സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ മഹാവീര്യർ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നിവക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന മഹാവീര്യറിൽ യുവ താരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതുവരെ പ്രേക്ഷകർ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് നിവിൻ പോളി, ആസിഫ് അലി എന്നിവരെ ടീസറിലും മറ്റും കാണുവാൻ സാധിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനവും തരംഗമാവുകയാണ്. രാധേ രാധേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
വിദ്യാധരൻ മാസ്റ്റർ, ജീവൻ പദ്മകുമാർ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് ബി.കെ ഹരിനാരായണനാണ്. ഇഷാൻ ചാബ്രയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ എബ്രിഡ് ഷൈൻ ആണ്.
പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ലാൽ,ഷാൻവി ശ്രീവാസ്തവ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, സൂരജ് എസ് കുറുപ്പ്,പദ്മരാജൻ,കലാഭവൻ പ്രജോദ് ,സുധീർ പറവൂർ,പ്രമോദ് വെളിയനാട് ,ഷൈലജ പി അമ്പു എന്നിവരും അഭിനയിച്ചിട്ടുണ്ട്.ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും,മനോജ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന മഹാവീര്യർ ഫാന്റസിയും കോമഡിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും ഇടകലർത്തി ഒരുക്കിയ ഒരു ചിത്രമാണെന്ന സൂചനയാണ് ടീസർ നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.