'കാട്ടുക്കുയില് മനസ്സുക്കുള്ള പാട്ടുക്കെൻട്രും പഞ്ചമ്മില്ലൈ പാടത്താൻ...'.
രജനീകാന്തും മമ്മൂട്ടിയും നായകവേഷത്തിൽ അഭിനയിച്ച 1991 ലെ സൂപ്പർ ഹിറ്റ് മണിരത്നം സിനിമ. ജന്മംകൊണ്ടല്ലാതെ സഹോദരങ്ങളായി തീർന്ന രണ്ടു മനുഷ്യരുടെ ബന്ധത്തിെൻറ ആഘോഷമായിരുന്നു വാലി രചിച്ച് ഇളയരാജ ഈണം നൽകിയ ആ പാട്ട്.
ശരിക്കും, പാട്ടിലൂടെ ഹൃദയങ്ങൾ പാട്ടിലാക്കിയ എസ്.പി.ബി - യേശുദാസ് സാഹോദര്യത്തിെൻറ ഉത്സവം കൂടിയായിരുന്നു ആ പാട്ട്.
യേശുദാസിനെക്കാൾ ആറ് വയസ്സിന് ഇളയതാണ് എസ്.പി. ബാലസുബ്രഹ്മണ്യം. സിനിമ പാട്ടിലും ആ ഇളപ്പം എസ്.പി.ബിക്കുണ്ടായിരുന്നു. യേശുദാസ് ഗായകനായി ആറു വർഷം കഴിഞ്ഞായിരുന്നു എസ്.പി.ബിയും സിനിമയിലെത്തിയത്. സ്നേഹാദരങ്ങളോടെ എസ്.പി.ബി യേശുദാസിനെ 'ദാസണ്ണൻ' എന്നു വിളിച്ചു. 'ബാലു എെൻറ സഹോദരനാണ്' യേശുദാസും അതാവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സിംഗപൂരിൽ നടന്ന 'ലെജൻഡ്സ് ഇൻ സിംഗപൂർ' എന്ന പരിപാടിയിലും യേശുദാസ് പറഞ്ഞു 'ബാലു എന്നുടെ തമ്പി'.
ആ വേദിയിൽ ഇരുവരും ചേർന്ന് 'കാട്ടുക്കുയില്...' ഒരിക്കൽ കൂടി പാടി. ആ പാട്ട് തുടങ്ങിയത് രണ്ടു ഇതിഹാസ ഗായകരുടെയും മക്കൾ ചേർന്നായിരുന്നു. എസ്.പി.ബി ചരണും വിജയ് യേശുദാസും. ആ പാട്ടിനിടയിലേക്ക് കടന്നുവന്ന് മക്കളെ മാറ്റി എസ്.പി.ബിയും യേശുദാസും പാട്ടേറ്റെടുത്തു ഒരിക്കൽ കൂടി ആഘോഷമാക്കി.
'സ്വർണ മീനിെൻറ ചേലൊത്ത കണ്ണാളേ..' സർപ്പം' എന്ന സിനിമയിലെ (1979) ഖവ്വാലി ഇപ്പോഴും ഹിറ്റ് ചാർട്ടിലുണ്ട്. ബിച്ചു തിരുമല രചിച്ച് കെ.ജെ. ജോയ് സംഗീതം നൽകിയ ആ ഗാനത്തിലൂടെയായിരുന്നു യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവും ആദ്യമായി മലയാളത്തിൽ ഒത്തുചേർന്നത്. 1973 ൽ മദിരാശിയിലെ ശാരദാ സ്റ്റുഡിയോയുടെ മുറ്റത്തുവെച്ചായിരുന്നു ആദ്യമായി ഇരുവരും നേർക്കുനേർ കണ്ടുമുട്ടിയത്. ശങ്കർ ഗണേഷ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഇരുവരും ചേർന്നുപാടി. 'ത്രിശൂലം' എന്ന ശിവാജി ഗണേശൻ ചിത്രത്തിൽ എം.എസ്. വിശ്വനാഥൻ 'ഇരണ്ടു കൈകൾ നാങ്കാനാൽ...' എന്ന പാട്ടിൽ ഇരുവരെയും ഒന്നിച്ചു ചേർത്തു.
60 ൽ പരം സിനിമകൾക്ക് എസ്.പി.ബി സംഗീതം നൽകിയിട്ടുണ്ട്. ആ സംഗീത സംവിധാനത്തിൽ യേശുദാസ് പാടുകയും ചെയ്തു. 'ശിഖരം' എന്ന സിനിമയിലെ (1991) 'അഗരം ഇപ്പോൾ ശിഖരമാച്ച്...' എന്ന മനോഹരമായ ഗാനമായിരുന്നു അത്. സിംഗപൂരിലെ 'ലെജൻഡ്സ്' വേദിയിൽ എസ്.പി.ബി ആ ഗാനം ഒരിക്കൽ കൂടി യേശുദാസിനെ കൊണ്ട് പാടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.