മഞ്ജു വാര്യർ- സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ടെക്നോ- ഹൊറർ ചിത്രം ചതുർമുഖത്തിലെ 'മായ കൊണ്ട് കാണാകൂടൊരുക്കി' എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത് എഴുതിയ വരികൾക്ക്, ഈണം പകർന്നു ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡോൺ വിൻസെന്‍റാണ്. മെലഡി ടച്ചുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികൾക്ക് പ്രിയങ്കരിയായ ഗായിക ശ്വേത മേനോനും.
രഞ്ജീത്ത് കമല ശങ്കറും, സലില്‍.വി യും ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിർമ്മാണം ജിസ് ടോംസ് മൂവീസിന്‍റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ 8ന് തിയ്യറ്ററിൽ എത്തും.
ചതുർമുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരെ കൂടാതെയുള്ള നാലാമത്തെ മുഖം ഒരു സ്മാർട്ട് ഫോൺ ആണെന്നതു പ്രേക്ഷകരിൽ കൂടുതൽ കൗതുകത്തിന് വഴി ഒരുക്കുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ സ്പൂക്കി മോഷൻ പോസ്റ്ററും, സിനിമയ്ക്കു വേണ്ടി പ്രത്യേകം ഒരുക്കിയ റിങ്ങ്ടോണും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.
പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്നത്. ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമയുടെ എഡിറ്റർ ആയ മനോജാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. വസ്ത്രാലങ്കാരം സമീറ സനീഷ്. സെഞ്ച്വറി ഫിലിംസാണ് ചതുർ മുഖത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്. സഞ്ജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്ജ്, ലിജോ പണിക്കർ, ആന്‍റണി കുഴിവേലിൽ എന്നിവരാണ് ചിത്രത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസേർസ്. ജിത്തു അഷ്‌റഫ് - ക്രീയേറ്റീവ് ഹെഡ്. ബിനു ജി നായരും, ടോം വർഗീസുമാണ് ലൈൻ പ്രൊഡ്യൂസർസ്. മേക്കപ്പ് - രാജേഷ് നെന്മാറ. ആർട്ട് - നിമേഷ് എം താനൂർ. ചിത്രം ഏപ്രിൽ 8ന് കാണികൾക്ക് നൂതന ദൃശ്യാനുഭവവുമായി സിനിമാ സ്‌ക്രീനുകളിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.