ലോസ്ആഞ്ജലസ്: ഗ്രാമി അവാർഡിൽ തിളങ്ങി ഹാരി സ്റ്റൈൽസും ബിയോൺസും. ഇംഗ്ലീഷ് ഗായകനായ ഹാരി സ്റ്റൈൽസിന്റെ ‘ഹാരിസ് ഹൗസ്’ ആണ് ആൽബം ഓഫ് ദ ഇയർ പുരസ്കാരം നേടിയത്.
32ാമത്തെ അവാർഡിലൂടെ ബിയോൺസ് ഗ്രാമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബഹുമതികൾ നേടുന്ന വ്യക്തിയെന്ന റെക്കോഡ് കരസ്ഥമാക്കി. 26 വർഷം പഴക്കമുള്ള റെക്കോഡാണ് ബിയോൺസ് പഴങ്കഥയാക്കിയത്. ലോസ്ആഞ്ജലസിലെ ഗതാഗതക്കുരുക്കിൽ കുരുങ്ങി വൈകിയാണ് ബിയോൺസ് അവാർഡ്ദാന വേദിയിലെത്തിയത്.
റിഥം ആൻഡ് ബ്ലൂസ് വിഭാഗത്തിൽ കഫ് ഇറ്റ്, ഡാൻസ് ഇലക്ട്രിക് റെക്കോഡിങ് വിഭാഗത്തിൽ ‘ബ്രേക്ക് മൈ സോൾ’, പരമ്പരാഗത റിഥം ആൻഡ് ബ്ലൂസ് വിഭാഗത്തിൽ ‘പ്ലാസ്റ്റിക് ഓഫ് ദ സോഫ’, ഡാൻസ് ഇലക്ട്രിക് ആൽബത്തിൽ ‘റിനൈസൻസ്’ എന്നിവയാണ് ബിയോൺസിന് അവാർഡിന് അർഹയാക്കിയത്. റിനൈസൻസ് ആൽബം ഓഫ് ദ ഇയർ പുരസ്കാരത്തിനും മത്സരിച്ചിരുന്നു.
അവാർഡ് നേടിയവരെല്ലാം ബിയോൺസ് തങ്ങൾക്ക് നൽകിയ പ്രചോദനത്തെക്കുറിച്ചാണ് സംസാരിച്ചത്. അമേരിക്കൻ റാപ്പറായ ഭർത്താവ് ജേ ഇസഡിന്റെ സാന്നിധ്യത്തിലാണ് ബിയോൺസ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. റെക്കോഡ് ഓഫ് ദ ഇയർ പുരസ്കാരത്തിന് ലിസോ അർഹയായി. ‘എബൗട്ട് ഡാം ടൈം’ ആണ് പുരസ്കാരം നേടിയത്. മികച്ച പുതിയ ആർട്ടിസ്റ്റ് ജാസ് സിംഗർ സമാറയും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.