തിരുവനന്തപുരം: ഏഴ് സ്വരങ്ങൾകൊണ്ട് മലയാളിയുടെ ഹൃദയസരസ്സിൽ രാഗമാലിക തീർത്ത, കസ്തൂരി മണമുള്ള ഗാനങ്ങൾ മലയാള മണ്ണിന് സമ്മാനിച്ച ചന്ദ്രകാന്തത്തിന് ഇന്ന് ശതാഭിഷേകം. ശ്രീകുമാരൻ തമ്പി എന്ന ശുദ്ധസംഗീതത്തിന്റെ സുവർണസൂര്യന് മുന്നിൽ സാംസ്കാരിക ലോകവും ആയിരം പൂർണചന്ദ്രന്മാരും ഇന്ന് നമ്രശിരസ്കരാകും. കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16ന് ആലപ്പുഴ ഹരിപ്പാടാണ് ജനനം. എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹം 1965ൽ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗൺ പ്ലാനറായി സർക്കാർ സർവിസിൽ പ്രവേശിച്ചു. 1966ൽ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഗാനരചനയിൽ ഹരിശ്രീ കുറിച്ചു. ജോലിയിലിരുന്ന് കലാപ്രവർത്തനം നടക്കില്ലെന്ന് മേലധികാരികൾ അറിയിച്ചതോടെ 1966ൽ സർക്കാർ ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞു. സിനിമഗാനശാഖയിലേക്കുള്ള തമ്പിയുടെ വരവിനെ പലരും നിരുത്സാഹപ്പെടുത്തി. കുഞ്ഞേ, നീ ഇവിടെ വന്ന് എന്ത് ചെയ്യാനാണ്. സമയം കളയാതെ പോയി അറിയാവുന്ന പണി നോക്ക്. ഇവരെയൊക്കെ നിനക്ക് തൊടാൻ പറ്റോ -ജോലി ഉപേക്ഷിച്ചെത്തിയ തമ്പിയോട് ഒരിക്കൽ തോപ്പിൽ ഭാസി ചോദിച്ചു. തന്റേടിയായ ആ ചെറുപ്പക്കാരൻ മറുപടി പറഞ്ഞത് വാക്കുകൾ കൊണ്ടല്ല, അക്ഷരങ്ങൾ കൊണ്ടായിരുന്നു. എഴുതാൻ വൈകിയ ചിത്രകഥപോലെ മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ പിന്നീട് ആ തൂലികയിൽനിന്ന് അടർന്നുവീണു. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിയ അദ്ദേഹം വയലാറിനും പി. ഭാസ്കരനുമൊപ്പം മലയാള ചലച്ചിത്രഗാന ശാഖ ഭരിച്ചു. 1974ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ സീരിയൽ നിർമാതാവ് എന്നിങ്ങനെ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല.
‘ഇനി ഈ പുരുഷായുസ്സിൽ ഒന്നും ചെയ്യാനില്ല. ഈ നിമിഷം മരിച്ചാലും സന്തോഷം. നേടാനുള്ളതെല്ലാം നേടി. അർഹതപ്പെട്ട പലതും പലരും നിഷേധിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്കാരങ്ങളടക്കം. പക്ഷേ, അതിലൊന്നിലും ഇപ്പോൾ നിരാശയില്ല -പുള്ളിമുക്കിലെ കരിമ്പാലേത്ത് വീട്ടിലിരുന്ന് ശ്രീകുമാരൻ തമ്പി ‘മാധ്യമ’ത്തോട് പറഞ്ഞു.സിനിമയുടെ പശ്ചാത്തലത്തിൽ ഒരു നോവലെഴുതണം. പുലർച്ചെ രാത്രി രണ്ടുവരെ വായിക്കും. താമസിച്ച് എഴുന്നേൽക്കും. മകൻ മരിച്ചതിൽ പിന്നെ പിറന്നാളോ മറ്റ് ആഘോഷങ്ങളോ ഉണ്ടായിട്ടില്ലഎങ്കിലും ഇത്തവണ 84ാം പിറന്നാൾ പ്രമാണിച്ച് ശ്രീകുമാരൻ കമ്പി ഫൗണ്ടേഷനും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ശ്രീചിത്ര പുവർഹോമിൽ ചെറിയൊരു പരിപാടി സംഘടിപ്പിക്കുന്നുണ്ട്. അവിടുത്തെ കുട്ടികൾക്കൊപ്പമാണ് ഉച്ചഭക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.