കെ.എസ്. ചിത്ര

'ശ്രുതി'യിലലിഞ്ഞ ഒരു പാട്ടോർമയിൽ

അന്ന് ചിത്രയുടേത് ഇന്നത്തേക്കാൾ ഇളം ശബ്ദമായിരുന്നു. സിന്ധുഭൈരവിയിലെ 'പാടറിയേൻ പഠിപ്പറിയേ'നും, നഖക്ഷതങ്ങളിലെ 'മഞ്ഞൾപ്രസാദ'ത്തിനും 1986ലും 87ലും തുടർച്ചയായി ദേശീയ പുരസ്കാരം നേടിയതിനു ശേഷം, 89ൽ വീണ്ടും വൈശാലിയിലെ 'ഇന്ദുപുഷ്പ'ത്തിനും ചിത്ര തന്നെ രാജ്യത്തെ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട സമയം.

സൗത്ത് ഇന്ത്യൻ സെൻസേഷനായി പേരെടുത്തു നിൽക്കുകയാണവർ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ തിരക്കോടു തിരക്ക്. ഒരു ദിവസം തന്നെ മൂന്നും നാലും റെക്കോർഡിങ്ങുകൾ! അതിനിടയിലുള്ള ഒരു ഇടവേളയിലാണ്, ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള അവരുടെ പുതിയ വസതിയിൽ അഭിമുഖത്തിന് അനുവാദം ലഭിച്ചത്.


ഉച്ചക്ക് കൃത്യം ഒരുമണിക്ക് ഞാൻ ചിത്രയുടെ വീട്ടിൽ എത്തിയിരിക്കണം എന്നായിരുന്നു മാനേജരുടെ നിബന്ധന. നാഗത്തമ്മൻ കോവിലിനടുത്താണ് വീട്, അവിടെയെത്തിയാൽ ആരോടെങ്കിലും ചോദിച്ചാൽ മതിയെന്നും. പന്ത്രണ്ടരക്ക് സാലിഗ്രാമത്തിലെ നാഗത്തമ്മൻ ക്ഷേത്രത്തിനു മുമ്പിലെത്തി. ആ കോവിലിൽനിന്ന് പ്രാർഥന കഴിഞ്ഞു വരുന്ന ഒരു തമിഴൻ ഭക്തനോട് ചിത്രയുടെ വീട് അന്വേഷിച്ചു. 'പാടകി ചിത്രാവെ തെരിയാതാ? അവർ റൊമ്പം പുകഴ്പെട്രവർ', ഞാൻ ഭക്തനോട് സൗമ്യമായി ചോദിച്ചു.

പാടകി (പാട്ടുകാരി) ചേർത്തു ചിത്രയെന്നു കേട്ടതുകൊണ്ടാണെന്നു തോന്നുന്നു, ഭക്തൻ പെട്ടെന്ന് പ്രതികരിച്ചു.

'ചിന്നക്കുയിൽ ചിത്രാവാ...?' ഭക്തൻ ആവേശത്തോടെ എന്നോടു 'കേട്ടു'. 'അതെ, അന്ത ചിത്ര താൻ' എന്നു ഞാൻ മറുപടി കൊടുത്തു.

ഉടനെ ക്ഷേത്രത്തിന്‍റെ മുന്നിൽ തന്നെയുള്ള ഒരു ജങ്ഷൻ ഭക്തൻ ചൂണ്ടിക്കാണിച്ചു. 'ഇന്ത സന്തിൽ നിൻട്ര് റൈറ്റ് പോക വേണ്ടിയത്. ലെഫ്റ്റ് പാത്താ, അങ്കെ, മലയാളത്താൻ പാർവൈയിൽ മുടിച്ച അഴകാന കെട്ടിടം ഒൺട്രു പാക്ക മുടിയും. അതു താൻ അവർ വസതി'- ഭക്തന്‍റെ വിവരണം സ്‌ഫടികം പോലെ വ്യക്തം!


മണിനാദം മുഴക്കുന്ന അമ്മക്കുയിലുകൾ സുശീലാമ്മയും ജാനകിയമ്മയും തെന്നിന്ത്യൻ പിന്നണി ആലാപന ലോകത്തെ ചക്രവർത്തിനിമാരായി നമ്മളെ നാദബ്രഹ്മത്തിൽ ആഴ്ത്തുമ്പോഴാണല്ലോ, തിരുവനന്തപുരത്തു നിന്ന് ചിത്ര ചെന്നൈയിലേക്കു ചേക്കേറിയത്! അതിനാൽ ചിത്രയെ ചെറിയ കുയിലായിട്ടാണ് ഇളയരാജ തമിഴ് നാട്ടിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ചിത്രയുടെ തമിഴിലെ തുടക്കമത്രയും ഇളയരാജയുടെ സംഗീത സംവിധാനത്തിലായിരുന്നു. സിന്ധുഭൈരവിക്കു തൊട്ടു പുറകിൽ ഇറങ്ങിയ 'നീ താനേ അന്തക്കുയിൽ' എന്ന തമിഴ് ചിത്രത്തിൽ ചിത്ര പാടിയ 'ഇനിപ്പ്' നിറഞ്ഞു കവിഞ്ഞൊഴുകുന്ന 'പാടൽകൾ' തമിഴ്നാട്ടിൽ അവരെ ശരിക്കുമൊരു പാടുന്ന ഇളം കുയിലായി വിളംബരം ചെയ്തു.

നാഗത്തമ്മൻ ഭക്തൻ സൂചിപ്പിച്ചതു പോലെ, പരമ്പരാഗത കേരള രീതിയിൽ നിർമിച്ച, 'ശ്രുതി'യിലേക്ക് പ്രവേശിച്ചു. അവിടെ സ്വതസിദ്ധമായ ചിരിയോടെ അവർ ഞങ്ങളെ പ്രതീക്ഷിച്ചു നിന്നിരുന്നു. കൂടിയാൽ അര മണിക്കൂർ സമയം മാത്രമേ അഭിമുഖത്തിനു ലഭിക്കൂ എന്ന ഏകദേശ ധാരണ ഉണ്ടായിരുന്നതിനാൽ, അറിയാനുള്ളതെല്ലാം ഇടതടവില്ലാതെ ചോദിച്ചു കൊണ്ടിരുന്നു. പൊതുവെ ചിരിച്ചും, ചോദ്യങ്ങൾക്ക് കയ്പ്പ് കൂടുമ്പോൾ മാത്രം അൽപം ഗൗരവത്തിലും ചിത്ര ഉത്തരങ്ങൾ നൽകിക്കൊണ്ടുമിരുന്നു.


അവസാനത്തെ ചോദ്യവും, അതിനിടയ്ക്കൊരു ചായയും കഴിഞ്ഞു നോക്കുമ്പോൾ, അര മണിക്കൂറിന് ഇനിയും അഞ്ചു മിനിറ്റുകൾ അവശേഷിയ്ക്കുന്നു. ചിത്രയോടൊരു പാട്ടു പാടാൻ ആവശ്യപ്പെട്ടാലോ? എന്നാൽ, അത് ഞാൻ അർഹിക്കാത്തൊരു ആഢംബരമാകുമോ എന്നൊരു ഉൽക്കണ്ഠ. ഓരോ പാട്ടിനും ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന, മൂന്നു തവണ മികച്ച ആലാപനത്തിന് രാഷ്ട്രപതിയിൽനിന്ന് ദേശീയ പുരസ്‌കാരം സ്വീകരിച്ച ഗായികയോട് അതാവശ്യപ്പെടുന്നത് മോശമാകുമോ?

ഒടുവിൽ അതുവരെ സംസാരിച്ച സ്വാതന്ത്ര്യത്തി​ന്റെ പിൻബലത്തിൽ രണ്ടും കൽപിച്ച് ആ ചോദ്യമെറിഞ്ഞു.

'ഓ..., പാടാലോ. ഏതു പാട്ടാണ് വേണ്ടത്?', ചിത്ര ആരാഞ്ഞു.

'പറയൂ, ഓർമയുള്ള വരികൾ പാടാം...'

''നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന പടത്തിലെ, 'ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ'... എന്ന ഗാനം വളരെ ഇഷ്ടമാണ്. കുറെ കാലമായി കേട്ടിട്ടില്ല...''

കണ്ഠശുദ്ധി വരുത്തി, ചിത്ര പാടാൻ തുടങ്ങി:

''ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ...

എന്നിൽ നിന്നും പറന്നകന്നൊരു

പൈങ്കിളീ മലർ തേൻകിളീ...

മഞ്ഞുവീണതറിഞ്ഞില്ലാ...

വെയിൽ വന്നുപോയതറിഞ്ഞില്ലാ...

പൈങ്കിളീ മലർ തേൻകിളീ...''

ചിത്ര ഇന്ന് ചിന്നക്കുയിലല്ല. ഇപ്പോഴും മധുരമായ് പാടിക്കൊണ്ടിരിക്കുന്ന അമ്മക്കുയിൽ. 40 വർഷത്തെ ആലാപന ജീവിതത്തിൽ, മുപ്പതിനായിരത്തോളം ഗാനങ്ങൾ! അവയിൽ ഇംഗ്ലീഷും ഫ്രഞ്ചും ലാറ്റിനും അറബിക്കും സിംഹളയുമെല്ലാമുണ്ട്. ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ആലപിച്ചു, മികച്ച ഗായികക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരം ഏറ്റവുമധികം തവണ (ആറ്) നേടി.

ഗായിക ചിത്ര ലേഖകനോടൊപ്പം

ആറു സംസ്ഥാന സർക്കാരുകളിൽനിന്ന് മികച്ച ഗായികക്കുള്ള അംഗീകാരം 36 തവണ നേടിയ പിന്നണി ഗായിക. കേന്ദ്രസർക്കാരിന്‍റെ പത്മഭൂഷൺ പുരസ്കാരവും കഴിഞ്ഞ വർഷം അവരെ തേടിയെത്തി. ബ്രിട്ടീഷ് പാർലമെന്‍റ് ബഹുമതി നൽകിയ ഇന്ത്യയിലെ പ്രഥമ വനിത! കേരളത്തിൽ നിന്ന് ആദ്യമായി തെന്നിന്ത്യയിലെ മാത്രമല്ല, ദേശീയ തലത്തിൽതന്നെ മുൻ നിരയിലെത്തിയ ആ പാട്ടുകാരി ആലാപനത്തിനപ്പുറത്ത്, ഇന്ന് നമ്മുടെ സംസ്കൃതിയുടെ ഭാഗമായി മാറിയിരിക്കുന്നു!

Tags:    
News Summary - Birthday of Singer KS Chithra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.