ചെന്നൈ: അതിരുകളും സംസ്കാരങ്ങളും ഭാഷയുമെല്ലാം തെൻറ മാന്ത്രിക ശബ്ദത്തിൽ അലിയിച്ചു കളഞ്ഞ ആ അനുഗൃഹീത സ്വരധാര നിലച്ചു. തെക്കും വടക്കുമെന്ന ഭേദമില്ലാതെ രാജ്യം മുഴുവൻ പാട്ടിെൻറ പാലാഴിയൊരുക്കിയ സംഗീത മാന്ത്രികൻ എസ്.പി. ബാലസുബ്രഹ്മണ്യം ഒടുവിൽ മരണത്തിന് കീഴടങ്ങി. 'എസ്.പി.ബി' എന്ന ചുരുക്കപ്പേരിൽ ഇന്ത്യയുടെ മനസ്സുകീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി. ബാലസുബ്രഹ്മണ്യം ആരാധകരുടെയും സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാർഥനകൾ വിഫലമാക്കി അരങ്ങൊഴിയുന്നത് 74ാം വയസ്സിൽ.
സമയവും കാലവും കീഴടക്കിയ സ്വരമാധുരിയിൽ അര നൂറ്റാണ്ടിലേറെയായി കലാപ്രേമികളെ ആസ്വാദ്യതയുടെ ഉത്തുംഗതയിലെത്തിച്ച സംഗീത ചക്രവർത്തിയുടെ വിടവാങ്ങൽ രാജ്യത്തിെൻറ ദുഃഖമായി. കോവിഡ് ബാധിതനായി ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയറിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് ഉച്ചക്ക് 1.04നായിരുന്നു അന്ത്യം. മരണ വിവരം മകൻ എസ്.പി.ബി ചരൺ ആണ് മാധ്യമങ്ങളെ അറിയിച്ചത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചെന്നൈയിലെ വസതിയിൽ നടക്കും.
ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ഇന്ത്യൻ ചലച്ചിത്രഗാന രംഗത്തെ വിഖ്യാത ഗായകരിൽ ഒരാളായി തീരാൻ കഴിഞ്ഞതായിരുന്നു എസ്.പി.ബിയുടെ സവിശേഷത. ഗായകൻ എന്നതിനുപുറമെ സംഗീത സംവിധായകനും അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായി നിറഞ്ഞുനിന്നതായിരുന്നു ആ കലാജീവിതം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി 40,000ൽ അധികം പാട്ടുപാടി റെക്കോഡിട്ട അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ആറു തവണ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചത് അദ്ദേഹത്തിനാണ്.
ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനൊട്ടമ്മപേട്ട ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തില്‍ 1946 ജൂൺ നാലിനായിരുന്നു ജനനം. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് വി. സാംബമൂർത്തിയായിരുന്നു ആദ്യഗുരു. ഹാര്‍മോണിയവും ഓടക്കുഴലും വായിക്കാന്‍ പഠിപ്പിച്ചതും പിതാവ് തന്നെ. അമ്മ ശകുന്തളാമ്മ കഴിഞ്ഞ വർഷമാണ് അന്തരിച്ചത്.
മകൻ എൻജിനീയറാകണമെന്ന പിതാവിെൻറ ആഗ്രഹപ്രകാരം അനന്തപൂരിലെ ജെ.എൻ.ടി.യു എൻജിനീയറിങ് കോളജിൽ ചേർന്നെങ്കിലും ടൈഫോയിഡ് പിടിപെട്ടതോടെ പഠനം തുടരാനായില്ല. പിന്നീട് ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിൽ എസ്.പി.ബി പ്രവേശനം നേടി. അപ്പോഴും ബാലുവിെൻറ മനസ്സിൽ സംഗീതം തന്നെയായിരുന്നു. മദ്രാസ് കേന്ദ്രമാക്കി തെലുങ്ക് സാംസ്കാരിക സംഘടന നടത്തിയ സംഗീത മത്സരത്തിലെ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് അവസരങ്ങള്‍ തേടിയെത്തി.
1966ല്‍ റിലീസ് ചെയ്ത 'ശ്രീ ശ്രീശ്രീ മര്യാദരാമണ്ണ'യാണ് എസ്.പി.ബി പാടിയ ആദ്യ ചിത്രം. പിന്നീട് ഇതുവരെയായി 40,000നടുത്ത് ഗാനങ്ങള്‍ ആലപിച്ചു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാം പാടി. മലയാളത്തിൽ 60 ൽപരം സിനിമകളിലും പാടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിലും ഇടംപിടിച്ചു. 70 ൽപരം സിനിമകളിൽ വേഷവുമിട്ടു.
1979 ൽ 'ശങ്കരാഭരണം' എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനത്തിലൂടെ ആദ്യമായി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടി. 1981 (ഏക് ദുജെ കേലിയേ), 1983 (സാഗരസംഗമം- തെലുങ്ക്), 1988 (രുദ്രവീണ - തെലുങ്ക്), 1995 (സംഗീത സാഗര ഗണയോഗി പഞ്ചാക്ഷര ഗവായി - കന്നഡ), 1996 (മിൻസാര കനവ്) വർഷങ്ങളിലും ദേശീയ പുരസ്കാരത്തിന് എസ്.പി.ബി അർഹനായി. ആന്ധ്ര സർക്കാറിെൻറ നന്ദി പുരസ്കാരം എട്ടു തവണയും തമിഴ്നാട് സർക്കാറിെൻറ പുരസ്കാരം നാലു തവണയും കർണാടക സർക്കാറിെൻറ പുരസ്കാരം മൂന്നു തവണയും നേടി. 'മേ നേ പ്യാർ കിയാ' എന്ന ചിത്രത്തിലെ 'ദിൽ ദീവാനാ' എന്ന ഗാനത്തിന് ഫിലിംഫെയർ അവാർഡും കിട്ടി. സൗത്ത് ഇന്ത്യൻ ഇൻറർനാഷനൽ മൂവി അവാർഡ് (ലൈഫ് ടൈം) എന്നിവയും കിട്ടിയിട്ടുണ്ട്. ഇതിനു പുറമെ പുരസ്കാരങ്ങളുടെ നീണ്ട നിര തന്നെ അദ്ദേഹത്തിന് സ്വന്തമായി.
2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി രാജ്യം എസ്.പി.ബിയെ ആദരിച്ചു. തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകിയ അദ്ദേഹത്തിന് പൊട്ടി ശ്രീരാമലു യൂനിവേഴ്സിറ്റി, സത്യഭാമ യൂനിവേഴ്സിറ്റി, ആന്ധ്ര യൂനിവേഴ്സിറ്റി തുടങ്ങി നിരവധി സർവകലാശാലകൾ ഓണററി ഡോക്ടറേറ്റും നൽകി ആദരിച്ചു. സാവിത്രിയാണ് ഭാര്യ. പിന്നണി ഗായകരായ പല്ലവി, എസ്.പി.ബി ചരൺ എന്നിവരാണ് മക്കൾ. സഹോദരി എസ്.പി. ശൈലജ ഗായികയാണ്.
ആഗസ്റ്റ് അഞ്ചിനാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഉടൻ ആശുപത്രി വിടാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തൻെറ ഫേസ്ബുക്ക് പേജിൽ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ കണ്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇടയ്ക്ക് അതീവ ഗുരുതരനിലയിലായ ശേഷം സെപ്റ്റംബർ അഞ്ചിന് കോവിഡ് നെഗറ്റീവ് ആയി. തുടർന്ന് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിെൻറ സൂചനകളായിരുന്നു ആശുപത്രി അധികൃതർ നൽകിയിരുന്നത്. എന്നാൽ, മൂന്നു ദിവസം മുമ്പ് ആരോഗ്യസ്ഥിതി വീണ്ടും വഷളാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.