കലൈവാണി എന്ന തമിഴ്നാട്ടുകാരി രാജ്യത്തിന്റെ വാണി ജയറാമായി നിറഞ്ഞുനിന്ന പതിറ്റാണ്ടുകൾ ഇനി ഓർമ്മ. പക്ഷെ, ആ പാട്ടുകൾ എന്നും നമുക്കൊപ്പമുണ്ടാകും. പാടിയ പാട്ടുകളെല്ലാം ജനം ഏറ്റെടുത്തതാണ് ഈ ഗായികയുടെ വിജയം. തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ നൽകിയ പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് വാണി ജയറാം എന്നാക്കി മാറ്റി. അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ–ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.
മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി അങ്ങനെ ഇരുപതോളം ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകളായി വാണിയമ്മ ഈ നാടിനു സമ്മാനിച്ചത്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു, ഈ വർഷം രാജ്യം നൽകിയ പത്മഭൂഷൺ പുരസ്കാരത്തിന്റെ പ്രഭയും പേറിയാണ് രാജ്യത്തിന്റെ മധുരവാണി വിടവാങ്ങുന്നത്.
സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയമ്മയെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാൻ എന്തുതാമസം, മഞ്ചാടിക്കുന്നിൽ, ഒന്നാനാംകുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാൾ, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, ഏതോ ജന്മ കൽപനയിൽ, പത്മതീർഥ കരയിൽ, കിളിയേ കിളി കിളിയേ, എന്റെ കൈയിൽ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങൾ സമ്മാനിച്ചാണ് മടക്കം. കഴിഞ്ഞ പത്തുവർഷത്തിനിടെ മലയാളി കേട്ട ഏറെ പ്രിയപ്പെട്ട പാട്ടുകളുടെ എണ്ണത്തിൽ ഓലഞ്ഞാലി കുരുവിയും പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ എന്ന ഗാനവും പൂക്കൾ പനിനീർ പൂക്കൾ എന്ന ഗാനവും ഉറപ്പായും കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.