ഒരു കണ്ണനക്കം കൊണ്ട്, പുരികം മെല്ലെയൊന്ന് വളച്ചുകൊണ്ട് അഭിനയത്തിൽ മാസ്മരിക ഭാവങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ സിനിമാപ്രേമികളെ ആദ്യമായി കാണിച്ചുകൊടുത്ത നടനാണ് ദിലീപ് കുമാർ. ഇന്ത്യൻ സിനിമയിലെ ഒരേയൊരു രാജകുമാരൻ. ബോളിവുഡിന്‍റെ താരസിംഹാസത്തിൽ താരരാജാക്കന്മാർ മാറിമാറി ഇരുന്നെങ്കിലും എല്ലാവരിലും ഒരു ദിലീപ് കുമാർ ആവേശിച്ചിരുന്നു എന്നത് മറ്റൊരു സത്യം. പിൽക്കാലത്ത് ഹിന്ദി സിനിമയിൽ ഉയർന്നുവന്ന പല താരങ്ങളും അത് ശരിവെച്ചിട്ടുണ്ട്. തന്നിൽ ദിലീപ് കുമാർ എത്രയോ ആവേശിച്ചിരിക്കുന്നു എന്ന് അമിതാഭ് ബച്ചൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. വെട്ടിത്തിളങ്ങുന്ന ദിലിപ് കുമാറിലെ തിളക്കം അൽപം കട്ടെടുത്താണ് തെൻറ അഭിനയമോഹങ്ങൾക്ക് തിരികൊളുത്തിയതെന്ന ധർമേന്ദ്രയുടെ വാക്കുകൾ മറ്റൊരു സാക്ഷ്യപത്രം. നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ച താരരാജാക്കന്മാർക്ക് മുകളിൽ വെറും 65 സിനിമകളിൽ മാത്രം അഭിനയിച്ച ഇൗ രാജകുമാരൻ സിംഹാസനമിട്ട് ഇരിക്കുന്നത് അതുകൊണ്ടു തന്നെയാണ്. ദിലിപ് കുമാറിന് മുമ്പും ശേഷവും എന്ന വിധം ബോളിവുഡിന്‍റെ ചരിത്രം മനസ്സിൽ രേഖപ്പെടുത്തിയിട്ടുള്ളവർ എത്രയെത്രയോ.
പാകിസ്താനിലെ പെഷാവറിൽ ഫ്രൂട്ട്സ് വ്യാപാരിയായിരുന്ന ലാലാ ഗുലാം സർവർഖാെൻറയും അയേഷ ബീഗത്തിെൻറയും 12 മക്കളിൽ ഒരാളായി 1922 ഡിസംബർ 11ന് ജനിച്ച മുഹമ്മദ് യൂസുഫ് ഖാൻ എന്ന ദിലീപ് കുമാർ സിനിമയുടെ ലോകത്തെത്തിയതും മറ്റൊരു സിനിമക്കഥ. ഉന്നത കുടുംബങ്ങളിലെ മക്കൾ സിനിമാലോകത്ത് എത്തുന്നതിനെ എന്നും എതിർത്തിരുന്ന ആളാണ് പിതാവ് സർവർ ഖാൻ. പക്ഷേ, അദ്ദേഹത്തിന്‍റെ മകൻ യൂസുഫ് ഖാന് കാലത്തിന്‍റെ തിരക്കഥ ഒരുക്കിവെച്ചിരുന്നത് അതുല്യനായ ഒരു നടന്‍റെ വേഷം ആയിരുന്നു.
നാസിക്കിലെ ദേവ് ലാലിയിൽ വളർന്ന യൂസുഫ് ഖാൻ 1943ലാണ് പിതാവുമായി പിണങ്ങി ആദ്യം പൂണെയിലും പിന്നീട് മുംബൈയിലും എത്തുന്നത്. ജോലി തേടിയുള്ള ആ യാത്ര ചെന്നവസാനിച്ചത് ദേവിക റാണിയുടെ ബോംബെ ടാക്കീസിൽ. പ്രതിമാസം 1250 രൂപയായിരുന്നു ശമ്പളം. അന്ന് വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന നാസിക്കിലെ തന്‍റെ കളിക്കൂട്ടുകാരനായിരുന്ന രാജ് കപൂറിനേക്കാൾ കൂടിയ ശമ്പളം. യൂസുഫ് ഖാനിലെ നടനെ തിരിച്ചറിഞ്ഞ ദേവിക റാണിയാണ് അദ്ദേഹത്തെ ദിലിപ് കുമാർ ആക്കി 1944ൽ 'ജ്വാർ ഭട്ട' എന്ന സിനിമയിലെ നായകനാക്കിയത്. പിന്നെയെല്ലാം ചരിത്രം.
കട്ടിൽ കച്ചവടക്കാരനാകാൻ പുറപ്പെട്ട് താരസിംഹാസനത്തിലേക്ക്
താനൊരു യാദൃശ്ചിക നടൻ ആണെന്ന് ദിലീപ് കുമാർ തന്നെ പറയുന്നത് വെറുതേയായിരുന്നില്ല. ജോലി തേടിയുള്ള അലച്ചിലിനിടെ സൈനികരുടെ ക്യാമ്പിൽ കട്ടിലുകൾ വിതരണം ചെയ്യുന്ന ഒരു ബിസിനസുകാരനെ കാണാൻ നടത്തിയ യാത്രയാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിൽ വഴിത്തിരിവായത്. ദാദറിലേക്ക് പോകാനായി ചർച്ച് ഗേറ്റ് സ്റ്റേഷനിൽ നിൽക്കുേമ്പാളാണ് അദ്ദേഹം മനഃശാസ്ത്രജ്ഞനായ ഡോ. മസാനിയെ കണ്ടത്. വിൽസൺ കോളജിൽ പഠിക്കുന്ന കാലത്ത് അവിടെ പ്രഭാഷണത്തിനു വന്നിരുന്ന മസാനിയുമായി ദിലീപ് പരിചയം പുതുക്കി. ബോംബെ നഗരത്തിെൻറ പടിഞ്ഞാറൻ പ്രാന്തത്തിലുള്ള മലാഡിലെ ബോംബെ ടാകീസ് സ്റ്റുഡിയോയിലേക്കായിരുന്നു മസാനിക്ക് പോകേണ്ടിയിരുന്നത്. തെൻറ കൂടെ വന്ന് ബോംബെ ടാകീസിൽ ജോലി അന്വേഷിക്കാമെന്ന മസാനിയുടെ നിർദേശം സ്വീകരിച്ചാണ് കട്ടിൽ കച്ചവടം ഉപേക്ഷിച്ച് ദിലീപ് താരസിംഹാസനത്തിലേക്കുള്ള യാത്ര തുടങ്ങിയത്.
ബോംബെ ടാകീസിലെത്തുേമ്പാളാണ് ദിലീപ് ആദ്യമായി സ്റ്റുഡിയോ എന്ന അതിശയം കാണുന്നത്. ഹിമാൻഷു റായിയുടെ മരണത്തിനു ശേഷം ബോംബെ ടാകീസിെൻറ ചുമതല അദ്ദേഹത്തിെൻറ പത്നിയും താരറാണിയുമായ ദേവിക റാണിക്കായിരുന്നു. സുന്ദരനായ ദിലീപിലെ നടനെ ആദ്യ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ ദേവിക റാണി മാസം 1250 രൂപ പ്രതിഫലത്തിൽ അഭിനയിക്കാനായി ക്ഷണിക്കുകയായിരുന്നു. താനിതുവരെ ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും സൈനികർക്കായി പ്രദർശിപ്പിച്ച ഒരു ഡോക്യുമെൻററി കണ്ടതു മാത്രമാണ് ആകെയുള്ള ചലച്ചിത്രാനുഭവമെന്നും ദിലീപ് തുറന്നുപറഞ്ഞു. 'പഴക്കച്ചവടത്തിനായി അനുഭവിച്ച കഷ്ടപ്പാട് സിനിമയിലും മതി നല്ലൊരു നടനാകാൻ...' എന്നായിരുന്നു ദേവിക റാണിയുടെ മറുപടി. അങ്ങിനെ 1944ൽ 'ജ്വാർ ഭട്ട' പിറന്നു. പിന്നെ ദേവദാസ്, നയാ ദോര്‍, മുഗളെ ആസം, ഗംഗജമുന, അന്താസ്, ബാബുല്‍, ക്രാന്തി, ദീദാര്‍, വിധാത, സൗദാഗര്‍, കര്‍മ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ നഷ്ടപ്രണയങ്ങളുടെ രാജകുമാരനിൽനിന്ന് അഭിനയത്തിെൻറ പാഠശാലവരെയായി മാറി ഈ അതുല്യപ്രതിഭ.
പ്രേക്ഷകരെ കണ്ണു നനയിപ്പിക്കുന്ന ഗൗരവമേറിയ, ദുരന്ത കഥാപാത്രങ്ങളെ ആയിരുന്നു ആദ്യം വെള്ളിത്തിരയിൽ ദിലീപ് കുമാർ സാക്ഷാത്കരിച്ചത്. ദുരന്ത കഥാപാത്രങ്ങളെ തുടരെ സാക്ഷാത്കരിച്ച് സ്വയം വിഷാദ വക്കിലുമെത്തി ഒരിക്കൽ അദ്ദേഹം. പേരും പ്രശസ്തിയുമായി കരിയറിലെ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. സിനിമയില്‍ അവതരിപ്പിച്ച പല കഥാപാത്രങ്ങളും മനസ്സിന്‍റെ പടിയിറങ്ങി പോകാത്തതായിരുന്നു അദ്ദേഹത്തിന്‍റെ പ്രശ്‌നം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ദുരന്തനായക കഥാപാത്രങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ദിലീപ് തീരുമാനിച്ചു. 1976ല്‍ പുറത്തിറങ്ങിയ ബൈരാഗ് എന്ന സിനിമക്ക് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയെടുത്തു ദിലീപ് കുമാർ. 19981ൽ മനോജ് കുമാറിന്‍റെ 'ക്രാന്തി'യിലൂടെയായിരുന്നു മടങ്ങി വരവ്. വലിയ താരനിരയുണ്ടായിരുന്ന ക്രാന്തി ഗംഭീര വിജയമായിരുന്നു. പിന്നീട് ശക്തി (1982), മഷാൽ (1984), കർമ (1986), സൗദാഗർ (1991) എന്നീ സിനിമകൾ. ഏഴ് വർഷത്തെ ഇടവേളക്കുശേഷം 1998ൽ ഉമേഷ് മെഹ്‌റയുടെ 'കില'യോടെ അഭിനയരംഗത്തുനിന്ന് എന്നന്നേക്കുമായി അദ്ദേഹം വിടപറയുകയും ചെയ്തു.
മികച്ച നടനുള്ള ഫിലിം െഫയർ അവാർഡ് നേടുന്ന ആദ്യതാരമാണ് ദിലീപ് കുമാർ. 'ദാഗി'ലെ അഭിനയത്തിനായിരുന്നു അത്. പിന്നീട് ഏഴ് തവണ കൂടി അദ്ദേഹത്തെ തേടി ഫിലിം ഫെയർ അവാർഡെത്തി. വൈജയന്തിമാല, മധുബാല, നർഗീസ്, മീന കുമാരി, കാമിനി കൗശാൽ, സനൊ ബാനു തുടങ്ങിയവർക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ അഭിനയം ആരാധകരെ ഹരം കൊള്ളിച്ചു. ഇതിൽ പലരുമായും ബന്ധപ്പെടുത്തി അദ്ദേഹത്തിന്‍റെ പേരിൽ പ്രണയകഥകൾ ഇറങ്ങിയെങ്കിലും സൈറാ ബാനുവിനെ അദ്ദേഹം ജീവിതസഖിയാക്കുകയും ചെയ്തു. 1950കളിൽ ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ആദ്യ താരമായി അദ്ദേഹം മാറി.
ഇന്ത്യൻ സിനിമയിലെ മാർലൺ ബ്രാൻഡോ എന്നാണ് ദിലീപ് കുമാർ വിശേഷിപ്പിക്കപ്പെടുന്നത്. മെതേഡ് ആക്ടിങ്ങിന്റെ കുലപതിയായി അറിയപ്പെടുന്ന മാർലൺ ബ്രാൻഡോയുടെ അഭിനയത്തോടാണ് ദിലീപ് കുമാറിന്‍റെ അഭിനയവും താരതമ്യപ്പെടുത്തിയിരുന്നത്. എന്നാൽ, ബ്രാൻഡോക്കും മുമ്പുതന്നെ മെതേഡ് ആക്ടിങ് അവതരിപ്പിച്ചത് ദിലീപ് കുമാർ തന്നെയാണെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഭിനയകളരികളിൽ നിന്ന് ആർജിച്ചെടുത്തതായിരുന്നില്ല ദിലീപ് കുമാറിലെ നടനവൈഭവം. സ്വഭാവികമായി അദ്ദേഹത്തിൽ രൂപംകൊണ്ടതായിരുന്നു. മിലനിലെ രമേശും ഷഹീദിലെ റാമും ദേവദാസും കടന്ന് മുഗളെ അസമിലെ സലിം രാജകുമാരനിലെത്തുമ്പോൾ ദിലീപിലെ നടൻ തേന്റതായ ശൈലിയുടെ പേറ്റന്‍റ് സ്വന്തമാക്കിയിരുന്നു. നഷ്ടപ്രണയങ്ങളുടെ നിരാശ പേറുന്ന കാമുകെൻറ സ്ഥിരം ചുറ്റുവട്ടങ്ങളിൽ തറഞ്ഞുകിടക്കാതെ അഭിനയത്തിെൻറ നാനാമുഖങ്ങളെ വെള്ളിത്തിരയിലേക്ക് പണിക്കുറ്റം തീർത്ത് പ്രതിഷ്ഠിച്ച നടനശിൽപ്പിയായിരുന്നു ദിലീപ് കുമാർ എന്ന ചലച്ചിത്ര ഇതിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.