1958 ലെ സ്കൂൾ യുവജനോത്സവത്തിൽ യേശുദാസിന് വേണ്ടി മൃദംഗം വായിക്കുന്ന പി ജയചന്ദ്രൻ

യേശുദാസും ജയചന്ദ്രനും: യുവ​ജനോത്സവ വേദിയിൽ ജേതാക്കളായി കണ്ടുമുട്ടിയ സൂര്യ-ചന്ദ്രന്മാർ

മലയാള സംഗീത ലോകത്ത് സൂര്യനെയും ച​ന്ദ്രനെയും പോലെ വിളങ്ങിനിന്ന രണ്ടു നക്ഷത്രങ്ങളാണ് കെ.ജെ. യേശുദാസും പി. ജയചന്ദ്രനും. സ്കൂൾ കാലഘട്ടം മുതൽ സംഗീതലോകത്ത് ഒരുമിച്ചു സഞ്ചരിക്കുകയും മലയാളിയെ പാട്ടിന്റെ സർഗവഴിയിൽ ആഘോഷപൂർവം വഴിനടത്തിക്കുകയും ചെയ്ത രണ്ടു മഹാപ്രതിഭകൾ. സ്കൂൾ യുവ​ജനോത്സവ വേദിയിൽ സംഗീതത്താൽ വിളക്കിച്ചേർക്കപ്പെട്ട ആ ബന്ധം പിന്നീട് പതിറ്റാണ്ടുകൾ മലയാളത്തിന്റെ പ്രിയം നേടി മുന്നേറുകയായിരുന്നു.

ഇരിങ്ങാലക്കുടയിലെ നാഷനൽ ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന സമയത്ത് പി. ജയചന്ദ്രൻ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. 1958 ലെ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുക്കവേയാണ് ജയചന്ദ്രൻ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുന്നത്. അന്ന് മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് ജയചന്ദ്രനായിരുന്നു.

2001ൽ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാർഡ്’ നൽകി ആദരിച്ചിരുന്നു. ഈ പുരസ്കാരം ലഭിച്ച ആദ്യ ഗായകനായി അദ്ദേഹം. 30 വർഷക്കാലയളവിലെ ഗായകരിൽ നിന്നും ഗാനരചയിതാക്കളിൽ നിന്നുമുള്ള മികച്ച വ്യക്തിക്കാണ് ഈ പുരസ്കാരം നൽകിയിരുന്നത്. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ. സി ഡാനിയേൽ അവാർഡ് നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു.

മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ജയചന്ദ്രൻ ഒരു തവണ നേടിയിട്ടുണ്ട്. 1985 ൽ ജി. ദേവരാജൻ സംഗീതം നൽകിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ ‘ശിവശങ്കര സർവ ശരണ്യ വിഭോ’ എന്ന ഗാനത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്. അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്‌നാട് സംസ്ഥാന അവാർഡുകളും നേടി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അദ്ദേഹം പാടിയിട്ടുണ്ട്.


1967 ൽ പി. വേണു സംവിധാനം ചെയ്ത ‘ഉദ്യോഗസ്ഥ’ എന്ന ചിത്രത്തിനുവേണ്ടി എം.എസ്. ബാബുരാജ് സംഗീതം നൽകിയ ‘അനുരാഗ ഗാനം പോലെ’ എന്ന ഹിറ്റ് ഗാനം. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേർന്ന് ‘നിൻമണിയറയിലെ’ (സി. ഐ. ഡി. നസീർ, 1971), "മലയാള ഭാഷതൻ മാദക ഭംഗി" (പ്രേതങ്ങളുടെ താഴ്‍‌വര, 1973) തുടങ്ങിയ കൂടുതൽ ഹിറ്റുകൾ. പണിതീരാത്ത വീട് എന്ന ചിത്രത്തിലെ ‘നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ’ എന്ന ഗാനത്തിനാണ് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ലഭിച്ചത്. 1973 ൽ പുറത്തിറങ്ങിയ ‘മണിപ്പയൽ’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോൽ..’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ ബന്ധനം എന്ന ചിത്രത്തിലെ ‘രാഗം ശ്രീരാഗം’ എന്ന ഗാനത്തിലൂടെ 1978ൽ അദ്ദേഹത്തിന് മറ്റൊരു കേരള സംസ്ഥാന അവാർഡ്. നിറം എന്ന ചിത്രത്തിലെ ‘പ്രായം നമ്മിൽ’ എന്ന കാമ്പസ് ഗാനം 1998 ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരം നേടിക്കൊടു​ത്തു. 1975ൽ ആർ.‌കെ ശേഖറിന്റെ സംഗീത സംവിധാനത്തിൽ, അക്കാലത്ത് കേവലം ഒമ്പത് വയസ്സ് മാത്രമുണ്ടായിരുന്ന എ. ആർ റഹ്മാൻ ആദ്യമായി ചിട്ടപ്പെടുത്തിയ പെൺപട എന്ന മലയാള സിനിമയ്ക്കുവേണ്ടിയുള്ള ‘വെള്ളിത്തേൻ കിണ്ണം പോൽ’ എന്ന ഗാനം ജയചന്ദ്രൻ ആലപിച്ചിരുന്നു.

സംഗീതസംവിധായകൻ ഇളയരാജയുമായി ജയചന്ദ്രൻ അടുത്തു സഹകരിച്ചു പ്രവർത്തിച്ചു. ‘രാസാത്തി ഉന്നെ കാണാതെ നെഞ്ച് കാറ്റാടി പോലാട്ത്..., എന്ന സൂപ്പർ ഹിറ്റ് ഗാനം ആ കൂട്ടുകെട്ടിന്റെ സൃഷ്ടിയായിരുന്നു. ‘കാത്തിരുന്തു കാത്തിരുന്തു’ (വൈദേഹി കാത്തിരുന്താൾ), ‘മയങ്കിനേൻ സൊല്ല തയങ്കിനേൻ’ (നാനേ രാജ നാനേ മന്തിരി), ‘വാഴ്കയേ വേഷം’ (ആറിലിരുന്തു അറുപതു വരൈ), ‘പൂവാ എടുത്തു ഒരു‘ (അമ്മൻ കോവിൽ കിഴക്കാലെ), ‘താലാട്ടുതേ വാനം’ (കടൽ മീൻകൾ) എന്നിവയുൾപ്പെടെ തമിഴിൽ കൂടുതൽ ഹിറ്റുകൾ. 1994 ൽ എ.ആർ. റഹ്മാൻ സംഗീതം നൽകിയ ‘കിഴക്കു ചീമയിലെ’ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

2008ൽ എ.ആർ. റഹ്മാൻ സംഗീതം നൽകിയ ‘എ വേ ഓഫ് ലൈഫ്’ എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടി ജയചന്ദ്രൻ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി.

Tags:    
News Summary - P Jayachandran and KJ Yesudas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.