കായംകുളം: സോഷ്യൽ മീഡിയ കാലത്തിന് മുമ്പ് വേദികളിലെ നിറസാന്നിധ്യമായിരുന്ന സംഗീതപ്രതിഭ ശ്രുതി നിലക്കാത്ത ഒാർമകളുമായി വള്ളികുന്നത്തെ വീട്ടിലുണ്ട്. വള്ളികുന്നം ഇലിപ്പക്കുളം കുന്നേൽ രോഹിണിയാണ് (68) പോയകാല പ്രതാപങ്ങളുടെ സംഗീത സ്മരണകളുമായി ജീവിക്കുന്നത്. ഇലിപ്പക്കുളം വട്ടക്കാട് ഗവ. സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കവെ 1966ൽ ഷൊർണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽനിന്ന് തുടങ്ങിയതുമുതൽ പ്രതാപം നിറഞ്ഞൊരു സംഗീതവഴിയാണ് ഇവർക്ക് പങ്കുവെക്കാനുള്ളത്.
അന്ന് ലളിതഗാനത്തിൽ സംസ്ഥാനത്തെ രണ്ടാംസ്ഥാനക്കാരിയായിരുന്നു. ഹാർമോണിസ്റ്റായിരുന്ന മൂത്ത സഹോദരി ദേവമ്മയുടെ പിന്തുണയിലാണ് രോഹിണി സംഗീതവഴിയിലേക്ക് തിരിഞ്ഞത്. പ്രശസ്ത കാഥികയായിരുന്ന വള്ളികുന്നം പുഷ്പവല്ലിയുടെ ഹാർമോണിസ്റ്റായിരുന്നു ദേവമ്മ. ഭർത്താവ് പറവൂർ വാസുദേവൻ തബലിസ്റ്റായും ഒപ്പമുണ്ടായിരുന്നു. കാഥിക സംഘത്തിൽ പിന്നണി ഗായികയായി കൂടിയ രോഹിണി സംഗീതത്തിൽ കൂടുതൽ അവഗാഹം നേടി.
കലാമണ്ഡലം ഗംഗാധരനുമായുണ്ടായ പരിചയം ഇന്ത്യൻ ഡാൻസ് അക്കാദമിയിലെത്തുന്നതിന് കാരണമായി. പിന്നീടുള്ള കാൽനൂറ്റാണ്ടുകാലം ഇവർക്കൊപ്പം രാജ്യത്തിനകത്തും പുറത്തുമായി നൂറുകണക്കിന് വേദികളിലെത്തി. മലയാളികളുള്ള നാടുകളിലെല്ലാം പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചതായി രോഹിണി പറയുന്നു. ജർമനി അടക്കം വിദേശരാജ്യങ്ങളിലും പര്യടനം നടത്തിയിരുന്നു. എം.എസ്. ബാബുരാജിെൻറ സംഗീതത്തിൽ പാടാൻ അവസരം ലഭിച്ചതാണ് ഭാഗ്യമായി ഇവർ കരുതുന്നത്. മാതാപിതാക്കളായ കൃഷ്ണനാചാരിയും കാർത്യായനിയമ്മയും ചെറുപ്പത്തിലെ മരിച്ചതിനാൽ കുടുംബത്തിെൻറ ഉത്തരവാദിത്തം രോഹിണിക്കായിരുന്നു.
ചുമതലകളുടെ ബാധ്യതകളിൽനിന്ന് മുക്തമായപ്പോഴേക്കും യൗവനം കടന്നിരുന്നതിനാൽ വിവാഹം കഴിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ഗാനമേളക്കാരും നാടകവും മിമിക്രിയുമൊക്കെ ഉത്സവ വേദികൾ കൈയടക്കിയ കാലത്ത് നൃത്തസംഘങ്ങളുടെ അവസരങ്ങൾ കുറഞ്ഞപ്പോഴാണ് വേദികളിൽനിന്ന് പിന്മാറിത്തുടങ്ങിയത്. കാൽനൂറ്റാണ്ടുകാലം അമരക്കാരിയായിരുന്ന കലാസമിതിയുടെ നേതൃത്വത്തിൽ 1998ൽ ആദിനാട് ശക്തികുളങ്ങര ക്ഷേത്രമൈതാനത്ത് 'രമണൻ' നൃത്ത രൂപത്തിൽ അവതരിപ്പിച്ചതാണ് അവസാന പരിപാടി.
ഗുരുതുല്യനായിരുന്ന കലാമണ്ഡലം ഗംഗാധരൻ മാസ്റ്ററുടെ ആഗ്രഹപ്രകാരമായിരുന്നു ഇത്. പരിപാടി തീരുന്ന സമയത്തുതന്നെ മാസ്റ്ററുടെ ജീവിതത്തിനും തിരശീല വീണിരുന്നു. ഇതിനുശേഷം പരിപാടികൾക്കായി എങ്ങും പോയിട്ടില്ലെന്ന് രോഹിണി പറയുന്നു. ഇടക്കാലത്ത് കുട്ടികൾക്ക് സംഗീത ക്ലാസ് എടുക്കുന്നതിൽ ശ്രദ്ധിച്ചു. 10 വർഷത്തോളം ചുനാട് എം.ഇ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻറലി ഹാൻറികാപ്ഡ് സ്കൂളിൽ മാനസിക വൈകല്യമുള്ള കുട്ടികളെ സംഗീതം പഠിപ്പിച്ച് മത്സരിപ്പിക്കുന്നതിലും താൽപര്യം കാട്ടി. ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചതോടെയാണ് ഒഴിവായത്. അവശകലാകാര പെൻഷനായി ലഭിക്കുന്ന 1500 രൂപ വരുമാനത്തിലാണ് ഇപ്പോൾ ജീവിതം തള്ളിനീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.