ആശുപത്രിയിൽ അമ്മയെ പരിചരിച്ചുകൊണ്ട് അവൻ ഗാനങ്ങൾ ഒരുക്കി; ബോംബെ ജയശ്രീയുടെ മകനെക്കുറിച്ച് വിനീത്

 ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം . സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ അമൃത് രാംനാഥിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ ബോംബെ ജയശ്രീയെ പരിചരിക്കുന്നതിനൊപ്പമാണ് അമൃത് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയതെന്നാണ് വിനീത് പറയുന്നത്. കൂടാതെ ചിത്രത്തിനായി ഒരു നാല് വരി ഗാനവും ബോംബെ ജയശ്രീ എഴുതിയിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.

' രണ്ടര വർഷത്തിന് ശേഷം  തിങ്ക് മ്യൂസിക്കിനൊപ്പം ഒരു ലിസണിങ് സെക്ഷനിൽ പങ്കെടുത്തു. കഴിഞ്ഞ തവണത്തെ പോലെ എല്ലാ ലൈറ്റും ഓഫ് ചെയ്തതിന് ശേഷം വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം കേട്ടു. പാട്ട് കേട്ടതിന് ശേഷം ലൈറ്റ് ഓൺ ചെയ്തപ്പോൾ തിങ്ക് മ്യൂസിക്കിലെ സന്തോഷിന്റേയും മഹേഷിന്റേയും മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. അവർ അമൃതിനെ കെട്ടിപ്പിടിച്ചതിന് ശേഷം' കുടുംബത്തിലേക്ക് സ്വാഗതം' എന്ന് പറഞ്ഞു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി അമൃത് കടന്നു പോയ വെല്ലുവിളി ഞാൻ നേരിട്ട് കണ്ടിരുന്നു. ഞങ്ങളുടെ ചിത്രമായ വർഷങ്ങൾക്ക് ശേഷത്തിലെ ആദ്യ മൂന്ന് ട്രാക്കുകൾ ആശുപത്രി മുറിയിൽ അമ്മ ബോംബെ ജയശ്രീയെ പരിചരിക്കുമ്പോൾ ചെയ്തതാണ്. ആശുപത്രി മുറിയിൽ മിനിസ്റ്റുഡിയോ ക്രമീകരിച്ച് മനസിൽ വരുന്ന മനോഹരമായ ഈണങ്ങൾ അമ്മക്ക് പാടികൊടുത്തതിന് ശേഷം എനിക്ക് അയക്കുമായിരുന്നു. അമൃത് അയച്ച രണ്ടാമത്ത് ഈണം കേട്ടപ്പോൾ ഇതിന് ജയശ്രീ മാം വരികൾ എഴുതിയാൽ മനോഹരമായിരിക്കുമെന്ന് തോന്നി. ഞാൻ പാട്ടിനെക്കുറിച്ച് അമൃതുമായി ചർച്ച ചെയ്തു, തൊട്ട് അടുത്ത ദിവസം മനോഹരമായ നാല് വരികൾ എനിക്ക് അയച്ചു തന്നു. അതുകണ്ട് എനിക്ക് രോമാഞ്ചം വന്നു. ബോംബെ ജയശ്രീ മാം എന്ന ഇതിഹാസത്തിന്റെ ഒരു നേർക്കാഴ്ചയാണ് എനിക്ക് ലഭിച്ചത്.


അമൃതിന് കാര്യങ്ങൾ അൽപം എളുപ്പമാകുന്നതുവരെ ജോലി നീട്ടിവെയ്ക്കണോയെന്ന് ഞാൻ പലതവണ ചോദിച്ചിരുന്നു. പക്ഷേ  അവന്റെ മറുപടി എപ്പോഴും ഒന്നുതന്നെയായിരുന്നു. 'വിനീത്, നിങ്ങളുടെ സിനിമക്ക് സംഗീതം നൽകുന്നത് ഞാൻ സ്വയം സുഖപ്പെടുത്തുന്നത് പോലെയാണ്' എന്നാണ് അവൻ പറഞ്ഞത്. എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല, വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് വേണ്ടി 25 കാരാൻ ചെയ്തത് ലോകത്തിന് മുന്നിൽ എത്തിക്കാൻ' -ചിത്രത്തിലെ ഗാനത്തെക്കുറിച്ച് വാചാലനായിക്കെണ്ട് വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം   നിർമിച്ചിരിക്കുന്നത് മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ്.   ഹൃദയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.  പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിൻ പോളിയും ചിത്രത്തിന്റെ ഭാഗമാണ്.

Full View


Tags:    
News Summary - Vineeth Sreenivasan on 'Varshangalkku Shesham's music, ‘can’t wait for the world to listen to what this 25 year old boy has done’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.