എം.എസ്. ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിക്കുന്നതിനെതിരേ കുടുംബം നിയമനടപടിയിലേക്ക്. ബാബുരാജിന്റെ ഗാനങ്ങള്‍, 'നീലവെളിച്ചം' എന്ന സിനിമയില്‍ ഉപയോഗിക്കുന്നതിനെതിരേ സംവിധായകന്‍ ആഷിഖ് അബു, സംഗീതസംവിധായകന്‍ ബിജിബാല്‍ എന്നിവര്‍ക്കാണ് ബാബുരാജിന്റെ മക്കള്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സാംസ്‌കാരികമന്ത്രി സജി ചെറിയാന് പരാതിയും നല്‍കി. ബാബുരാജിന്റെ സംഗീതത്തിന്റെ മാസ്മരികതയും തനിമയും നശിപ്പിക്കുന്ന തരത്തിലാണ് റീ മിക്‌സ് ചെയ്ത ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. റീമിക്‌സ് ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ടി.വി. ചാനലുകളില്‍നിന്നും പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം.’ ഏപ്രിൽ 21 നാണ് ചിത്രം റിലീസിനെത്തുന്നത്. മലയാളത്തിലെ ആദ്യ ഹൊറർ സിനിമ ‘ഭാർഗവീനിലയം’ ത്തെ അടിസ്ഥാനമാക്കിയാണ് ‘നീലവെളിച്ചം’ ഒരുക്കുന്നത്. ഭാർഗവീനിലയം ചിത്രത്തിലെ ഗാനങ്ങളും അണിയറപ്രവർത്തകർ റീമേക്ക് ചെയ്തിരുന്നു. എം എസ് ബാബുരാജ് ആണ് ‘ഭാർഗവീനിലയ’ത്തിലെ ഗാനങ്ങൾ ഒരുക്കിയത്. അനുരാഗമധുചഷകം, താമസമെന്തേ, എകാന്തതയുടെ മഹാതീരം എന്നീ ഗാനങ്ങളുടെ റീമേക്കിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. റെക്സ് വിജയൻ, ബിജിബാൽ എന്നിവർ ചേർന്നാണ് ഗാനങ്ങൾ പുനരാവിഷ്കരിച്ചത്.
മധു പോള്‍ ആണ് കീബോര്‍ഡ് കൈകാര്യം ചെയ്തിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ അടിസ്ഥാനമാക്കി 'ഭാര്‍ഗവീനിലയം' റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും 'നീലവെളിച്ച'ത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. എ. വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് 'നീലവെളിച്ചം' നിര്‍മ്മിക്കുന്നത്. സജിന്‍ അലി പുലാക്കല്‍, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. റിമ കല്ലിങ്കൽ, റോഷൻ എന്നിവർക്കൊപ്പം ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, ആമി തസ്നിം, പൂജ മോഹൻ രാജ്, ദേവകി ഭാഗി, ഇന്ത്യൻ എന്നിവാണ് ‘നീലവെളിച്ച’ത്തിൽ വേഷമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.