തൃശൂർ: നഞ്ചിയമ്മക്ക് മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച വിഷയത്തിൽ മറ്റുള്ളവർ മിണ്ടാതിരുന്നാൽ മതിയായിരുന്നുവെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. തൃശൂർ പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിനിടെ, പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഗീതം പഠിച്ചവർക്ക് മാത്രമേ അവാർഡ് കൊടുക്കാവൂ എന്ന് പറയുന്നത് തെറ്റാണ്. ആസ്വാദകരിൽ സന്ദർഭത്തിന്‍റെ ഭാവം പകരുന്ന വിധമാണ് നഞ്ചിയമ്മ പാടിയത്.
സിനിമയുടെ ദൃശ്യവത്കരണത്തിന് അനുയോജ്യമായ ഭാവം പകരാനും സിനിമ എടുക്കുന്ന മേഖലയിലെ പ്രകൃതിരമണീയത ആസ്വദിപ്പിക്കാനും അവരുടെ ടൈറ്റിൽ സോങ്ങിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ ചിത്ര, സുജാത, ശ്രേയാ ഘോഷാൽ എന്നിവർ ആ പാട്ട് പാടിയാൽ പോലും ഇത്രമേൽ ഫീൽ ഉണ്ടാക്കാനാവുമെന്ന് കരുതുന്നില്ല.
നഞ്ചിയമ്മയെ അവാർഡിന് തെരഞ്ഞെടുത്തത് ഒരാളല്ല, ജൂറിയാണ്. അവരുടെ പാട്ട് സിനിമയിലെ സന്ദർഭത്തിനനുസരിച്ച് ആസ്വദിക്കാൻ ജൂറി അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പുരസ്കാരം അവർക്ക് നൽകിയതിൽ ഒരു കുഴപ്പവുമില്ല. സിനിമ ഷൂട്ട് ചെയ്യുന്ന നാട്ടിലെ ഒരു സ്ത്രീ പാടി നേടിയ പുരസ്കാരത്തിൽ മിണ്ടാതിരിക്കുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.