പോപ്പ് സംഗീത ചക്രവർത്തി മൈക്കിള്‍ ജാക്സൺ വിട പറഞ്ഞിട്ട് വർഷം കുറച്ചായെങ്കിലും ഇപ്പോഴും അദ്ദേഹവുമായി ബന്ധപ്പെട്ടതെല്ലാം പലപ്പോഴായി വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ 1984-ലെ പെപ്‌സി പരസ്യത്തിൽ മൈക്കിൾ ജാക്‌സൺ ധരിച്ചിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ലെതർ ജാക്കറ്റ് ലേലത്തിൽ വിറ്റതാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ലണ്ടനിൽ നടന്ന ലേലത്തിൽ 306,000 ഡോളറിനാണ് (ഏകദേശം 2,54,78,187.30 രൂപ) വിൽപന നടന്നത്.
ജോർജ് മൈക്കിൾ ജാക്കറ്റ്, ആമി വൈൻഹൗസ്, ഡേവിഡ് ബോവി, ഒയാസിസ്, ദി ബീറ്റിൽസ് എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കളും 200-ലധികം സംഗീത സ്മരണികകളും ലേലത്തിൽ ഉണ്ടായിരുന്നു. 2007-ൽ 'യു നോ ഐ ആം നോ ഗുഡ്' എന്ന മ്യൂസിക് വീഡിയോയിൽ ബ്രിട്ടീഷ് ഗായിക ആമി വൈൻഹൗസ് ധരിച്ചിരുന്ന ഒരു തേനീച്ചക്കൂടിന് സമാനമായ ഹെയർപീസാണ് ഉയർന്ന വില ലഭിച്ച മറ്റൊരു ശ്രദ്ധേയമായ ഇനം. 22,900 ഡോളറിനാണ് (19,06,885.29 രൂപ) വിറ്റുപോയത്.
എൽവിസ് പ്രെസ്ലി, ക്വീൻ, ജോണി മാർ തുടങ്ങിയ സംഗീത ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട ഇനങ്ങളും ലേലത്തിൽ ഏറെ ശ്രദ്ധ നേടി. എന്നാൽ എസി/ഡിസിയുടെ ആംഗസ് യങ്ങിന്റെ ഒരു ഗിബ്സൺ ഗിറ്റാറും പരിമിത പതിപ്പായ യെല്ലോ സബ്മറൈൻ ബീറ്റിൽസ് ജൂക്ക്ബോക്സും ഉൾപ്പെടെ പല ഇനങ്ങളും വാങ്ങാൻ ആളുകൾ എത്തിയിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്.
1983-ൽ തന്റെ പ്രശസ്തമായ മൂൺവാക്ക് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് മൈക്കിൾ ജാക്‌സൻ ധരിച്ചിരുന്ന കറുത്ത ഫെഡോറ തൊപ്പി ഉൾപ്പെടെ പലതും പല ലേലങ്ങളിലായി വിറ്റുപോയിട്ടുണ്ട്. മരണാനന്തരം ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കലാകാരൻ എന്ന ലേബൽ ജാക്‌സന് സ്വന്തം. മറ്റൊരു ഗായകനും നേടാനാകാത്ത 13 ഗ്രാമി അവാർഡ് റെക്കോഡുകൾ മൈക്കിൾ ജാക്സന്റെ പേരിലാണ്. സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ അദേഹത്തിന്റെ സംഭാവനകൾ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കി മൈക്കിള്‍ ജാക്സനെ മാറ്റി. 2009 ജൂൺ 25 ന് പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിത ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് ജാക്സൻ മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.