അമേരിക്കൻ മണ്ണിൽ എസ്.എസ്. രാജമൗലിയുടെ ആർ.ആർ.ആറിലെ നാട്ടു നാട്ടുവിലൂടെ വീണ്ടും ഓസ്കർ ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയപ്പോൾ തന്നെ നാട്ടു നാട്ടുവിന് ഓസ്കർ ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്നു പലരും. 35 വർഷമായി സംഗീത ലോകത്തുണ്ട് അദ്ദേഹം. നാട്ടു നാട്ടുവിന് സംഗീതമൊരുക്കിയ എം.എം. കീരവാണിയുടെ പ്രതിഭ എന്തെന്നറിയാൻ ബാഹുബലി എന്ന ഒറ്റ ചിത്രം മാത്രം മതി.
2015ൽ സംഗീതലോകത്ത് നിന്ന് വിട പറയാൻ കീരവാണി ആഗ്രഹിച്ചിരുന്നുവെന്ന് അടുത്തിടെ എ.ആർ. റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. ആർ.ആർ.ആറിൽ കീരവാണി ഒരുക്കിയ നാട്ടു നാട്ടുവിലൂടെ ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് ഓസ്കർ എത്തുമെന്നും അന്ന് എ.ആർ. റഹ്മാൻ പറഞ്ഞിരുന്നു. അത് സത്യമായിരിക്കുകയാണ്. അന്ന് കീരവാണി സിനിമ സംഗീതം ഉപേക്ഷിച്ചിരുന്നുവെങ്കിൽ നാട്ടു നാട്ടു എന്ന പാട്ട് ഉണ്ടാകുമായിരുന്നോ എന്ന കാര്യം സംശയമാണ്.
''2015ൽ കീരവാണി സംഗീത ലോകത്തു നിന്ന് വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ അപ്പോഴാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത്. മികച്ച കമ്പോസർ ആയിട്ടും തന്റെ വില അദ്ദേഹം മനസിലാക്കിയില്ല. അദ്ദേഹത്തെ ഇപ്പോൾ ലോകം ശ്രദ്ധിച്ചിരിക്കുകയാണ്. എന്റെ കുട്ടികളോട് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നതും അദ്ദേഹത്തിന്റെ കാര്യമാണ്. ഏതൊരാളും അവസാനിപ്പിക്കാൻ തുടങ്ങുന്ന ആ ഘട്ടത്തിലായിരിക്കും തന്റെ ജീവിതം തുടങ്ങുന്നതു തന്നെ''-എന്നാൽ റഹ്മാൻ പറഞ്ഞത്.
1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് കൊഡൂരി മരകതമണി കീരവാണിയെന്ന എം.എം.കീരവാണി ജനിച്ചത്. കെ.ചക്രവർത്തിയുടെ കീഴിലാണ് സിനിമയിൽ സംഗീതയാത്ര തുടങ്ങിയത്. വിവിധ ഭാഷകളിലായി 220ലേറെ ചിത്രങ്ങൾക്കു കീരവാണി ഈണമൊരുക്കി.
സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നിവയാണ് മലയാളത്തിൽ കീരവാണി ഈണമിട്ട പ്രധാന ചിത്രങ്ങള്‍. കെ.എസ് ചിത്രയും എസ്.ബി. ബാലസുബ്രഹ്മണ്യവുമായിരുന്നു ഇഷ്ടഗായകർ. കീരവാണിയുടെ അനന്തരവനാണ് രാജമൗലി. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം സംഗീതം കീരവാണിയായിരുന്നു. ഈ വർഷമാണ് കീരവാണിയെ പദ്മശ്രീ നൽകി രാജ്യം ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.