തുരീയം സംഗീതോത്സവത്തിൽ സഞ്ജയ് സുബ്രഹ്മണ്യം കച്ചേരി അവതരിപ്പിക്കുന്നു

പയ്യന്നൂരിൽ പെയ്തിറങ്ങി 'തുരീയം' സർഗസംഗീതപ്പെരുമഴ

പയ്യന്നൂർ: മേടച്ചൂടിൽ പെയ്തിറങ്ങിയ വേനൽമഴയിൽ കുളിച്ച പയ്യന്നൂരിന്റെ സന്ധ്യക്ക് സർഗസംഗീത നനവുപകർന്ന് തുരീയം സംഗീതോത്സവത്തിന്റെ രാഗവിളക്ക് തെളിഞ്ഞു. മലയാളത്തിന്റെ പ്രിയ കഥാകാരൻ എം. മുകുന്ദൻ തിരിതെളിയിച്ചപ്പോൾ സംഗീതരാവിന്റെ നൂറ്റൊന്നുനാൾ എന്ന ചരിത്രത്തിനുകൂടിയാണ് ചരിത്രനഗരി സാക്ഷ്യം വഹിച്ചത്.


മഹാമാരിയിൽ പൊലിഞ്ഞ സംഗീതമേള രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് ഇക്കുറി തിരിച്ചെത്തിയത്. മുമ്പ് 61 ദിവസമായിരുന്നുവെങ്കിൽ ഈ വർഷം 101 ദിവസമാണ് മേള. കർണാടക സംഗീതത്തിലെ ഘനഗാംഭീര്യ ശബ്ദസാന്നിധ്യം സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ നാദപ്പെരുമഴയോടെയാണ് തുടക്കം.

കർണാടക സംഗീതത്തിലെ ജനപ്രിയവും അപൂർവവുമായ രാഗമഴയിൽ കുളിച്ച കച്ചേരിയെ വയലിനിലൂടെ പിന്തുടർന്ന എസ്. വരദരാജൻ മേളപ്പെരുക്കത്തിന് തിരികൊളുത്തി. മൃദംഗത്തിൽ നെയ്‍ലി വെങ്കിടേഷും ഘടത്തിൽ വിസ്മയം തീർത്ത തൃപ്പൂണിത്തുറ രാധാകൃഷ്ണനും കച്ചേരിയെ വിഭവസമൃദ്ധമാക്കി. ഉദ്ഘാടന വേദിയിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. അഡ്വ. ശശി വട്ടക്കൊവ്വൽ സംസാരിച്ചു.

പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന തുരീയം സംഗീതോത്സവത്തിന്റെ രണ്ടാംസന്ധ്യയായ തിങ്കളാഴ്ച ഹിന്ദുസ്ഥാനി സംഗീത കുലഗുരു പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ കച്ചേരി അരങ്ങേറും.

Tags:    
News Summary - Thureeyam Music Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.