പതിവു ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ ശബ്ദപരിസരങ്ങളിൽ നിന്നും വേറിട്ടൊരു കലാകാരനായിരുന്നു തിങ്കളാഴ്ച വിടപറഞ്ഞ പങ്കജ് ഉധാസ്. വിഷാദവും പ്രണയവും പ്രതീക്ഷയും മോഹവും കണ്ണീരും വാക്കുകളിൽ ആവാഹിച്ച് അയാൾ ഇന്ത്യക്കൊപ്പം പാടിത്തിമിർത്തു. കഴിഞ്ഞ 40ൽ അധികം വർഷമായി അയാൾ പാടിക്കൊണ്ടേയിരുന്നു. നമ്മുടെ ഏകാന്തതകളിലേക്ക് അയാൾ എപ്പോഴും ഒരു നാദവിസ്മയത്തിന്റെ പാലം തീർത്തിരുന്നു. ഒരു നേർത്ത മഴയായി പെയ്തൊഴിഞ്ഞിരിക്കുന്നു പങ്കജ് ഉധാസ്. ഓർക്കസ്ട്രയുടെ ശബ്ദ മേളമില്ലാതെ സ്വച്ഛന്ദം ഒഴുകിയൊഴുകി അയാൾ ദൈവത്തിനു മുന്നിലും പാടിക്കൊണ്ടേയേിരിക്കും.
1986ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘നാം’ എന്ന ചിത്രത്തിൽ ‘ചിട്ടി ആയി ഹെ’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയതോടെ പങ്കജ് ഉധാസ് തലവര മാറ്റിയെഴുതിയത് അദ്ദേഹത്തിന്റെയും ഇന്ത്യൻ ഗസലിന്റെ തന്നെയുമായിരുന്നു. ലക്ഷ്മികാന്ത് പ്യാരിലാൽ സംഗീത സംവിധാനം നിർവഹിച്ച ‘ചിട്ടി ആയി ഹെ’ എന്ന ഗാനം പിന്നീട് എത്രമാത്രം വേദികളിൽ പാടി എന്ന് അദ്ദേഹത്തിനു പോലും തിട്ടമുണ്ടാകില്ല. അത്രമാത്രം എല്ലാവരും ഇഷ്ടപ്പെട്ട ഗാനമായിരുനു അത്. പ്രവാസത്തിന്റെ ഹൃദയമെഴുത്തായിരുന്നു ‘ബടേ ദിനോം കി ബാദ്, ഹം ബേ വതനോൻ കെ യാദ് എന്ന വരികൾ.
തകർക്കപ്പെട്ട ഹൃദയങ്ങളെപറ്റി ‘ദിൽ ജബ്സെ ടൂട്ട്ഗയാ’ എന്ന് അദ്ദേഹം പാടുമ്പോൾ ആരുടെ ഹൃദയത്തിലാണ് ദു:ഖം തികട്ടിവരാത്തത്. 1997ൽ ഇറങ്ങിയ നഷ എന്ന ആൽബത്തിലെ ‘ഏക് തരഫ് ഉസ്കാ ഗർ‘ എന്ന പാട്ട് മറക്കാൻ കഴിയുമോ..
ലതാ മങ്കേഷ്കറിനൊപ്പം ഗായൽ എന്ന സിനിമയിൽ പാടിയ ‘മഹിയാ തേരി കസം ഹായേ ജീനാ നഹി ജീനാ’ എന്ന ഗാനം മുഖ്യധാര ശീലുകളിൽനിന്നും അദ്ദേഹത്തിന്റെ ആലാപന ശൈലികൊണ്ട് മാത്രം വേറിട്ടു നിൽക്കുന്നതാണ്. 1985 ൽ റിലീസായ നായാബ് എന്ന ആൽബത്തിലെ ‘നികലോന ബേനകാബ് സമാന കറാബ് ഹെ’ എന്ന ഗസൽ മോശമായിപ്പോയൊരു കാലത്തിന്റെ ഓർമ്മപ്പെടുത്തലാകുന്നു. പ്രണയവും വിരഹവും നഷ്ടവുമെല്ലാം ഗസലിലൂടെ പങ്കജ് പാടിത്തീർക്കുമ്പോൾ ഇന്ത്യൻ സംഗീത പ്രേമികളും അദ്ദേഹത്തോടൊപ്പം എറ്റു പാടി. 1980ൽ ആണ് ആഹത് എന്ന ആദ്യ ആൽബത്തിലൂടെ അദ്ദേഹം സംഗീതാസ്വാദകരുടെ മനം കവർന്നത്. പിന്നീടങ്ങോട്ട് മുഖരാർ, തരന്നം, മെഹ്ഫിൽ തുടങ്ങിയ ഹിറ്റുകളും അദ്ദേഹത്തിന്റെതായി പുറത്തുവന്നു. ദയവാൻ എന്ന ചിത്രത്തിൽ ‘ആജ് ഫിർ തും പെ’ എന്ന അനുരാധ പഡ്വാളിനൊപ്പം പാടിയ യുഗ്മഗാനം വൻ ഹിറ്റായി. 1991ലെ സാജനിലെ ‘ജിയേ തു ജിയേ കൈസേ’ എന്ന ഗാനം ആർക്കാണ് മറക്കാൻ കഴിയുക.
കലകാരന്മാർ മദ്യപരാണെന്ന പൊതു ധാരണയെ പൊളിച്ചടുക്കി അദ്ദേഹം. ഉന്മാദത്തിന്റെ മാദക ലഹരിയിൽ അലിഞ്ഞില്ലാതാകാൻ ഒരുതുള്ളി മദ്യം പോലും വേണ്ടതില്ല എന്നും ഗാനത്തോളം ലഹരി മറ്റെന്തിനുണ്ടെന്നും അദ്ദേഹം കച്ചേരി തുടങ്ങും മുമ്പ് ചോദിക്കുന്നു. നഷ എന്ന ആൽബത്തിലെ ഗാനം തന്നെ മദ്യപാനത്തെ സംബന്ധിച്ചാണ്. എല്ലാവർക്കും അറിയാം താൻ കുടിക്കാറില്ലെന്ന് എന്നിട്ടും ചിലർ കുടിച്ചാൽ താൻ എന്തു ചെയ്യാനാണെന്ന് അദ്ദേഹം ചോദിക്കുന്നു. ‘സബ്കെ മാലൂം ഹെ മേം ഷരാബി നഹി, ഫിർബി കോയി പിലാതൊ മെം ക്യാ കരോം’. ഓർ ആഹിസ്താ കീജിയേ ബാതേൻ, ദഡ്കനേ കോയി സുൻ രഹാ ഹോഗ, മുദുവായി സംസാരിക്കൂ, ആരെങ്കിലും നിങ്ങളുടെ ഹൃദയതാളം കേൾക്കാനിടയുണ്ട്.
നയന്റീസ് കിഡ്സിനെ പങ്കജ് ഇദാസ് കൈവെള്ളയിലൊതുക്കിയത് ഓർ ആഹിസ്താ കീജി ബാതേ എന്ന സ്റ്റോളൻ മൊമന്റ്സ് എന്ന ആൽബത്തിലെ ഒറ്റ ഗാനത്തിലൂടെയാണ്... ധട്കനെ കോയി സുൻ രഹാ ഹോഗാ......ചുറ്റുമുള്ള മണൽക്കാടുകളെ സാക്ഷിയാക്കി മരക്കസേരയിൽ ഇരുന്ന് അയാൾ പാടിക്കൊണ്ടേയിരിക്കും മനുഷ്യരുള്ള കാലത്തോളം....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.