തൃശൂർ: ''മറക്കാനാവില്ല, ആ നിമിഷം... കേട്ടുവളർന്ന മഹാപാട്ടുകാരിയുടെ കൈയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുക, അവരുടെ പാദത്തിൽ നമസ്കരിക്കുക... 26 വർഷം മുമ്പത്തെ ആ നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായിരുന്നു'' ഇന്ത്യയുടെ ആദ്യ റിയാലിറ്റി ഷോ ആയ 'മേരി ആവാസ് സുനോ'യുടെ മികച്ച ഗായകൻ പ്രദീപ് സോമസുന്ദരത്തിന് ലതാമങ്കേഷ്കറുടെ വിയോഗം സൃഷ്ടിച്ച ആഘാതം പറഞ്ഞറിയിക്കാനാവുന്നില്ല. ഇപ്പോൾ മലമ്പുഴയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസസ് പ്രിൻസിപ്പലാണ് തൃശൂർ സ്വദേശിയായ പ്രദീപ് സോമസുന്ദരം.
1996ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'മേരി ആവാസ് സുനോ' നിർമാതാക്കളിലൊരാൾ ആയിരുന്നു ലതാമങ്കേഷ്കർ. '94ൽ പുതുപ്പള്ളിയിൽ ലെക്ചററായി ജോലിയിൽ പ്രവേശിച്ച സമയത്തായിരുന്നു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ താൽപര്യം കാണിച്ച് പ്രദീപ് അപേക്ഷിച്ചത്.
''1996 ഒക്ടോബർ ഒമ്പത്... അന്നായിരുന്നു ഫൈനൽ. ജഡ്ജിമാരാരൊക്കെയെന്ന് സംഘാടകർ വെളിപ്പെടുത്തിയിരുന്നില്ല. ഫൈനൽ തുടങ്ങിയപ്പോഴാണ് അവതാരകനായ അന്നു കപൂർ ലതാജിയെ ക്ഷണിച്ചത്. ശരിക്കും ഒരു തരിപ്പ് തലയിൽനിന്ന് കാലുവരെ പാഞ്ഞുപോയി.''- പ്രദീപ് ഓർക്കുന്നു.
പ്രശസ്ത സംഗീതജ്ഞരായ മന്നാഡെ, പണ്ഡിറ്റ് ജസ്രാജ്, ഭുപൻ ഹസാരിക എന്നിവരും ജഡ്ജിമാരായി ഉണ്ടായിരുന്നു. ഈ മഹാസംഗീതജ്ഞരുടെ മുന്നിൽ പാടുക എന്നത് വലിയ സമ്മർദമായിരുന്നു. മന്നാഡെയുടെ 'പൂച്ചോ ന കൈസേ മേംനെ...', മുകേഷിന്റെ 'കബി കബി മേരെ ദിൽമേം..' എന്നീ ഗാനങ്ങളായിരുന്നു ഫൈനലിൽ പാടിയത്. മികച്ച ഗായകനായി പ്രദീപും മികച്ച ഗായികയായി സുനീതി ചൗഹാനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.