'ഒരുനോക്ക് മാത്രമാണെങ്കിലും ഒരിക്കൽ കൂടി നിന്നെ കാണാൻ കൊതിക്കുന്നു. നീ ഞങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഒരിക്കൽ കൂടി പറയാനും...' -അകാലത്തിൽ പൊലിഞ്ഞ മകൾ നന്ദനയുടെ ഓർമയിൽ മലയാളത്തിന്‍റെ പ്രിയ ഗായിക കെ.എസ്. ചിത്ര കുറിച്ച വാക്കുകൾ ഹൃദയസ്പർശിയാകുന്നു. നന്ദനയുടെ എല്ലാ ജന്മദിനത്തിലും ഓർമദിനത്തിലും ചിത്ര മകളുടെ അസാന്നിധ്യം തന്നെ എത്രമാത്രം നൊമ്പരപ്പെടുത്താറുണ്ടെന്ന് ആരാധകരുമായി പങ്കുവെക്കാറുണ്ട്. നന്ദനയുടെ അകാല വേർപാടിന്‍റെ പത്താം വർഷമാണിത്.
'നിന്‍റെ ജന്മം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. നിന്‍റെ ഓർമകൾ ഇന്നും നിധി പോലെ സൂക്ഷിക്കുന്നു. നിന്നെ ഞങ്ങൾ എത്രമാത്രം സ്േനഹിക്കുന്നുവെന്നത് വാക്കുകൾക്ക് അതീതമാണ്. നിന്‍റെ ഓർമകൾ എന്നെന്നേക്കും നിലനിൽക്കുന്നതിനായി ഞങ്ങളുടെ ഹൃദയത്തിൽ അത് കൊത്തിവച്ചിരിക്കുകയാണ്. ഒരുതവണ കൂടി, ഒരു നോക്ക് മാത്രമെങ്കിലും നിന്നെ കാണാൻ ഞങ്ങൾ കൊതിക്കുന്നു. നീ ഞങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് പറയാനും. പ്രിയപ്പെട്ടവളേ, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു' -മകളുടെ ചിത്രം പങ്കുവച്ച് ചിത്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ, 2011ൽ ദുബൈയിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.