ചേർത്തല: കാട്ടിലെ പാഴ്മുളം തണ്ടുകൊണ്ട് സപ്തസ്വരങ്ങൾ ഒഴുകിയെത്തുന്ന ഓടക്കുഴൽ നിർമിക്കുകയാണ് വയലാർ പുതുമനക്കരി പ്രമോദ്. മൂന്ന് പതിറ്റാണ്ട് മുമ്പ് പഠിച്ചുതുടങ്ങിയതാണ് ഓടക്കുഴൽ വായന. നിർമിക്കാനുള്ള മോഹമുദിച്ചത് 10 വർഷം മുമ്പ്.
പ്രമുഖ ഓടക്കുഴൽ കലാകാരൻ വാരനാട് സുഭാഷിെൻറ കീഴിലായിരുന്നു പ്രമോദ് ഓടക്കുഴൽ വായന പഠനം. എറണാകുളത്ത് സ്വകാര്യ ഏജൻസിയുടെ കീഴിൽ ജോലി ചെയ്ത് വരുന്നതിനിടെ 2011 ലാണ് ആദ്യമായി ഓടക്കുഴൽ നിർമിച്ചത്. തുടർന്ന് ആശാന് മുന്നിൽ കാഴ്ച വെച്ചു. അദ്ദേഹത്തിെൻറ അഭിനന്ദനം പ്രചോദനമായി. തുടർന്നാണ് ജോലി ഉപേക്ഷിച്ച് ഓടക്കുഴൽ നിർമാണത്തിലേക്ക് തിരിഞ്ഞത്.
കർണാട്ടിക് സംഗീതത്തിന് എട്ട് ദ്വാരവും, ഹിന്ദുസ്ഥാനി സംഗീതത്തിന് ആറ് ദ്വാരവുമാണെന്ന് മനസ്സിലാക്കുകയും സ്വരശുദ്ധി വരുത്തുന്നതിന് കഴിവും സിദ്ധിച്ചു. ഇതിന്ശേഷമാണ് ഓടക്കുഴൽ നിർമിക്കാമെന്ന ആത്മവിശ്വാസം ഉടലെടുത്തത്. നാട്ടിലെ ഈറ്റയാണ് ആദ്യം കണ്ടെത്തിയത്. ഇരുമ്പ് പഴുപ്പിച്ച് ദ്വാരങ്ങൾ ഉണ്ടാക്കി സാൻഡ് പേപ്പർ കൊണ്ട് മിനുസപ്പെടുത്തി അവസാന പണിയായി വർണ റിബൺ ഒട്ടിച്ച് ഭംഗിയാക്കുന്നേതാടെ പ്രഫഷനൽ ഓടക്കുഴൽ റെഡി. പതിനായിരത്തോളം ഓടക്കുഴൽ ഇതിനോടകം നിർമിച്ചു. നാട്ടിൽ ഈറ്റയുടെ ക്ഷാമമുള്ളത് കൊണ്ട് ഉത്തരാഖണ്ഡിൽനിന്ന് വരുത്തി. രണ്ട് ദിവസമെടുക്കും ഒരു ഓടക്കുഴൽ നിർമിക്കാൻ. പുറത്ത് കടകളിൽ 3500 ഓളം രൂപ വരുന്ന ഓടക്കുഴലിന് 1000 രൂപയ്ക്കാണ് പ്രമോദ് നൽകുന്നത്.
പ്രശസ്ത കലാകാരൻമാരായ രാജേഷ് ചേർത്തല, ഗോപി ഗുരുവായൂർ, വാരനാട് സുഭാഷ് തുടങ്ങിയവർ ഉപയോഗിക്കുന്നത് പ്രമോദിെൻറ കരവിരുതിലൂടെ ജന്മം കൊണ്ട ഓടക്കുഴലുകളാണ്. പഠിക്കുന്ന കുട്ടികൾക്കും വാദ്യോപകരണ വിൽപനശാലയ്ക്കും പ്രമോദ് ഓടക്കുഴൽ വിൽക്കുന്നു. തൃപ്പൂണിത്തുറ പൊലീസ് വനിതാസെല്ലിലെ ഉദ്യോഗസ്ഥ രജിതയാണ് ഭാര്യ. ഭാവ്നി ശങ്കർ, ആവ്നി ശങ്കർ എന്നിവർ മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.