കൊച്ചി: ശങ്കരനാദമായി സംഗീത പ്രേമികളുടെ മനസിലെന്നും മുഴങ്ങുന്ന എസ്.പി.ബി എന്ന എസ്.പി. ബാലസുബ്രഹ്മണ്യം. കേട്ടുകേട്ടു മതിവരാത്ത ഗാനങ്ങൾ ബാക്കിവെച്ചു പോയ പാട്ടു പോലൊരു മനുഷ്യൻ. എങ്കേയും എപ്പോതും സംഗീതം സന്തോഷം എന്നു നമ്മെ പാടിയുണർത്തിയ എസ്.പി.ബി വിട്ടുപിരിഞ്ഞ ശേഷമുള്ള ആദ്യത്തെ ജന്മദിനമാണിന്ന്. പൊഴിഞ്ഞു വീണൊരാ ഇളയനിലാവിൽ നമ്മളോരോരുത്തരുടേയും ഹൃദയം വരെ നനയിച്ച ഭാവഗായകന് ഈ ജന്മദിനത്തിൽ ഗാനോപഹാരം അർപ്പിക്കുകയാണ് മലയാളികളുടെ പ്രിയ ഗായകൻ അഫ്സൽ.
വാലിയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകി 'മറുപടിയും' എന്ന സിനിമക്കുവേണ്ടി എസ്.പി.ബി പാടിയ ശ്രീ 'നലം വാഴ' എന്ന ഗാനമാണ് അതേ നൈർമല്യത്തോടെ അഫ്സൽ പുനരാവിഷ്കരിച്ചിരിക്കുന്നത്-
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ കവർ സോങിന് മികച്ച പ്രതികരണമാണ് സംഗീത പ്രേമികളിൽ നിന്ന് ലഭിക്കുന്നത്. 'ഈ ജന്മദിനത്തിൽ എസ്.പി.ബി സാറിന് കൊടുക്കാൻ എനിക്കു കഴിയുന്നതിൽ വെച്ച് ഏറ്റവും വലിയ ആദരവാണ് ഈ പാട്ട്. പാട്ടിന്‍റെ പാലാഴിയായ അദ്ദേഹത്തിന് ആത്മസമർപ്പണമായി നൽകാൻ കഴിയുന്നതും ഒരു പാട്ടുമാത്രമാണന്നിരിക്കേ, അത്രത്തോളം ആരാധനയോടും സ്നേഹത്തോടും കൂടിയാണ് ഞാൻ ഇത് പാടിയിരിക്കുന്നത്'_ മാനസഗുരുവിനുള്ള ഈ ഗാനാർച്ചനയെ കുറിച്ച് അഫ്സലിന്‍റെ വാക്കുകൾ.
പാട്ടിന്റെ ലോകത്തിലേയ്ക്കു ചുവടുവച്ച കാലം മുതൽ അഫ്സലിനെ കാത്തിരുന്നത് എസ്.പി.ബിയുടെ പാട്ടുകളാണ്. പങ്കെടുക്കുന്ന ഗാനമേളകളിലെല്ലാം ശ്രോതാക്കൾ അഫ്സലിനോട് ആവശ്യപ്പെടുന്നതും എസ്.പി.ബിയുടെ പാട്ടുകൾ തന്നെ. അത്രത്തോളം അർപ്പണമനസോടെ പാടുന്നതിനാൽ ജൂനിയർ എസ്.പി.ബി എന്ന ഓമനപ്പേരും അഫ്സലിനു സ്വന്തമായി. അഫ്സലിൻ്റെ കവർ സോങിന് അനന്തരാമൻ അനിൽ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ദൃശ്യാവിഷ്കാരം യൂസഫ് ലെൻസ്മാനും ഛായാഗ്രഹണം അൻസൂർ കെട്ടുങ്ങലുമാണ്.
എസ്.പി.ബി ചരൺ, കെ.എസ് ചിത്ര, സുജാത, ശ്വേതാ മോഹൻ, ജെൻസി തുടങ്ങി സംഗീത രംഗത്തെ നിരവധി പ്രശസ്തർ ഈ കവർ സോങ്ങിന് അഭിനന്ദങ്ങൾ അറിയിച്ചിട്ടുണ്ട്. ഇന്ന് പിതാവിൻ്റെ ജന്മദിനത്തിൽ എസ്.പി.ബി ചരൺ നടത്തുന്ന സംഗീത പരിപാടിയിൽ അദ്ദേഹത്തിനുവേണ്ടി അഫ്സൽ സമർപ്പിച്ച ഈ ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
മധുരസംഗീതത്തിൻ്റെ തേൻമഴ പെയ്യിക്കുന്ന ശബ്ദവുമായി ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ 1946 ജൂൺ നാലിനാണ് എസ്.പി.ബി ജനിച്ചത്. ഇന്ത്യയിലെ മിക്ക ഭാഷകളിലുമായി 40,000ത്തിലധികം പാട്ടുകൾ പാടിയും നിരവധി സിനിമകളിൽ പാടി അഭിനയിച്ചും ലോകഗിന്നസ് റെക്കോഡിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് അദ്ദേഹം. പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ച അദ്ദേഹം 2020 സെപ്തംബർ 25നാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.