ബുർഖ ധരിക്കുന്നതിൽ തന്നെ അധിക്ഷേപിക്കുന്നവർക്ക് മറുപടിയുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാെൻറ മകളും ഗായികയുമായ ഖദീജ റഹ്മാൻ. താൻ ബുർഖ ധരിക്കുന്നതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നമെന്ന് അവർ ചോദിച്ചു. 'ദെ ക്വിൻറി'ന് നൽകിയ അഭിമുഖത്തിലാണ് ഖദീജ തുറന്നടിച്ചത്.
കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ 'ഫരിഷ്തോൻ' എന്ന ഗാനവുമായാണ് ഖദീജ സംഗീത ലോകത്തേക്ക് വരുന്നത്. മുന്ന ഷൗക്കത്ത് അലി രചിച്ച വരികൾക്ക് സംഗീതം പകർന്നത് പിതാവ് തന്നെയാണ്.
'ഞാൻ എെൻറ ആദ്യ ഗാനം ആലപിച്ചു. അത് ദൈവകൃപയാൽ നന്നായി ചെയ്തു. പക്ഷെ, ബുർഖ ധരിക്കുന്നതിെൻറ പേരിൽ പലരും ഇപ്പോഴും അധിക്ഷേപിക്കുന്നു. സ്വന്തം തെരഞ്ഞെടുപ്പുകളുടെ പേരിൽ സ്ത്രീകളാണ് എപ്പോഴും ആക്രമിക്കപ്പെടുന്നത്. പുരുഷന്മാരെ ഒരിക്കലും ഇൗ കാര്യത്തിൽ ഉന്നംവെക്കാറില്ല. ഇങ്ങനെ ലക്ഷ്യമിടുന്ന സ്ത്രീകൾ പ്രശസ്തരെന്നോ സാധാരണ കുടുംബങ്ങളിൽ നിന്നോ എന്ന വ്യത്യാസമില്ല.
ജോലിയില്ലാത്തെ പലരും വെറുതെ വീട്ടിലിരുന്ന് ഞങ്ങളുടെ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുകയും അത് പങ്കുവെക്കുകയും ചെയ്യുന്നു. അക്കാര്യങ്ങൾ കൂടുതൽ വിളിച്ചുപറയുന്നത് എന്നെക്കാൾ അവരെ കുറിച്ച് തന്നെയാണ്.
ഞാൻ അപൂർവ ബുർഖ ഗായകരിൽ ഒരാളാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നു. എന്തുകൊണ്ട് നിങ്ങൾ എനിക്കെതിരെ ഇത് ചെയ്യുന്നു? എന്നിലേക്ക് വരുമ്പോൾ മാത്രം ആ വ്യത്യാസം വരുന്നത് എന്തുകൊണ്ട്? നിങ്ങൾക്ക് ഹോളിവുഡിൽ 'മാർഷ്മെല്ലോ' ഉണ്ടല്ലോ? ആരും എന്താണ് അയാളെക്കുറിച്ച് സംസാരിക്കാത്തത്. എന്തുകൊണ്ടാണ് ഞാൻ മാത്രം?
എന്തുകൊണ്ടാണ് ഞാൻ എെൻറ വസ്ത്രത്തിലേക്ക് ചുരുങ്ങിയത്, ഞാൻ പൂർണമായും ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്നതൊന്നും നിങ്ങൾക്ക് പ്രശ്നമാകേണ്ട കാര്യമില്ല. ഇത് സ്വയം വിശദീകരിക്കാൻ ശ്രമിക്കുന്നത് എെൻറ സമയം പാഴാക്കലാണ്. ഞങ്ങളുടെ ജീവിതം ടി.ആർ.പികളെ ചുറ്റിപ്പറ്റിയത് സങ്കടകരമാണ്. മാത്രമല്ല നിങ്ങൾ അതുവഴി ശ്രദ്ധ പിടിച്ചുപറ്റാനും ആഗ്രഹിക്കുന്നു.
ദൈവഭക്തി എന്നിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഈ രീതിയിൽ ആയിരിക്കുന്നതിൽ എനിക്ക് മോശം തോന്നുന്നില്ല. സ്വന്തം കാലിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. എെൻറ വിശ്വാസവും ആത്മീയതയും എന്നെ പഠിപ്പിച്ചത് അതാണ്.
ഇന്നത്തെ സൗന്ദര്യ നിലവാരവുമായി പൊരുത്തപ്പെടാൻ വേണ്ടി എനിക്ക് എന്നെത്തന്നെ മാറ്റേണ്ടതില്ല. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാൻ പലരും ശ്രമിക്കുന്നു. അങ്ങനെ ഞാനും ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ ചെയ്യാറില്ല. കാരണം ഞാൻ എങ്ങനെയാണോ ഉള്ളത്, അതിനെ ഇഷ്ടപ്പെടുന്നു -ഖദീജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.