മംഗളൂരു: ഗാനഗന്ധർവൻ യേശുദാസിന്റെ 82ാം പിറന്നാളാഘോഷം ഒമിക്രോണിൽ മുടങ്ങി. ഫ്ലോറിഡയിലുള്ള അദ്ദേഹത്തിന്റെ ജന്മദിനം അവിടെ വീട്ടിനകത്ത് പ്രാർഥനയിൽ ഒതുക്കി. 2020 ഫെബ്രുവരിയിൽ അമേരിക്കയിലെത്തിയ അദ്ദേഹത്തിനു കോവിഡിനെ തുടർന്ന് കേരളത്തിലേക്ക് തിരിക്കാനായില്ല. കോവിഡ് വഴിമാറുമെന്ന പ്രതീക്ഷയിൽ നാട്ടിലെത്താൻ ശ്രമിച്ചിരുന്നുവെങ്കിലും തുടർച്ചയായ രണ്ടാം വർഷത്തിലും യാത്ര മുടങ്ങി.
ഈ ജന്മദിനത്തിൽ ഫ്ലോറിഡ ഒമിക്രോണിന്റെ ശക്തമായ പിടിയിലായതിനാൽ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണെന്ന് യേശുദാസിന്റെ സുഹൃത്ത് ഗോവിന്ദൻകുട്ടി അറിയിച്ചതായി ഗാനരചയിതാവും യേശുദാസിന്റെ സുഹൃത്തുമായ ആർ.കെ. ദാമോദരൻ പറഞ്ഞു.
ആളുകൾ പുറത്തിറങ്ങി നടക്കാൻ ഭയപ്പെടുന്ന തരത്തിലാണ് ഒമിക്രോൺ തരംഗം എന്നതാണ് വീട്ടിനകത്തുതന്നെ പ്രാർഥനയിൽ കഴിഞ്ഞുകൂടാൻ കാരണം. ഭാര്യ പ്രഭ യേശുദാസ്, മൂത്തമകൻ വിനോദ്, ഇളയമകൻ വിശാൽ, വിശാലിന്റെ ഭാര്യ വിനയ എന്നിവരാണ് അദ്ദേഹത്തോടൊപ്പം യു.എസിലുള്ളത്. യേശുദാസിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നടക്കാറുള്ള പതിവ് അർച്ചന മുടങ്ങിയില്ല. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ സരസ്വതി മണ്ഡപത്തിൽ സംഗീതാർച്ചന നടത്തി. സന്തോഷ് കമ്പല്ലൂർ, ഗുരുവായൂർ ശിവകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. യേശുദാസിന്റെ 60ാം പിറന്നാൾ മുതൽ അദ്ദേഹത്തിനുവേണ്ടി ശിഷ്യനായ കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീതാർച്ചന നടത്തുന്നുണ്ട്. കോവിഡ് -ഒമിക്രോൺ വ്യാപനത്തെത്തുടർന്ന് കൊല്ലൂരിലും നിയന്ത്രണമുണ്ട്. 'മൂന്നു കൃതികൾ അവതരിപ്പിച്ചു,
പ്രാർഥിച്ചു. ആഗ്രഹം സഫലമായി. 22ാം വർഷമാണ് യേശുദാസിനുവേണ്ടി കൊല്ലൂരിൽ കച്ചേരി നടത്തുന്നത്. ഇത്തവണ മുടങ്ങുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഭംഗിയായി നടന്നു. അത് മഹാഭാഗ്യമായി കരുതുന്നു'- കാഞ്ഞങ്ങാട് രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.