'യുവ പാട്ടുകാരോടാണ്; മൊത്തം പൈസ വാങ്ങിച്ചതിനു ശേഷം മാത്രം പാടി തുടങ്ങുക'

ചെയ്യുന്ന ജോലിക്ക് പ്രതിഫലം കൃത്യമായി വാങ്ങിക്കണമെന്ന് യുവ ഗായകർക്ക് ഉപദേശവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. സ്റ്റുഡിയോയിൽ കേറുന്നതിനു മുമ്പ് മൊത്തം പൈസ വാങ്ങിച്ചതിനു ശേഷം മാത്രം പാടി തുടങ്ങുക. പല കാരണങ്ങൾ കൊണ്ട് നിങ്ങൾ പാടിയ പാട്ട് മറ്റൊരാളുടെ വോയ്‌സിൽ വരാം. അതൊക്കെ അവരുടെ ക്രിയേറ്റീവ് ലിബർട്ടി ആണ്. സാമാന്യ മര്യാദ ഉള്ളവർ അങ്ങനെ വരുമ്പോൾ ഒരു മെസ്സേജ് എങ്കിലും ഇടും. ചിലർ ഇടില്ല. അത് കൊണ്ടുതന്നെ പൈസ ആദ്യം മേടിക്കുക. ചെയ്യുന്ന പണിക്കാണ് കാശ്, പടത്തിൽ പാട്ടു വരുന്നതിനല്ല -ഫേസ്ബുക്കിലെ പാട്ടുകൂട്ടായ്മയായ 'മ്യൂസിക് സർക്കിളി'ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നു.

ഹരീഷ് ശിവരാമകൃഷ്ണന്‍റെ കുറിപ്പ് വായിക്കാം...

യുവ പാട്ടുകാരോടാണ് - തുക എത്ര കുറവാണെങ്കിലും ഏതെങ്കിലും സിനിമയിൽ 'വോയ്‌സ് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ' എന്ന് പറഞ്ഞു ആര് വിളിച്ചാലും സ്റ്റുഡിയോയിൽ കേറുന്നതിനു മുമ്പ് മൊത്തം പൈസ വാങ്ങിച്ചതിനു ശേഷം മാത്രം പാടി തുടങ്ങുക.

പാട്ടു നിങ്ങളുടെ വോയ്‌സിൽ വരും എന്ന് ഉറപ്പ് തരാത്തേടത്തോളം കാലം നാലും അഞ്ചും മണിക്കൂർ കിടന്നു തൊണ്ട പൊട്ടിക്കാതെ ഇരിക്കുക. വോയ്‌സ് കേട്ട് സെറ്റ് ആകുമോ എന്ന് അറിയാൻ ഒരു പല്ലവി ധാരാളം ആണ്.

പല കാരണങ്ങൾ കൊണ്ട് നിങ്ങൾ പാടിയ പാട്ട് മറ്റൊരാളുടെ വോയ്‌സിൽ വരാം. അതൊക്കെ അവരുടെ ക്രിയേറ്റീവ് ലിബർട്ടി ആണ്. സാമാന്യ മര്യാദ ഉള്ളവർ അങ്ങനെ വരുമ്പോ ഒരു മെസ്സേജ് എങ്കിലും ഇടും. ചിലർ ഇടില്ല. അത് കൊണ്ടു തന്നെ പൈസ ആദ്യം മേടിക്കുക. ചെയ്യുന്ന പണിക്കാണ് കാശ്, പടത്തിൽ പാട്ടു വരുന്നതിനല്ല.

സമയത്തിന് മറുപടി കൊടുത്തില്ലെങ്കിൽ പാടാൻ വിളിച്ചവർ വേറെ ആളെ കൊണ്ട് പാടിക്കും എന്നത് മനസിലാക്കുക - ഇത് ഒരു കമ്പോളം ആണെന്നും ഫ്രീ മാർക്കറ്റ് പ്രിൻസിപ്പ്ൾസ് ആണ് ഇതിനെ നയിക്കുന്നതെന്നും മനസിലാക്കുക.

സ്വതന്ത്ര സംഗീതം ചെയ്യാൻ ശ്രമിക്കുക, സിനിമ സംഗീതത്തിൽ മാത്രം ഊന്നി കരിയർ മോഡൽ ചെയ്യാതിരിക്കാൻ ശ്രമിക്കുക. പോപ്പുലാരിറ്റി ഉള്ള കാലത്ത്, അതിന് അനുസരിച്ചു ശമ്പളം കൂട്ടുക. പോപ്പുലാരിറ്റി എല്ലാ കാലത്തും ഉണ്ടാവില്ല, അന്ന് കാലിചായക്ക് ഉള്ള പൈസ പോലും ആരും തരില്ല എന്ന കൊണ്ട് ഉള്ള നേരത്ത് നല്ല നാല് കാശ് ഉണ്ടാക്കാൻ നോക്കുക.

എക്സ്പോഷർ തരാൻ പാട്ടു ഫ്രീ ആയി പാടാൻ വിളിക്കുന്നവരോട് - കറന്റ് ബില്ല് പൈസ ആയി അടയ്‌ക്കേണ്ട കൊണ്ട് പൈസ തന്നെ വേണം എന്ന് വിനയത്തോടെ ഓർമിപ്പിക്കുക.

ചെയ്യുന്ന പണിക്ക് കാശ് ചോദിച്ച കൊണ്ട് നഷ്ടപ്പെടുന്ന ദൈവദത്തമായ സിദ്ധി കഴിച്ചു ബാക്കി ഉള്ളത് മതി എന്ന് തീരുമാനിക്കുക, അതിന് അനുസരിച്ചു പ്രവർത്തിക്കുക. നിങ്ങളുടെ കല നിങ്ങളുടെ വർഷങ്ങളുടെ പ്രയത്നത്തിന്റെ ഫലം ആണെന്നത് മറക്കാതെ ഇരിക്കുക.

Full View

Tags:    
News Summary - Harish sivaramakrishnan facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.