു മറുപടിയായി നസീമിന്റെ ഭാര്യ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത് നസീം ആശുപത്രിയിലാണെന്ന് ....ഏറെ നാളുകളായി നസീം ആശുപത്രിയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരീക്ഷണത്തിലായിരുന്നതുകൊണ്ട് ഞാൻ അതത്ര ഗൗരവമായി കണ്ടില്ല . എന്നാൽ ഇന്ന് രാവിലെ ടി വി യിൽ മരണവാർത്ത അറിഞ്ഞപ്പോൾ .....
.ഓർക്കാൻ എനിക്കൊരുപാടുണ്ട് നസീമിനെക്കുറിച്ചു ....ആദ്യമായി കണ്ടത് എന്നാണെന്നോ എവിടെ വെച്ചെന്നോ നിശ്ചയമില്ല . എന്നാൽ ആദ്യം കണ്ട നിമിഷം നിമിഷം തന്നെ എന്റെ മനസ്സിൽ പതിഞ്ഞത് നസീമിന്റെ "പിശുക്കില്ലാത്ത ചിരി' യാണ് . ആ ചിരിക്കു അകമ്പടിയായി മില്ലിലെ ഗോതമ്പു പൊടിക്കുന്ന ഒരു തരം ഇരമ്പൽ ശബ്ദവുമുണ്ടാവും
(ബാലചന്ദ്ര മേനോൻ എം.എസ്. നസീമിനൊപ്പം. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം)
..ഒരിക്കൽ ഞാൻ ചോദിച്ചു :'എന്തിനാ നസീമേ നിങ്ങൾ പറയുമ്പോഴും പാടുമ്പോഴും ഇങ്ങനെ വെളുക്കെ ചിരിക്കുന്നെ ? എല്ലാ പല്ലും ഇപ്പോഴും ഉണ്ടെന്നറിയിക്കാനാണോ ?
നസീം പറഞ്ഞു :
"എനിക്കിങ്ങനെയെ പറ്റൂ "
ശരിയാണ് .ആ ചിരി സത്യസന്ധമായ ചിരി ആയിരുന്നു . മനസ്സിൽ അസൂയ എന്ന വിഷം തീണ്ടിയിട്ടില്ലാത്ത ഒരു അപൂർവ്വം സുഹൃത്തായിരുന്നു നസീം .അല്ലെങ്കിൽ 'പാടാനെന്തു സുഖം " എന്ന പേരിൽ ജയചന്ദ്രൻ ഗാനങ്ങളെ ഞാൻ ആലപിക്കുന്ന ഒരു മ്യൂസിക് ആൽബത്തിന്റെ റീകാർഡിങ് വേളയിൽ ഗായകനായ നസീം എന്തിനു രാവും പകലും എനിക്ക് ഉണർവ്വും ഊർജ്ജവും പകർന്നു കൂട്ട് തന്നു ?
കാരണം ഒന്നേയുള്ളു . ഒന്നാമത് ,എന്നോടുള്ള ഇഷ്ട്ടം ...പിന്നെ പാട്ടിനോടുള്ള പെരുത്ത ഇഷ്ട്ടം. കഴക്കൂട്ടത്തെ വീട്ടിലെ ആ കൊച്ചു സ്റ്റുഡിയോയിൽ പാടിയും പറഞ്ഞും ഞങ്ങൾ ഇരുന്ന നിമിഷങ്ങൾ .....
യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ ചെയർമാൻ ആയിരിക്കുമ്പോൾ നസീം അർട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു ...ഒരു ജനകീയ ഗായകൻ എന്ന നിലയിൽ നസീം ഏവർക്കും അന്നേ സർവ്വ സമ്മതനുമായിരുന്നു കോളേജിലെ മരച്ചോട്ടിലും കാന്റീനിലും ഒക്കെ ഇരുന്നു എത്ര തവണ "ഞാൻ സംവിധാനം ചെയ്യും നസീമേ" എന്ന് ഈയുള്ളവൻ പ്രഖ്യാപിച്ചിട്ടുണ്ട് !
ആലപ്പുഴയിൽ വെച്ച് നടന്ന ഇന്റർ കോളേജിയേറ്റ് നാടക മത്സരത്തിൽ യൂണിവേഴ്സിറ്റി കോളേജിനെ പ്രതിനിധീകരിച്ചു " ബാലികേറാമല ' എന്ന നാടകവുമായിപോയ സംഘത്തിലും നസീം ഉണ്ടായിരുന്നത് ഞാൻ ഓർക്കുന്നു . കാറിനുള്ളിൽ കണ്ട പൂച്ച എന്തിനെന്നു നസീം ചോദിച്ചുകൊണ്ടേയിരുന്നു ."ഒക്കെയുണ്ട്" എന്ന് ഞാൻ ഉഴപ്പി പറഞ്ഞപ്പോഴൊക്കെ നസീം അന്തം വിട്ടിരുന്നു .ഒടുവിൽ 'ബീന' എന്ന പൂച്ചയാണ് എന്റെ നാടകത്തിലെ നായിക എന്ന് പറഞ്ഞപ്പോൾ നസീമിന്റെ മുഖത്തു കണ്ട ആ ചിരിയും മില്ലിലെ ശബ്ദവും ' ഇന്നലെത്തതു പോലെ എന്റെ മനസ്സിൽ ....
സംഗീത സംവിധായകൻ ജോൺസൻ പറഞ്ഞിട്ടാണ് മാർക്കോസിനെ 'കേൾക്കാത്ത ശബ്ദത്തിൽ ' ഞാൻ പാടിച്ചത്...വേണുനാഗവള്ളിയുടെ ശുപാർശയിലാണ് 'എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി' എന്ന ചിത്രത്തിൽ ബാലഗോപാലൻ തമ്പി എന്ന പുതു ഗായകൻ വരുന്നത്
...എന്നിട്ടും നസീമേ നിങ്ങൾക്ക് വേണ്ടി ആരും എന്നോട് ശുപാർശ ചെയ്തില്ലല്ലോ ....വേണ്ട , എത്രയോ പുതുമുഖങ്ങളെ പരിചയപ്പെടുത്തിയ നിങ്ങളെ ഒരു പാട്ടിൽ പോലും പെടുത്തുവാൻ എനിക്ക് കഴിയാതെ പോയല്ലോ ....ഇത്രയും സ്വാതന്ത്ര്യമുണ്ടായിട്ടും നിങ്ങളും എന്നോടു പറഞ്ഞില്ലല്ലോ ..... ....അതാണ് പഴമക്കാർ പണ്ടേ പറഞ്ഞത് , കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് ...
അക്കാര്യത്തിൽ ഇപ്പോൾ എനിക്ക് അനല്പമായ ദുഖമുണ്ട് ചങ്ങാതി എന്നോട് ക്ഷമിക്കുക .
ഏതാനും മണിക്കൂറുകൾക്കുള്ളിൽ നസീം ഒരു യാത്രക്ക് പോവുകയായി.. ....ഒരുപാട് തവണ നസീം ആ യാത്ര പാടി പാടി ആഘോഷിച്ചിട്ടുമുണ്ട് ..
"മധുരിക്കും... ഓർമ്മകളെ ..മലർമഞ്ചൽ കൊണ്ടുവരൂ..... കൊണ്ടുപോകൂ ..... ഞങ്ങളെ ...ആ ....മാഞ്ചുവട്ടിൽ ....മാഞ്ചുവട്ടിൽ.." .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.