താമരശ്ശേരി: സമൂഹ മാധ്യമങ്ങളെ ഗുരുവാക്കി സംഗീത ലോകത്തെ വഴികൾ തേടിപ്പിടിച്ച് എളേറ്റിലെ മൂന്നു സഹോദരങ്ങൾ കുളിരേകും ഗസൽമഴ പെയ്യിച്ച് ശ്രദ്ധനേടുകയാണ്. എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി സെയ്ദ് അബാൻ, സഹോദരങ്ങളായ എളേറ്റിൽ ജി.എം.യു.പി. സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് നജാദ്, മുഹമ്മദ് യാമിൻ എന്നിവരാണ് സ്വയം ആർജിച്ച കഴിവുമായി ഗസൽ പാട്ടുമായി ശ്രദ്ധേയരാവുന്നത്.
ഗസലിന്റെ പിന്നണിയിലും ഇവർതന്നെയാണ്. ഹാർമോണിയം, തബല, ഡോലക്, ജിപ്സി എന്നീ സംഗീത ഉപകരണങ്ങൾ ഇവർ സ്വയം പഠിച്ചാണ് പിന്നണി തീർക്കുന്നത്. ഒരാൾ പാടുമ്പോൾ മറ്റ് രണ്ടു പേരും പിന്നണിയിൽ സജീവരായിരിക്കും. പരസ്പരം പഠിച്ചും പരീക്ഷിച്ചും സഹോദരങ്ങൾ സ്വരലയം തീർക്കുകയാണ്.
ഗസൽ ചക്രവർത്തികളായ മെഹ്ദി ഹസൻ, ഗുലാം അലി, ജഗത് സിങ്, പങ്കജ് ഉദാസ്, ഉമ്പായി, ബാബുരാജ് എന്നിവരുടെ മെഹ്ഫിൽ യു ട്യൂബിലൂടെ കേട്ടാണ് ഇവർ സ്വന്തമായ ശൈലിയിൽ ആലപിക്കുന്നത്. നേരിട്ട് ഒരു ഗസൽപോലും കേൾക്കാത്ത ഇവർ ഗസലിന്റെ വഴിയിലെത്തുന്നത് കോവിഡ് ലോക് ഡൗൺ കാലത്താണ്. എളേറ്റിൽ എം.ജെ. എച്ച്.എസ്.എസിലെ അധ്യാപകരായ എളേറ്റിൽ ചെറ്റക്കടവിലെ ഡോ. മുഹമ്മദ് ബഷീർ-നുബുല ദമ്പതികളുടെ മക്കളാണിവർ.
പിതാവ് മുഹമ്മദ് ബഷീർ ഗസൽ ആരാധകനാണ്. മക്കൾക്കൊപ്പം യാത്രചെയ്യുമ്പോൾ പിതാവ് ബഷീർ കാറിൽ പതിവായി ഗസലുകളാണ് ആസ്വദിച്ചിരുന്നത്. മെഹ്ഫിലുകൾ ചെറുപ്പം മുതൽ കേട്ടാണ് മക്കളും ഗസലിന്റെ ആരാധകരായതെന്നാണ് പിതാവ് മുഹമ്മദ് ബഷീർ പറയുന്നത്. മക്കളുടെ ആവശ്യപ്രകാരമാണ് സംഗീത ഉപകരണങ്ങൾ വാങ്ങി നൽകുന്നത്. യു ട്യൂബിലൂടെയാണ് ഇവർ ഹാർമോണിയം, തബല, ഡോലക്, ജിപ്സി തുടങ്ങിയ വായിക്കാൻ പഠിക്കുന്നത്. പഠിച്ച് ജോലി നേടി അതിനൊപ്പം ഗസലും കൊണ്ടുപോകാനാണ് 14കാരൻ സെയ്ദ് അബാനും 11കാരൻ മുഹമ്മദ് നജാദും ഏഴ് വയസ്സുകാരൻ മുഹമ്മദ് യാമിനും ആഗ്രഹിക്കുന്നത്. ഇതിന് എല്ലാ പിന്തുണയുമായി മാതാപിതാക്കളും അധ്യാപകരും രംഗത്തുണ്ട്.
വിക്റ്റേഴ്സ് ചാനലിൽ ഹരിതവിദ്യാലയം, എസ്.സി.ഇ.ആർ.ടി സംഘടിപ്പിച്ച സ്റ്റെപ്സ് പരിപാടി, വിദ്യാരംഗം സംസ്ഥാനതല ശിൽപശാല, കാവ്യാലാപനം യു.പി വിഭാഗം ജില്ലാതല ഒന്നാം സ്ഥാനം, ആകാശവാണി ബാലലോകം പരിപാടി, ലൈബ്രറി കൗൺസിൽ സംസ്ഥാനതല കാവ്യാലാപനം തുടങ്ങിയവയിൽ ഈ സഹോദരങ്ങൾ മികവ് പുലർത്തി ശ്രദ്ധ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.