'ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പാരിതോഷികം നൽകാൻ കച്ചേരി നടത്തിയ ലതാജി'

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഗായികയും ഇന്ത്യയുടെ വാനമ്പാടിയുമായ ലത മങ്കേഷ്കറിന്‍റെ ക്രിക്കറ്റ് ആരാധനയെ കുറിച്ച് അനുസ്മരിച്ച് ബോളിവുഡ് നടി ശർമിള ടഗോർ. ആജ് തക് ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് ലതയുടെ ക്രിക്കറ്റ് ഓർമ്മകളെ കുറിച്ച് ശർമിള സംസാരിച്ചത്.

1983ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഓരോരുത്തർക്കും നൽകിയത് ഓരോ ലക്ഷം രൂപയായിരുന്നു. അതിനു സഹായിച്ചതാകട്ടെ ലത മങ്കേഷ്കറും. ലോകകപ്പ് മത്സരത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ കപിൽ ദേവിന്റെ ടീമിനെ ഭേദപ്പെട്ട രീതിയിൽ ആദരിക്കാൻ ബി.സി.സി.ഐയുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. അന്നത്തെ ബി.സി.സി.ഐ പ്രസിഡന്റും ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ അംഗവുമായിരുന്ന എൻ.കെ.പി. സാൽവെ വിവരം മുംബൈ ക്രിക്കറ്റിലെ അതികായനായിരുന്ന രാജ്സിങ് ദുംഗാർപുരിനെ അറിയിച്ചു.

ദുംഗാർപുർ അതിനു സഹായം തേടിയത് സുഹൃത്ത് കൂടിയായ ലത മങ്കേഷ്കറോടാണ്. ധനസമാഹരണാർഥം ഒരു സംഗീതവിരുന്ന് നടത്താമോ എന്നായിരുന്നു ദുംഗാർപുരിന്റെ അഭ്യർഥന. ഡൽഹിയിലെ ഇൻഡോർ സ്റ്റേ‍ഡിയത്തിൽ നടത്തിയ കച്ചേരി വൻവിജയമായി. അതിൽ നിന്നുള്ള ലാഭവിഹിതം കൊണ്ട് ബി.സി.സി.ഐ കളിക്കാർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനിക്കുകയായിരുന്നു. ഇന്ത്യൻ ടീം അംഗങ്ങളും കച്ചേരിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

ലതയോടുള്ള ആ കടം ബി.സി.സി.ഐ വീട്ടിയത് രസകരമായിട്ടാണ്. കടുത്ത ക്രിക്കറ്റ് ആരാധികയായ ലതക്ക് വേണ്ടി ഇന്ത്യയിൽ പിന്നീട് നടന്ന എല്ലാ രാജ്യാന്തര മത്സരങ്ങളിലും രണ്ട് ടിക്കറ്റുകൾ വീതം മാറ്റിവച്ചു. 2011 ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ സെമിഫൈനൽ മത്സരം താൻ കണ്ടത് വ്രതമെടുത്താണെന്ന് ലത പങ്കുവെച്ചിരുന്നതായി ശർമിള പറഞ്ഞു. സുനിൽ ഗാവസ്കർ, സച്ചിൻ ടെണ്ടുൽകർ തുടങ്ങി ഇന്ത്യൻ ടീമിലെ പ്രഗത്ഭരായ നിരവധി താരങ്ങൾ ലതാജിയോട് അടുപ്പം സൂക്ഷിച്ചിരുന്നു.

Tags:    
News Summary - Lata Mangeshkar raised Rs 20 lakh for Indian cricket team after they won World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.