മലയാള ചലച്ചിത്ര​ ഗാനലോകത്തെ ആദ്യ ടെക്നോ മ്യൂസീഷ്യനായ 'കെ.ജെ ജോയ്' അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ചെന്നൈയിലായിരുന്ന ജോയ് പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. 'ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച എന്നിങ്ങനെ ഇരുനൂറിലേറെ ചിത്രങ്ങൾക്ക് ജോയ് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ് 1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സം​ഗീത സംവിധായകൻ എം.എസ്. വിശ്വനാഥന്റെ കൂടെയാണ് ജോയ് ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചത്. എം.എസ്.വി. സം​ഗീതസംവിധാനം നിർവഹിക്കുന്ന ​ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്നു തുടക്കകാലത്ത് ജോയ്. പിന്നീടാണ് സ്വതന്ത്ര സം​ഗീത സംവിധാനത്തിലേക്ക് തിരിയുന്നത്. അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ എം.എസ്. വിശ്വനാഥൻ തന്നെയാണ് ജോയിയെ സം​ഗീത സംവിധാനത്തിലേക്ക് വഴിതിരിച്ചുവിടുന്നത്.

മലയാളത്തിലെ മുൻനിര സം​ഗീത സംവിധായകർക്കൊപ്പം തന്റേതായ സ്ഥാനം നിലനിർത്താൻ കുറഞ്ഞ നാളുകൾകൊണ്ട് തന്നെ ജോയിക്ക് സാധിച്ചിരുന്നു. മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണം ജോയിക്കുള്ളതാണ്. കീ ബോർഡ് ഉൾപ്പെടെയുള്ള പല ആധുനിക സാധ്യതകളും എഴുപതുകളിൽ മലയാള സിനിമയിൽ എത്തിച്ചത് കെ.ജെ. ജോയ് ആണ്.

പാശ്ചാത്യ ശൈലിയിൽ ജോയ് ഒരുക്കിയ മെലഡികൾ സം​ഗീതപ്രേമികൾ ഇന്നും നെഞ്ചേറ്റുന്നവയാണ്. 'അനുപല്ലവിയിലെ എൻസ്വരം പൂവിടും ​ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃ​ഗത്തിലെ കസ്തൂരിമാൻ മിഴി, സർപ്പത്തിലെ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ' തുടങ്ങിയവ ഒരു തലമുറയെ ഒന്നടങ്കം ആവേശത്തിലാക്കിയ ​ഗാനങ്ങളായിരുന്നു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'ദാദ' ആയിരുന്നു അവസാനചിത്രം.

Tags:    
News Summary - 'K.J Joy', the first techno musician of the Malayalam film music world, has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.