രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം, കഥയമമ കഥയമമ കഥകളതിസാദരം, മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില്, മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ... ഓരോ വരിയിലും പ്രണയവും വിരഹവും സന്തോഷവും. ഈ വരികളെക്കുറിച്ച് ചോദിക്കുമ്പോൾ
‘‘താൻ എന്തും എഴുതാറില്ല, എന്തെങ്കിലുമുള്ളതേ എഴുതാറുള്ളൂ’’ എന്ന് പറയുന്ന കവി റഫീക്ക് അഹമ്മദ്. പാട്ടിന്റെ വരികൾ കൊണ്ട് മായാജാലം തീർക്കുന്ന റഫീക്ക് അഹമ്മദിനെ തേടി ആറാം തവണയും മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്കാരം തേടിയെത്തി. വീണ്ടും തന്നെ തേടി പുരസ്കാരമെത്തിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
സംഗീതം ചിട്ടപ്പെടുത്തിയതിനു ശേഷം, അതിനനുസരിച്ച് എഴുതിയ ഗാനമല്ല ‘വിഡ്ഢികളുടെ മാഷ്’ എന്ന സിനിമയിലെ ‘തിരമാലയാണു നീ...’ എന്നു തുടങ്ങുന്ന ഗാനം. കഥാസന്ദർഭം വിവരിച്ചുതന്നതിനു ശേഷം അവിടെ ഉൾപ്പെടുത്താൻ പറ്റിയ ഗാനം വേണമെന്നു സംഗീത സംവിധായകൻ ബിജിബാൽ ആവശ്യപ്പെടുകയായിരുന്നു. ആശയം ഉൾക്കൊണ്ട്, വരികൾ എഴുതിക്കൊടുത്തു. ‘തിരമാലയാണു നീ കടലായ ഞാൻ നിന്നെ തിരയുന്നതെത്രമേൽ അർഥശൂന്യം, നിഴലിനെ രൂപത്തിൽനിന്നുമടർത്തുവാൻ, നിശയെ നിലാവിൽ നിന്നിഴപിരിക്കാൻ, ഒരു പനിനീർപൂവിന്നിതളുകളിൽനിന്ന് പരിമളം മാത്രമായ് വേർപെടുത്താൻ കഴിയുകയില്ലെന്നു നാമറിയുന്നു, നമ്മുടെ ശ്വസനങ്ങൾ ശ്രുതി ചേർന്നിരിക്കയല്ലേ...’’ ഈ വരികൾക്കു ചേരുന്ന സംഗീതം അദ്ദേഹം ചിട്ടപ്പെടുത്തി. ചിത്രയുടെ ശബ്ദം വരികളുടെ തിളക്കം കൂട്ടി. ഓളം സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ സൃഷ്ടിച്ചൊരു ഗാനമല്ലിത്. അതിനാലായിരിക്കാം ഈ ഗാനം പലരും ശ്രദ്ധിക്കാതെപോയത്. ഞാനെഴുതിയ നിരവധി ഗാനങ്ങൾ ഇതുപോലെ ‘ഹിറ്റ്’ ആകാതെ പോയിട്ടുണ്ട്.
എന്താണ് ഹിറ്റ്? ചെറിയൊരു കാലം എല്ലാവരും പാടിനടക്കുക, അതിനുശേഷം നിർദാക്ഷിണ്യം വിസ്മരിക്കപ്പെടുക! അങ്ങനെയുള്ള പാട്ടുകൾ എഴുതാൻ എന്നെ ആരും സമീപിക്കാറില്ലെന്നത് സത്യമാണ്. റഫീക്ക് അഹമ്മദിന്റെ പ്രശസ്ത ഗാനങ്ങൾ ഏതെല്ലാമെന്നു ചോദിച്ചാൽ, എല്ലാവരും പറയുക 'സ്പിരിറ്റി'ലെ 'മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ...' അല്ലെങ്കിൽ ‘മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...’ തുടങ്ങിയ വിരലിൽ എണ്ണാവുന്നവ മാത്രമാണ്. എന്നാൽ, പ്രശസ്തമാകേണ്ടിയിരുന്ന ഒരുപാടു ഗാനങ്ങൾ വേറെയുണ്ട്. ആ പാട്ടുകളൊന്നും ജനശ്രദ്ധ നേടാതിരുന്നത്, ഒരുപക്ഷേ അവ ഓളങ്ങൾ തീർക്കാതിരുന്നതുകൊണ്ടാണ്. ഇന്നിന്റെ പ്രവണതകൾക്കനുസരിച്ചുള്ള വരികളും സംഗീതവും ജനസമ്മതി നേടാനുള്ള പ്രധാന കാരണം അവയുടെ നിർമാണംതന്നെ ഓളങ്ങൾ തീർക്കണമെന്ന ലക്ഷ്യംവെച്ചുകൊണ്ടായായിരുന്നു എന്നതിനാലാണ്. ശ്രോതാക്കളാണ് വിലയിരുത്തേണ്ടതും, വിധി എഴുതേണ്ടതും. മാറുന്ന അഭിരുചികൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, ജനപ്രീതി വിസ്മരിക്കുന്നില്ലെങ്കിലും, എന്തും എഴുതാറില്ല, എന്തെങ്കിലുമുള്ളതേ എഴുതാറുള്ളൂ. ഓളങ്ങളല്ല ലക്ഷ്യം!
എന്തെങ്കിലുമുള്ള അക്ഷരങ്ങൾ എഴുതുന്നതിലേ അർഥമുള്ളൂ. അതിന് കഴിയുന്നത് തേടിവരുന്നവർക്കുവേണ്ടി മാത്രം എഴുതുന്നതുകൊണ്ടാണ്. പാട്ടു വേണോയെന്നു ചോദിച്ച്, സിനിമക്കാരുടെ പിറകെ പോകാറില്ല. അത് ബാധ്യതയാണ്. പാട്ടിന്റെ മാത്രമല്ല, ചിത്രത്തിന്റെ പരാജയത്തിനുപോലും പാട്ട് എഴുതിയ ആളിനെ കുറ്റപ്പെടുത്തും. പടം ചെയ്യുന്നവർക്ക് എന്നെക്കുറിച്ചൊരു ധാരണയുണ്ട്. അതനുസരിച്ചാണ് അവർ സമീപിക്കുന്നത്. ഞാൻ എന്തും എഴുതാറില്ലെന്ന് അവർക്കറിയാം.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ശമനതാളം’ മെഗാസീരിയലിൽ ചിത്ര പാടിയ ‘മൺവീണയിൽ മഴ ശ്രുതിയുണർത്തി...’ എന്നു തുടങ്ങുന്ന വരികൾ എഴുതിയപ്പോഴാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടതെന്നു തോന്നുന്നു. അതേ സമയം മികവും ജനപ്രിയതയും തമ്മിലുള്ളത് വസ്തുനിഷ്ഠമല്ലാത്തൊരു ബന്ധമാണ്. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ, എല്ലാവരെയും ആകർഷിക്കുന്ന രീതിയിൽ എഴുതിയാലേ വരികൾക്കു സ്വീകാര്യത ലഭിക്കൂ. ‘മൺവീണയിൽ മഴ ശ്രുതിയുണർത്തി മറവികളെന്തിനോ ഹരിതമായി...’ എന്ന ഗാനം ഏറെ പ്രശസ്തമായി. കഥയിലെ രോഗഗ്രസ്തയായ സ്ത്രീകഥാപാത്രത്തിനുവേണ്ടി ആയിരുന്നല്ലോ ഈ ഗാനം. താളക്കേടുകളിലൂടെ സഞ്ചരിച്ച് ശമനതാളത്തിലെത്താൻ വെമ്പുന്നവരുടെ മൂഡാണ് ഈ ഗാനത്തിൽ അക്ഷരങ്ങളിലൂടെ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ, ചിത്ര ഇത്രയും ഹൃദയസ്പർശിയായ മറ്റൊരു പാട്ട് പാടിയിട്ടില്ല! ഈ ഗാനത്തിന്റെ മാസ്മര സംഗീതത്തിന്റെയും തേനൂറും ശബ്ദത്തിന്റെയും കൂടെ നിൽക്കാൻ ഈ വരികൾക്കു സാധിച്ചുവെന്നതിൽ ഏറെ സന്തോഷമുണ്ട്. ഇതെഴുതുമ്പോൾ ഗാനരചനരംഗത്ത് ഒരു തുടക്കക്കാരനുമായിരുന്നു. പത്തുമുന്നൂറു സിനിമകളിലായി എഴുനൂറിനുമേൽ ഗാനങ്ങളെഴുതിയത് ഇവക്കു ശേഷമാണ്.
മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ഞാൻ നേടിയതും ഗായകനുള്ളത് വിജയ് യേശുദാസ് നേടിയതും 'മഴകൊണ്ടുമാത്രം...' എന്ന ഗാനത്തിലൂടെയാണ്. ‘മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ, പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ…’ പ്രണയിക്കുന്നവരും പ്രണയമോഹമുള്ളവരും പ്രണയിക്കാത്തവരും ഈ വരികൾ സ്വീകരിച്ചെന്നു തോന്നുന്നു. നല്ല അഭിപ്രായങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു!
‘മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...’ എന്നു തുടങ്ങുന്ന ഗാനം നല്ലൊരു സന്ദേശം നൽകുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം. നേരത്തേ എഴുതിയ 'മരണമെത്തുന്ന നേരത്ത്' എന്ന കവിതയാണ് ‘സ്പിരിറ്റി’ൽ ഗാനമായി ഉപയോഗിക്കപ്പെട്ടത്. സംവിധായകൻ രഞ്ജിത്തിന് പടത്തിലെ ഒരു പ്രത്യേക സന്ദർഭത്തിൽ ആ കവിത വളരെ അനുയോജ്യമായി തോന്നിയതുകൊണ്ട് അത് ഉൾപ്പെടുത്തുകയാണുണ്ടായത്. ‘മരണമെത്തുന്ന നേരത്തു' സിനിമയിൽ വന്നതിനുശേഷം കൂടുതൽ ശ്രോതാക്കൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. ഇപ്പോഴുമതിന്റെ ഫീഡ്ബാക്കുകൾ കിട്ടിക്കൊണ്ടിരിക്കുന്നു.
ഞാൻ സൈക്കിൾ ഉപയോഗിക്കുന്ന ആളാണ്. സൈക്കിൾ കടയിൽചെന്ന് ഇഷ്ടപ്പെട്ടതൊന്നു തിരഞ്ഞെടുക്കുന്ന സമയത്ത്, കടക്കാരന് എന്നെ അറിയില്ലായിരുന്നു. ‘മരണമെത്തുന്ന നേരത്തു...’ എഴുതിയ ആളാണെന്ന് പിന്നീട് അറിഞ്ഞപ്പോൾ, അയാൾ സൈക്കിൾ വീട്ടിലെത്തിച്ചു. എത്ര നിർബന്ധിച്ചിട്ടും അതിന്റെ വില സ്വീകരിച്ചില്ല! ഈ പാട്ട് എഴുതിയതിന് സാധാരണക്കാരനായ ഒരു സഹൃദയന്റെ സമ്മാനമാണത്. ആ സൈക്കിളിന് ഒരു ബെൻസ് കാറിനേക്കാൾ വിലയുണ്ട്!
പടം ചെയ്യുന്നവരുടെ നിർദേശങ്ങളാണ് ആദ്യത്തെ ഇൻപുട്ട്. പാട്ടിന്റെ സാഹചര്യം, സംജാതമാക്കേണ്ട വൈകാരികത മുതലായവയെല്ലാം മനസ്സിലാക്കാൻ ശ്രമിക്കും. പിന്നീട് അവ വരികളായി മാറുന്നത് തികച്ചും സ്വാഭാവികമായാണ്. കവിതയുടെ സൃഷ്ടിയിൽ ബോധപൂർവമായി ഒന്നുമില്ല. എല്ലാം യദൃച്ഛയാ സംഭവിക്കുന്നു. ആശയങ്ങൾക്ക് പൂർവകാല അനുഭവങ്ങളുടെ സ്വാധീനമുണ്ടാകാം, പക്ഷേ കവിത വളരെ ആത്മനിഷ്ഠമായിത്തന്നെയാണ് മനസ്സിൽ ഉടലെടുക്കുന്നത്. കവിതയുടെ ആന്തരാർഥങ്ങൾ അതെഴുതുമ്പോഴുള്ള മനോവികാരത്തിന് അനുസരിച്ചുവേണം നിർവചിക്കാൻ. ആന്തരാർഥങ്ങളിൽ വ്യതിയാനമുണ്ടാകുന്നത് ബോധപൂർവം തിരഞ്ഞെടുത്തു നടത്തുന്ന രചനകളിലാണ്. എന്നാൽ, എന്റെ കവിതകളിലെ പ്രമേയങ്ങളൊന്നും ബോധപൂർവം തിരഞ്ഞെടുക്കപ്പെട്ടവയല്ല. കവിതകൾ എനിക്ക് വീണുകിട്ടാറാണ് പതിവ്!
‘ഗർഷോ’മിൽ ഗാനരചയിതാവായി. ഇത് 1999ലെ കഥയാണ്. അതിനുമുന്നെ, 'സ്വപ്നവാങ്മൂലം' എന്ന കവിതാസമാഹാരമെഴുതി. കവിതകൾ ഇപ്പോഴുമെഴുതുന്നുണ്ട്. സിനിമാ രംഗത്തു വന്നതിനുശേഷമാണ് എന്റെ മിക്ക കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചതുതന്നെ. ‘പാറയിൽ പണിഞ്ഞത്’, ‘ആൾമറ’, ‘ചീട്ടുകളിക്കാർ’, ‘ശിവകാമി’, ‘ഗ്രാമവൃക്ഷത്തിലെ വവ്വാൽ’, ‘ റഫീക്ക് അഹമ്മദിന്റെ കവിതകൾ’... ആദ്യ നോവൽ ‘അഴുക്കില്ലം’ എഴുതിയത് അടുത്ത കാലത്തല്ലേ? സിനിമയിൽ തിരക്കിലായിരിക്കുമ്പോൾ തന്നെ! ഗാനരചനക്കുവേണ്ടി കവിതയെഴുത്തു നിർത്തിയിട്ടില്ല. സർക്കാർ ഉദ്യോഗമാണ് വേണ്ടെന്നുവെച്ചത്. വളന്ററി റിട്ടയർമെന്റ് എടുത്തു. എല്ലാം ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നില്ല.
സിനിമയിൽ പാട്ടെഴുതുന്നതുകൊണ്ടാണ് റഫീക്ക് അഹമ്മദ് എന്ന പേര് ഇങ്ങനെ പറഞ്ഞുകേൾക്കുന്നത്. ഒരു പക്ഷേ, അതിനാലായിരിക്കാം ജനങ്ങളെന്റെ കവിതകൾ വായിക്കുന്നതും! കാര്യമായൊരു സന്ദേശം സാധാരണക്കാരിലെത്തിക്കാൻ ഏറ്റവും ഫലപ്രദമായത് ചലച്ചിത്രഗാനങ്ങളാണ്. ഗൗരവരൂപമുള്ള കവിതകൾക്ക് പൊതുജനത്തിന്റെ പ്രീതി നേടാൻ പെട്ടെന്നു കഴിയില്ല. ഗാനമെഴുത്ത് ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്നുതന്നെ പലരും അറിയുമായിരുന്നില്ല! മലയാളികളുടെ കവിതയാണ് ചലച്ചിത്രഗാനങ്ങൾ. ഭാസ്കരൻ മാഷും ഒ.എൻ.വി സാറുമൊക്കെ ഒരേസമയത്ത് കവികളും ഗാനരചയിതാക്കളുമായിരുന്നു. തമ്പി സാർ ഇന്നും രണ്ടുമല്ലേ! സിനിമാപാട്ട് കവിതയേക്കാൾ വേഗത്തിൽ ജനകീയമാകുന്നു. ‘മരണമെത്തുന്ന നേരത്തി’ന്റെ സ്വീകാര്യതയും സ്വാധീനവും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ, സന്ദേശമെത്തിക്കുന്നതിൽ കവിതയ്ക്കൊരു ബദലായിരിക്കാൻ ചലച്ചിത്രഗാനത്തിനു പരിമിതികളുണ്ട്.
ചലച്ചിത്രഗാനങ്ങൾ സ്വതന്ത്രമായൊരു കാവ്യസങ്കൽപമല്ല. ഒരു സിനിമയിലെ കഥക്ക് പൊതുവായോ ഒരു പ്രത്യേക സാഹചര്യത്തിനോ വേണ്ടിയാണ് ഒരു ഗാനമെഴുതുന്നത്. സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ആ മൂഡിനപ്പുറത്ത് ആ ഗാനത്തിനു സ്കോപ്പില്ല. പക്ഷേ, സിനിമക്കു പുറത്തുള്ള ഒരു കവിതക്ക് ഇങ്ങനെയൊരു നിയന്ത്രണമില്ല.
പ്രത്യേകിച്ച് സന്ദേശമൊന്നുമില്ലാത്ത വരികളാണ് പ്രണയഗാനങ്ങൾ. ഈ തരത്തിൽപ്പെട്ട പാട്ടുകളാണ് പ്രണയങ്ങളുടെ പൊതു സ്വീകാര്യതക്ക് പണ്ടു മുതലേ കാരണമായതും. പ്രണയിക്കാത്തവരും പ്രണയഗാനങ്ങളുമായി പ്രണയത്തിലാണ്!
പുതിയ കാലം സങ്കീർണമാണ്. കവിതയുടെ ഭാവി അപ്രവചനീയവും. നിർമിത ബുദ്ധിയുടെയും സൈബോർഗുകളുടെയും യുഗമാണ് വരാനിരിക്കുന്നത്. അതിനകത്ത് കലയും സാഹിത്യവുമൊക്കെ എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. ഇന്ന് എല്ലാം പരന്നുകൊണ്ടിരിക്കുന്നു. ആഴങ്ങൾ നികന്ന ഒരു ലോകമാണ് നമ്മുടെ മുന്നിലുള്ളത്. ആദ്യം മുതൽ അക്ഷരമാല പഠിപ്പിക്കേണ്ടിവരുന്ന ഒരു കാലം.
നവോത്ഥാന പ്രസ്ഥാനങ്ങളും ശാസ്ത്ര ദർശനങ്ങളും, ശ്രീനാരായണഗുരുവുമൊക്കെ ഉഴുതുമറിച്ച ഒരു മണ്ണിൽനിന്നുകൊണ്ട് ഗോളാന്തര യാത്രക്കുവേണ്ടി പേടകങ്ങൾ തയാറാക്കിക്കഴിഞ്ഞ, ചൊവ്വയിൽ ഭൂമി വാങ്ങിയതിന്റെ കരം വില്ലേജാപ്പീസിൽ ഓൺലൈനായി അടക്കാൻ വരെ വളർന്നുകഴിഞ്ഞ ഒരു ലോകത്തിരുന്നുകൊണ്ട് ആർത്തവം അശുദ്ധമോ എന്നാണ് നമ്മൾ ചർച്ച ചെയ്യുന്നത്! ജാതി ചോദിച്ചാൽ എന്താ എന്നാണ് ചോദിക്കുന്നത്! ഉളുപ്പില്ലാത്ത ഒരു സമൂഹമായി നമ്മൾ മാറിക്കഴിഞ്ഞിരിക്കുന്നു.
കവിതയിലേക്കുതന്നെ വരാം. ഭാഷകൊണ്ടുള്ള ആവിഷ്കാരത്തിന്റെ സാധ്യമായ പരമോന്നത രൂപം എന്ന നിലയിലാണ് കവിതയെ ഞാൻ കാണുന്നത്. സൂചിപ്പിച്ചതുപോലെ, സൈബർയുഗം വലിയ സാംസ്കാരിക കുതിച്ചുചാട്ടങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും, കവിത എന്ന ആവിഷ്കാര രൂപത്തിന്റെ അടിസ്ഥാന സ്വത്വത്തെ അത് ലാഘവപ്പെടുത്തി എന്നാണെന്റെ നിരീക്ഷണം. നിങ്ങളുടെ കണ്ണുകളെ പെട്ടെന്ന് ആകർഷിക്കാനുള്ള യുക്തികളെയാണ് അതിപ്പോൾ തേടുന്നത്. നിങ്ങളുടെ മനസ്സിലേക്ക് കയറി അവിടെ പറ്റിപ്പിടിച്ചിരിക്കാൻ പുരോഗാമികളായി അവതരിച്ചിരിക്കുന്ന അക്കാദമിക്കുകളും അതിനുമേൽ അനവധി ചരടുകൾ ബന്ധിച്ചുകഴിഞ്ഞിരിക്കുന്നു. പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെക്കുറിച്ചുള്ള ശുദ്ധിവാദം അതിലൊന്നാണ്.
ലാവണ്യാംശത്തെയും എഴുത്തിന്റെ അബോധതലങ്ങളെയും പാടെ നിരാകരിക്കുന്ന സാംസ്കാരിക വിമർശന പദ്ധതിയും സർഗാത്മകതയുടെ സ്വാഛന്ദ്യത്തെ കെടുത്തിക്കളയുന്നു. എങ്കിലും പ്രതീക്ഷിക്കുന്നു, തെളിമയും നേരുമുള്ള ഒരു നാളെയെ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.