കോവിഡ് കാലത്ത് ഏകാന്തതയെ മറികടക്കാൻ സംഗീതത്തെ കൂട്ടുപിടിച്ച ഒരു കുടുംബം. അവരന്ന് ഒറ്റപ്പെട്ടവർക്കും രോഗികൾക്കും പാട്ടിന്റെ വഴികളിലൂടെ സാന്ത്വനമേകി. രവീന്ദ്രൻ പടാച്ചേരിയുടെയും പാട്ടുവീടിന്റെയും വർത്തമാനങ്ങൾ...
മഹാമാരിക്കാലത്ത് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയ മനുഷ്യൻ തന്റെ സർഗവാസനകൾ പുറത്തെടുത്തപ്പോൾ ലോകത്തിന് ലഭിച്ചത് അനേകം കലാകാരന്മാരെയാണ്. രവീന്ദ്രൻ പടാച്ചേരിയെന്ന ഗായകനും കുടുംബവും പാട്ടുവീടും പിറവിയെടുത്തതും ഇക്കാലത്തുതന്നെ. കൃത്യമായി പറഞ്ഞാൽ 2020 മാർച്ചിൽ. ഇന്ന് ഈ കുടുംബം സമൂഹ മാധ്യമങ്ങളിലും വേദികളിലും ഏറെ ജനശ്രദ്ധ നേടുകയാണ്.
പടാച്ചേരിയുടെ പാട്ടുവഴികൾ
‘അപ്പൂപ്പൻ ഉത്സവപ്പറമ്പുകളിലും അമ്പലമുറ്റങ്ങളിലും ഇതിഹാസ പുസ്തകങ്ങൾ പാടിവിറ്റിരുന്ന അളായിരുന്നു. പടാച്ചേരി കുടുംബത്തിന്റെ തലതൊട്ടപ്പൻ. കഥകൾ പാടി വിൽക്കുന്നത് ആളുകളെ ആകർഷിക്കുന്നതിനും വിൽപന എളുപ്പത്തിലാക്കുന്നതിനും സഹായിച്ചു. സംഗീതവഴിയിൽ എന്റെ ആദ്യ ഗുരു ജ്യേഷ്ഠനാണ്. മറ്റു സഹോദരങ്ങളും സംഗീതത്തോട് അഭിരുചിയുള്ളവരാണ്. 17 വയസ്സു മുതൽ ഗാനമേള രംഗത്ത് സജീവമാണ്. ‘പയ്യന്നൂർ സ്വാതി ഓർക്കസ്ട്ര’ എന്നാണ് ട്രൂപ്പിന്റെ പേര്. 90കൾ മുതൽ 2002 വരെ ഈ രംഗത്ത് സജീവമായിരുന്നു. കൈതപ്രത്തിന്റെ അനിയൻ കൈതപ്രം വിശ്വനാഥന്റെ ശിഷ്യൻകൂടിയാണ്. 2002ന് ശേഷം കേരള ബിവറേജസ് കോർപറേഷനിൽ ജോലി ലഭിച്ചതോടെ പാട്ടുരംഗത്തുനിന്ന് താൽക്കാലികമായി വിടപറയേണ്ടി വന്നു. എങ്കിലും, സമൂഹമാധ്യമങ്ങളുടെ വരവോടെ ഫേസ്ബുക്ക് പേജിൽ പാട്ടുകൾ അപ്ലോഡ് ചെയ്യുന്ന ശീലം പതിവാക്കി. പല ചാനലുകളിലും എനിക്കും മൂത്ത മകൾക്കും പാടാൻ അവസരം ലഭിച്ചു. ആ പാട്ടുകൾ വൈറലാവുകയും ചെയ്തു’, രവീന്ദ്രൻ പടാച്ചേരി പറയുന്നു.
സിനിമാതാരം ബാബു അനിൽ സുഹൃത്താണ്. അദ്ദേഹത്തിന്റെ വീട്ടിൽ സ്റ്റേജ് കെട്ടലും നാടകം അവതരിപ്പിക്കലുമൊക്കെ സ്ഥിരം കാഴ്ചകളായിരുന്നു. ആ വീടിനെ നാടകവീടെന്നാണ് വിളിക്കാറ്. ഒരു പാത്രത്തിൽനിന്നും എല്ലാവരും ഭക്ഷണം കഴിക്കുന്നതുപോലെ ഒരു പാട്ടിനെ പകുത്തെടുത്ത് ഒരു ഹെഡ്സെറ്റിലൂടെ ഞങ്ങൾ മാറിമാറി പാടും. ഒരു കുടുംബത്തിലെ എല്ലാവരും ചേർന്ന് പാട്ടവതരിപ്പിക്കുന്നതിനാൽ ‘പാട്ടുവീട്’ എന്ന പേര് നൽകിയാലോ എന്ന് ഞങ്ങൾ തീരുമാനിച്ചു. അതിൽനിന്നാണ് ‘പാട്ടുവീട്’ എന്ന പേരിന്റെ പിറവി. ആസ്വാദകരും അതേറ്റെടുത്തു.
‘തുളസിക്കതിർ നുള്ളിയെടുത്തു...’ എന്ന ഗാനമാണ് ആദ്യം വൈറലായത്. ഞാനും മൂത്തമകളുമായിരുന്നു വീട്ടിലെ പാട്ടുകാർ. ആദ്യമായി ഈ പാട്ട് പാടുമ്പോൾ ഇളയ മകൾ വൈഗയും ഞങ്ങളോടൊപ്പം ചേർന്നു. ഇതിനിടയിൽ ടീച്ചറും രണ്ടുവരി മൂളി. പാട്ട് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തപ്പോൾ 5000ത്തിൽനിന്ന് 25,000 ഫോളോവേഴ്സിലേക്കെത്തി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു ലക്ഷത്തിലേക്ക് എത്തുകയും വൻ ഹിറ്റാകുകയും ചെയ്തു.
‘രാസാത്തി ഉന്നൈ’, ‘ചിന്ന ചിന്ന വണ്ണക്കുയിൽ’ എന്നീ പാട്ടുകൾ തമിഴ്നാട്ടിൽ വൈറലായി. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് പാട്ടുവീടിനെ കേൾക്കുന്നത്.
കൊറോണക്കാലമായിരുന്നതിനാൽ 80കളിലെയും 90കളിലെയും പാട്ടുകളാണ് അന്ന് തിരഞ്ഞെടുത്തത്. പാട്ടുവീട് തുടങ്ങിയിട്ട് നാലു വർഷമായി. തമിഴിലും മലയാളത്തിലുമായി ഇതുവരെ 250 പാട്ടുകൾ പാടിക്കഴിഞ്ഞു. തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരുമായി നൂറോളം സ്റ്റേജ് പരിപാടികളിൽ പങ്കെടുത്തു. സോഷ്യൽ മീഡിയ പലതുണ്ടെങ്കിലും പാട്ടുകൾ അപ്ലോഡ് ചെയ്യുന്നത് ഫേസ്ബുക്ക് പേജുകളിലാണ്. കൊറോണക്കാലത്ത് മാസം 12 പാട്ടുകൾ വരെ പാടിയിരുന്നു. ഇപ്പോൾ മൂന്നു പാട്ടിൽ അധികം പാടാറില്ല.
കർക്കശക്കാരിയായ പ്രധാനാധ്യാപിക ഭാര്യ കാഞ്ഞങ്ങാട് സ്വദേശി ഷീനയെക്കാൾ കുട്ടികൾക്കിഷ്ടം പാട്ടുവീട്ടിലെ ടീച്ചറെയാണ്. സ്കൂളിലും പരിസരത്തുമെല്ലാം പാട്ടുവീട്ടിലെ ടീച്ചർ ഇന്ന് താരമാണ്. സഹപ്രവർത്തകരുടെ നല്ല സപ്പോർട്ട് ആണ് ലഭിക്കുന്നത്.
‘മാലിനി നദിയിൽ കണ്ണാടി നോക്കി’യെന്ന ഞങ്ങളുടെ പാട്ടിന് ഏറെ കൈയടി കിട്ടി. പാട്ടുകേട്ട് വയലാറിന്റെ മകൾ ഇന്ദുലേഖയും ഒ.എൻ.വി കുറുപ്പിന്റെ മക്കളുമെല്ലാം വിളിച്ചു, ആശംസകൾ അറിയിച്ചു.
രവീന്ദ്രൻ പടാച്ചേരി ജനിച്ചതും വളർന്നതും കണ്ണൂരിലെ പയ്യന്നൂരിലാണ്. ഇപ്പോൾ ഏഴു വർഷമായി കാസർകോട് ചെറുവത്തൂരാണ് താമസം. മൂത്ത മകൾ അനാമിക. ഇളയ മകൾ വൈഗ. മക്കൾ രണ്ടുപേരും ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ അറബി ഗാനത്തിന് വൈഗക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.