ന്യൂയോർക്: ഈ വർഷത്തെ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 28ാം തവണ ഗ്രാമി മാറോടുചേർത്ത ബിയോൺസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഇതേ പുരസ്കാരം നേടുന്ന വനിതയായി. നാല് വിഭാഗങ്ങളിൽ ഇത്തവണ ബിയോൺസ് തിളങ്ങി. 2001ലാണ് ഗായിക ആദ്യമായി ഗ്രാമി പുരസ്കാരവുമായി ശ്രദ്ധ നേടുന്നത്. ഒമ്പതു നാമനിർദേശങ്ങൾ ഇത്തവണ ബിയോൺസിന്‍റെ പേരിലുണ്ടായിരുന്നു.
ഈ വർഷത്തെ ഏറ്റവും മികച്ച ആൽബമായി ടെയ്ലർ സ്വിഫ്റ്റിന്റെ ഫോക്ലോർ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മൂന്നുതവണ മികച്ച ആൽബമായി തെരഞെടുക്കപ്പെടുന്ന ചരിത്രം സ്വിഫ്റ്റ് തന്‍റെ പേരിൽ കുറിച്ചു. മികച്ച റെക്കോഡായി 'എവരിതിങ് ഐ വാണ്ടഡും' ഗാനമായി 'ഐ കാ'ണ്ട് ബ്രീത്'ഉം പുതിയ ഗായികമായി മെഗൻ ദീ സ്റ്റാലിയണും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റാപ് ഗാനം, റാപ് പ്രകടനം എന്നിവയിലും മെഗൻ ഗ്രാമി നേടി.
കറുത്ത വംശരുടെ കരുത്തിന്‍റെ ആഘോഷമായി ഒരുങ്ങിയ ''ബ്ലാക് പരേഡി'നാണ് ബിയോൺസ് ആദരിക്കപ്പെട്ടത്. യു.എസിനെ പിടിച്ചുലച്ച 'കറുത്തവരുടെ ജീവനും വലുതാണ്' കാമ്പയിൻ കാലത്ത് രാജ്യം ഏറ്റെടുത്ത ഗാനമാണ് ബ്ലാക് പരേഡ്. 27 ഗ്രാമി പുരസ്കാരങ്ങൾ നേടിയ അലിസൺ ക്രോസിന്‍റെ പേരിലായിരുന്നു ഇതുവരെയും ഏറ്റവും കൂടുതൽ ഗ്രാമിയെന്ന വനിതകളിലെ റെക്കോഡ്.
ലോസ് ആഞ്ചലസ് കൺവെൻഷൻ സെന്‍ററിൽ പരിമിത സദസ്സിനു മുന്നിലായിരുന്നു 63ാം ഗ്രാമി പുരസ്കാരങ്ങൾ സമ്മാനിക്കപ്പെട്ടത്. മികച്ച മ്യൂസിക് വിഡിയോ ആയി ബ്രൗൺ സ്കിൻ ഗേൾ, ആർ ആന്‍റ് ബി ആൽബം- ബിഗ്ഗർ ലവ്, റാപ് ആൽബം- കിങ്സ് ഡിസീസ്, കൺട്രി ആൽബം- വൈൽഡ് കാർഡ്, പോപ് സോളോ പ്രകടനം- ഹാരി സ്റൈൽസ് തുടങ്ങിയവയാണ് മറ്റു പുരസ്കാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.