ഇൻസ്റ്റയിൽ റമദാൻ റാപ്പ് വൈബ് -VIDEO

മലപ്പുറം: ‘സുബയ്ക്ക് നീച്ചിട്ട്, അത്തായം പിടിച്ചിട്ട്, നാളെത്തെ നോമ്പിന്, നവയ്ത്തു പറഞ്ഞിട്ട്’ നോമ്പ് കാലത്തെ ദിനചര്യകളെ റാപ്പ് സംഗീതത്തിന്റെ ഈണത്തിലൂടെ അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ കൈയ്യടി വാങ്ങിയിരിക്കുകയാണ് 23കാരനായ പി.സി സൽമാൻ. ചടുലമായ താളത്തിൽ റമദാനിലെ ഒരു നോമ്പ് ദിവസത്തെ രസകരവും ചിന്തോദ്ദീപകവുമായ രീതിയിലാണ് റമദാൻ സ്പെഷ്യൽ റാപ്പിൽ സൽമാൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അത്താഴവും നോമ്പിന്റെ നിയ്യത്തും പറഞ്ഞ് തുടങ്ങുന്ന സൽമാന്റെ റാപ്പിൽ നിസ്കാര സമയവും വിശപ്പിന്റെ കാഠിന്യവുമെല്ലാം പറഞ്ഞുവെക്കുന്നുണ്ട്. അഹങ്കാരവും തെറ്റുകളും വെടിയാനും, അയൽപക്കക്കാരെ വിരുന്ന് വിളിക്കാനുമുള്ള ഉപദേശവും നോമ്പ് വിഭവങ്ങളും ഉൾക്കൊള്ളുന്ന റാപ്പ് പെരുന്നാളിലെ നിർബന്ധ ദാനത്തെ കുറിച്ച് പറഞ്ഞാണ് അവസാനിക്കുന്നത്. പത്ത് മിനിറ്റ് കൊണ്ട് രചിച്ച് "നോമ്പ് കള്ളൻ" എന്ന പേരിൽ പങ്കുവെച്ച റാപ്പ് രണ്ട് ദിവസത്തിനുള്ളിൽ മില്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ കണ്ടത്.

ഹലാൽ റാപ്പ് എന്ന ഹാഷ്ടാഗിൽ വൈറലായ റാപ്പ് ചലച്ചിത്ര സംഗീത രംഗത്തെ പ്രമുഖരുൾപ്പെടെ ഷെയർ ചെയ്തു. റാപ്പ് പ്രൊഡ്യൂസ് ചെയ്യാനും പുതിയ വർക്കുകൾ ചെയ്യാനും ഇതിനകം നിരവധി പേരാണ് സൽമാനെ ബന്ധപ്പെട്ടത്.

വയനാട് കൽപ്പറ്റ മുണ്ടേരിയിലെ ആസ്യ, അഷ്റഫ് ദമ്പതികളുടെ മകനായ സൽമാൻ എറണാകുളത്ത് സിനിമാറ്റോഗ്രഫി ചെയ്യുകയാണ്. ചെറുപ്പത്തിൽ തന്നെ സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇത്തരത്തിലുള്ള ശ്രമങ്ങൾക്ക് കാരണമായത്. സംഗീതത്തിന്റെ എല്ലാ മേഖലകളെയും ഇഷ്ടപ്പെടുന്ന സൽമാൻ തന്റേതായ ശൈലിയിൽ ഇതിന് മുമ്പും വ്യത്യസ്തമായ റാപ്പുകൾ അവതരിപ്പിച്ചിട്ടുണ്ട്.


ഫലസ്തീനെ കുറിച്ചുള്ള റാപ്പ് വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന ആശയത്തിലുള്ള മറ്റൊരു റാപ്പും സോഷ്യൽ മീഡിയയിൽ തരംഗമായി. ചെറിയ സമയത്ത് താൻ രചിച്ച് ആലപിക്കുന്ന ഇത്തരം സംഗീത ആവിഷ്കാരങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണ ഏറെ സന്തോഷം നൽകുന്നതാണെന്ന് സൽമാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - ramadan rap vibe on instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.