വെറും നാലു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഗാനത്തിലൂടെ മലപ്പുറവും ഫുട്ബാളും തമ്മിലുള്ള ബന്ധം അവതരിപ്പിക്കുന്നു
‘മ്മാന്റെ കുട്ടീന്റെ മോറെന്താ വാടണ് പന്തൾച്ചാം പോവാ...’ കാൽപ്പന്തിന് ചുറ്റും പായുന്ന മലപ്പുറത്തെ ഒരു ടീം നല്ല കിടിലൻ ഫുട്ബാൾ റാപ്പുമായി വന്നാലോ, സീനാകെ മാറും. മലപ്പുറത്തിന്റെ തനി നാടൻ ഭാഷയിൽ ‘പന്തൾച്ചാം പോവാ...’ എന്നു തുടങ്ങുന്ന ഫുട്ബാൾ റാപ്പ് ‘പന്തൾ ചാന്റ്’ പാട്ടിന്റെ കാഴ്ചക്കാരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടുകഴിഞ്ഞു. റാപ് താരം ഡബ്സി, ബേബി ജീൻ, ജോക്കർ എന്നിവർ അണിനിരന്ന, മുഹ്സിൻ പരാരി സംവിധാനം ചെയ്ത മലപ്പുറത്തിന്റെ സ്വന്തം ‘പന്തൾ ചാന്റ്’ എന്ന പാട്ട് യൂട്യൂബിൽ വൈറലാണിപ്പോൾ. മലപ്പുറത്തുനിന്നുള്ളവരാണ് പാട്ടൊരുക്കിയിരിക്കുന്ന നാലുപേരും.
വെറും നാലു മിനിറ്റ് നാല് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ഗാനത്തിലൂടെ മലപ്പുറത്തുകാരും ഫുട്ബാളും തമ്മിലുള്ള ബന്ധത്തെ അവതരിപ്പിക്കുകയാണ് മുഹ്സിൻ പരാരി. നാട്ടിൻപുറത്തെ ഒരു ഗ്രൗണ്ടിലേക്ക് ഫുട്ബാൾ കളിക്കാൻ ഒരാൾ ഇറങ്ങി ആ കളി കഴിഞ്ഞ് തിരിച്ച് കയറുന്നതുവരെയുള്ള സംഭാഷണങ്ങളാണ് ഈ റാപ്പിന്റെ വരികൾ.
‘പന്തൾച്ചാം പോവാ...’ എന്നുപറഞ്ഞുകൊണ്ടാണ് പാട്ടുതുടങ്ങുന്നത്. ‘മ്മാന്റെ കുട്ടീന്റെ മോറെന്താ വാടണ് പന്തൾച്ചാം പോവാ...’ എന്ന് തുടർന്ന് പാട്ടിൽ വരികൾ വരുമ്പോൾ പന്തുകളി ഒരു നാടിനെ എത്രത്തോളം സന്തോഷത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണിക്കുന്നു. ഈ പാട്ടിലെ ഓരോ വാക്കും മലപ്പുറത്തിന്റെ തനി നാടൻ ഭാഷയിൽത്തന്നെയാണ് എഴുതിയിരിക്കുന്നതും. മറ്റൊരർഥത്തിൽ പറഞ്ഞാൽ ശുദ്ധഭാഷയുമായി വന്ന് ഭാഷയുടെ പേരിൽ കളിയാക്കുന്നവർക്കുള്ള രസകരമായ മറുപടികൂടിയാണ് ഈ വരികൾ. പന്തുകളിയുണ്ടെങ്കിൽ പിന്നെ മറ്റൊന്നിനും മാറ്റിവെക്കാൻ സമയമില്ലാത്തവരാണ് പാട്ടിലെ ഈ നാട്ടുകാർ. പന്തുകളിക്കിടെ കുഴങ്ങിക്കിതച്ച് തൊട്ടടുത്ത വീട്ടിലേക്ക് ഓടിച്ചെന്ന് കിണറ്റിൽനിന്ന് വെള്ളംകോരിക്കുടിക്കുന്നതും കളിക്കളത്തിലെ പാസുകളുടെ രീതിയുംവരെ പാട്ടിൽ വരുന്നുണ്ട്. മലയാളികളുടെ പ്രിയ ഫുട്ബാൾ താരം ഐ.എം. വിജയനും ഈ പാട്ടിൽ പ്രത്യക്ഷപ്പെടുന്നു. ഒപ്പം മെസ്സി അടക്കമുള്ള താരങ്ങളുടെ റെഫറൻസും പാട്ടിലുണ്ട്. മലപ്പുറം ഭാഷയുടെ പ്രാദേശികഭംഗിയും റാപ്പ്, ഹിപ്ഹോപ്പ് ശൈലികളുടെ സൗന്ദര്യവുംകൂടി ഒന്നിച്ചുചേരുമ്പോൾ ഒരു പ്രത്യേക വൈബിലേക്ക് ഈ പാട്ടെത്തും. ഗാനം എഴുതിയിരിക്കുന്നത് മുഹ്സിൻ പരാരിയും ബേബി ജീനും ജോക്കറും ഡബ്സിയും തന്നെയാണ്. മലപ്പുറത്തെ എടവണ്ണ സ്വദേശികളാണ് മുഹ്സിനും ജോക്കറും. ബേബി ജീനും ഡബ്സിയും ചങ്ങരംകുളത്തുകാരും. നിലമ്പൂരുകാരൻ റെയ്ത്ത് വിയും വലിയപറമ്പ് സ്വദേശി എം.എച്ച്.ആറും കൂടി ചേർന്നപ്പോൾ ഈ ഗാനം മറ്റൊരു ആവേശമായി.
പെരിന്തൽമണ്ണയെ ചുറ്റിപ്പറ്റിയാണ് ഗാനത്തിന്റെ വിഡിയോ ചിത്രീകരണത്തിന്റെ ഏറിയ പങ്കും നിർവഹിച്ചിരിക്കുന്നത്. മലപ്പുറത്തെ ഭാഷയും കാൽപ്പന്തുകളിയും എന്നും ഒരു അഭിമാനമാണെന്ന് വീണ്ടും വീണ്ടും വിളിച്ചുപറയുകയാണ് അണിയറയിലുള്ളവർ. റൈറ്റിങ് കമ്പനിയുടെ ബാനറിലാണ് ഈ മ്യൂസിക് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിൽ പുറത്തിറക്കുന്ന ആൽബത്തിലെ മൂന്നാമത്തെ ഗാനംകൂടിയാണിത്. റെക്സ് വിജയനാണ് ഈ ഗാനത്തിന്റെ ട്രാക്സ് മിക്സും മാസ്റ്ററിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.