''എന്‍റെ ഷാനു പോയി. ഒരു ആയുസ്സ് മുഴുക്കെ ഒന്നിച്ച് കഴിഞ്ഞവർ ഞങ്ങൾ. ഏറെ ഉയരങ്ങൾ ഒന്നിച്ചു കണ്ടതാണ്, ഇറക്കങ്ങളും. പല വഴികളിലും പരസ്പരം കൂട്ടുനൽകിയായിരുന്നു വളർന്നത്. ഒരിക്കലും ബന്ധം മുറിഞ്ഞതേയില്ല, ശരീരങ്ങൾ എത്ര അകലത്തിലായപ്പോഴും. വേദന അടക്കാനാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലൊക്കെ വിളിക്കാറുണ്ടായിരുന്നു. തീരെ വയ്യെന്ന് പറയും. ഇനി നേരിട്ടുചെന്ന് അവസാന യാത്രയാക്കാൻ മനസ്സ് അനുവദിക്കുന്നില്ല''- പറയുന്നത് ബോളിവുഡ് കണ്ട ഏറ്റവും മികച്ച സംഗീത കൂട്ടുെകട്ടിൽ ബാക്കിയായ നദീം. വ്യാഴാഴ്ച രാത്രി വിടപറഞ്ഞ ഉറ്റസുഹൃത്തിന് വിട നൽകാൻ മനസ്സനുവദിക്കാതെ നദീം സങ്കടപ്പെട്ടുനിൽക്കുേമ്പാൾ ചരിത്രത്തിലേക്ക് പിന്മടങ്ങുന്നത് ലോകം ഏറെ ആദരിച്ച ഇണപിരിയാ കൂട്ടുകെട്ട്.
രാജസ്ഥാൻകാരനായ ചതുർഭുജ് റാത്തോഡിന്റെ മകൻ ശ്രാവണും മുംബൈ സ്വദേശിയായ നദീം അക്തർ സൈഫിയും ആദ്യം കാണുന്നത് 70കളുടെ തുടക്കത്തിലാണ്. 1997ലാണ് ഇരുവരുടെയും സംഗീത സംവിധാനത്തിൽ ആദ്യ സിനിമ ഇറങ്ങുന്നത്- സാക്ഷാൽ മുഹമ്മദ് റഫി പാട്ടുകാരനായി എത്തി 'ദംഗൽ' എന്ന ഈ ഭോജ്പൂരി സിനിമയിൽ. അഞ്ചു വർഷം കഴിഞ്ഞ് 'മൈനേ ജീനെ സീഖ് ലിയാ'യിലൂടെ ബോളിവുഡ് അരങ്ങേറ്റം. അതുകഴിഞ്ഞ് സഖ്മി ഇൻസാനും അതേ വർഷം ഇറങ്ങിയെങ്കിലും ആരോരുമറിഞ്ഞില്ല. 1989ൽ മൂന്നു സിനിമകൾക്ക് സംഗീതമൊരുക്കി പതിയെ തിരശ്ശീലക്കു പുറത്തെത്തിയ കൂട്ടുകെട്ടിന് അവസരങ്ങളുടെ കെട്ടുതുറക്കുന്നത് ഗുൽഷൻ കുമാറിന്‍റെ ടി സീരീസാണ്. എട്ടു പാട്ടുകളടങ്ങിയ ആൽബത്തിന്‍റെ ട്രാക്ക് കേട്ട് ആവേശംകയറിയ സംവിധായകൻ മഹേഷ് ഭട്ട് ഇരുവരെയും 'സിനിമയിലെടുത്തു'. ആ പാട്ടുകൾ 1990ൽ 'ആഷിഖി' എന്ന േബ്ലാക്ബസ്റ്റർ സിനിമയിലൂടെ ഇന്ത്യ മുഴുക്കെ മൂളിനടന്നു. രണ്ടു കോടി കാസറ്റുകൾ വിറ്റുപോയി ആ പാട്ടുകൾ.
പിന്നെ ബോളിവുഡിൽ നീണ്ട ഏഴുവർഷം നദീം- ശ്രാവൺ കൂട്ടുകെട്ട് മാത്രമേ ഉള്ളൂവായിരുന്നു.
സാജൻ, ഫൂൽ ഓർ കാണ്ഡേ, രാജ ഹിന്ദുസ്ഥാനി എന്നീ മൂന്നു സിനിമകൾ മാത്രം ഇരുവർക്കും നൽകിയത് സംഗീത ലോകത്തെ താരപദവി. ദീവാന, പായൽ, ഹം ഹേ രഹി പ്യാർ കേ, ദിൽവാലേ, ബർസാത്ത്, മുഹബ്ബത്ത്, പർദേസ്, റാസ്, ഹം തുമാരെ ഹൈ സനം, സഡക് തുടങ്ങി പിന്നെയും എണ്ണമറ്റ ഹിറ്റുകൾ. സമീർ, ആനന്ദ് ബക്ഷി, കുമാർ സാനു, ഉദിത് നാരായൺ, അൽക യഗ്നിക് തുടങ്ങി അക്കാലത്തെ ഗാന മാന്ത്രികരെല്ലാം മൂളിയത് ഇവർ സംഗീതം നൽകിയ വരികൾ.
യുവ തലമുറ എത്തിയ പുതിയ പതിറ്റാണ്ടുകളിൽ പോലും ഇരുവർക്കും അവസരം കുറഞ്ഞില്ല. അതിനിടെ 1997ൽ ഗുൽഷൻ കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നദീമിന്‍റെ പേര് ഉയർന്നുവന്നതോടെ ലണ്ടനിലായിരുന്ന നദീം പിന്നെ മടങ്ങിവന്നില്ല. നാട്ടിലില്ലാതിരുന്നിട്ടും ഇരുവരും കൂട്ടായി സിനിമകൾ പിന്നെയും വന്നു. 2005ൽ ഇരുവരും പിരിഞ്ഞു. 'ദോസ്തി: ഫ്രണ്ട്സ് ഫോറെവർ' ആയിരുന്നു കൂട്ടുകെട്ടിൽ പിറന്ന അവസാന സിനിമ. അതുകഴിഞ്ഞ് 2009ൽ പിന്നെയും ഇരുവരും ഒന്നായി.
66 കാരനായ ശ്രാവൺ ദിവസങ്ങളായി മാഹിമിലെ ആശുപത്രിയിലായിരുന്നു. അവസാന നാളുകളിൽ വെന്‍റിലേറ്ററിലും. നേരത്തെ പ്രമേഹവും മറ്റ് അസുഖങ്ങളുമുണ്ടായിരുന്ന ശ്രാവണിന് രോഗം വന്നതോടെ ശ്വാസകോശത്തിൽ അണുബാധ സാരമായി ബാധിച്ചിരുന്നു. ഹൃദയ രോഗവും കലശലായി. ഒടുവിൽ വിയോഗവും.
മരണം ബോളിവുഡിനെ കടുത്ത ദുഃഖത്തിലാഴ്ത്തി. ''മഹാമാരി കൊണ്ടുപോയ മറ്റൊരു മഹാ നഷ്ടമാണിതെന്നും വിനയവും സത്യസന്ധതയും ജീവിതത്തോടു ചേർത്തുവെച്ച മഹാനായ സംഗീത സംവിധായകനായിരുന്നുവെന്നും'' ഗായിക ശ്രേയ ഘോഷാൽ പറഞ്ഞു. സംഗീതജ്ഞനെന്നതിലുപരി ഏറെ സ്നേഹമുള്ള മനുഷ്യനും സുന്ദരമായ ഹൃദയവുമായിരുന്നു ശ്രാവണെന്ന് അദ്നാൻ സമി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.